തോറ്റിട്ടില്ല തോറ്റിട്ടില്ല

By Rono Thomas [ ECE ]

കോളേജിൽ SFIയുടെ സമരം നടക്കുന്നു. പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ ഘൊരാവോ ചെയ്തു വെച്ചിരിക്കുകയാണ്. സമരക്കാരും ജൂനിയര്‍ ബാച്ചിലെ KSU പിള്ളേരുമായി ചെറിയ എന്തോ കശപിശ നടക്കുന്നു. മൊത്തത്തിൽ സംഘര്‍ഷഭരിതമായ അന്തരീക്ഷം. 

കോളേജിലെ അന്തരീക്ഷം കലുഷിതമാണെന്ന വാര്‍ത്ത ബോവിക്കാനത്ത് എത്തുന്നു. എങ്കില്‍ കോളേജില് പോയിക്കളയാമെന്നൊരു ചിന്ത. ഇപ്പോഴത്തെ പ്രശ്നം ബസ്സ് കാശില്ല എന്നതാണു. കയ്യില്‍ കാശില്ലെങ്കില്‍ ഖാദറിന്‍റെ ജീപ്പാണ് ആശ്രയം. ഖാദര്‍ വന്നു, ജീപ്പ് നിറയെ ആള് കേറി, ബാക്കിയായവര്‍ ജീപ്പിന് പുറത്ത് തൂങ്ങി നിന്നു. ആരാണ് ഒരു അടി കാണുന്നത് ഇഷ്ടപ്പെടാത്തത്! 

SFIക്കാരുടെ സമരപ്പന്തലിന് നേരെ മുന്നില്‍, നല്ല സ്റ്റയിലായി ഒരു വട്ടം കറക്കി, ഖാദര്‍ ജീപ്പ് നിര്‍ത്തി. ഖാദറിലെ ലീഗുകാരന് കുറച്ചാശ്വാസം കിട്ടിക്കാണും. അട്ടിയിട്ടു വെച്ചിരുന്ന ഘടാഘടിയന്മാരായ ഒരു ഡസന്‍ ബോവിക്കാനികള്‍ ജീപ്പില്‍ നിന്നിറങ്ങി. പെട്ടെന്നതു വരെ പതറി നിന്നിരുന്ന KSU പിള്ളേരുടെ നെഞ്ച് വിരിഞ്ഞു. “മച്ചാന്മാരെത്തി ഇനി വല്ലതും നടക്കും“ അവര്‍ കുശുകുശുത്തു. ദിഗന്തങ്ങള്‍ പൊട്ടുമാറും മുഴങ്ങിക്കൊണ്ടിരുന്ന മുദ്രാവാഖ്യം മ്യൂട്ടായി. എങ്ങും ശ്മശാന മൂകത…. 

ജൂനിയര്‍ ബാച്ചിലെ KSU പിള്ളേര്‍ ഓടി ജീപ്പിനടുത്തേക്ക് വന്നു. അവര്‍ തല്ലാനല്ല വരുന്നതെന്ന് തോന്നിയതു കൊണ്ട്, ഭാഗ്യത്തിന് ആരും തിരിഞ്ഞോടിയില്ല. “ചേട്ടന്മാരെ സഹായിക്കണം, ഈ സമരം പൊളിക്കണം, നിങ്ങള്‍ക്കേ അതിനു കഴിയൂ”. ആടേത് ആട്ടിന്‍ക്കാട്ടമേതു എന്നൊന്നും അറിയില്ലെങ്കിലും, “നിങ്ങളാണ് ടോപ്പെ”ന്ന് ആരെങ്കിലും പറഞ്ഞാലതു നിഷേധിക്കാന്‍ അബിക്ക് കഴിയുമായിരുന്നില്ല. പിള്ളേര് പറഞ്ഞത് തലയാട്ടി കേട്ടുകൊണ്ട് അബി ഖാദറിന്റെ ബീഡിയെടുത്ത് കത്തിച്ചു, പുകച്ചുരുള്‍ സമരപന്തലിന് നേരെയൂതി. പഴയ ആര്‍ജ്ജവമില്ലെങ്കിലും മുദ്രാവാക്യം വീണ്ടും മുഴങ്ങിത്തുടങ്ങി.

ഖാദര്‍ നീട്ടി രണ്ടു ഹോണടിച്ചു, കാശിനാണെന്ന് മനസിലായി. ജൂനിയര്‍ പിള്ളേരോടു ആ കാശ് കൊടുത്തേക്കാന്‍ അബി കണ്ണുകൊണ്ടു ഉത്തരവിട്ടു. പാവം പിള്ളേര് പിരിവിട്ടും, ബാക്കി കടം പറഞ്ഞു ഖാദറിനെ പറഞ്ഞുവിട്ടു. അങ്ങിനെ ഖാദറെന്ന പ്രശ്നം ഒഴിവായി, ഇനിയെന്തെന്ന മട്ടില്‍ എല്ലാവരും അബിയെ നോക്കി, അബി ആകാശത്തേക്ക് നോക്കി. മുദ്രാവാക്യത്തിന്‍റെ ശക്തിയാണെങ്കില്‍ കൂടിക്കൂടി വരുന്നു. KSU പിള്ളേര്‍ ആരാധനയോടെ ആടുത്ത രംഗത്തിനായി കാത്തിരിക്കുകയാണ്. ജൂനിയര്‍ ബാച്ചിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ വരാന്തയില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അബിക്കു തലകറങ്ങി, കൂടെയുള്ളവര്‍ പല്ലിറുമ്മുന്ന ശബ്ദം അവന് കേള്‍ക്കാം. 

തിരിച്ചു പോവുകയായിരുന്ന ഖാദറിന്‍റെ ജീപ്പ് പെട്ടെന്നു നിര്‍ത്തി. അതിന്‍റെ പുറകില്‍ നിന്നും പടുതയുയര്‍ത്തി ജിജോ ഇറങ്ങി. ഇവനതില്‍ കിടന്ന് ഉറങ്ങുകയായിരുന്നോ! ഞങ്ങളുടെ കൂട്ടത്തില്‍ അന്നേറ്റവും കണ്ടാല്‍ ഭീകരന്‍ ജിജോവാണു. അവനേക്കാള്‍ തൂക്കവും നീളവും ഒക്കെയുള്ളവര്‍ കൂട്ടത്തില്‍ വേറെയുണ്ട്. പക്ഷെ ഒരു ബലാല്‍സംഘിയുടെ ലക്ഷണങ്ങള്‍ ഒക്കെ ഒത്തുചേര്‍ന്ന പുരുഷശരീരം ജിജോയുടേതാണ്. കാരിരുമ്പ് പോലത്തെ ശരീരവും(ഷര്‍ട്ട് അഴിച്ചില്ലെങ്കില്‍) , ഉറച്ച കാല്‍വെപ്പുകളും (റം കുടിച്ചിട്ടില്ലെങ്കില്‍) ആണ് അവന്‍റെതു. ഞങ്ങള്‍ കുറേപ്പേര്‍ അവിടെ കൂടി നില്‍ക്കുന്നതിന് പുല്ലുവില പോലും കൊടുക്കാതെ ജിജോ ഒറ്റയ്ക്ക് സമര പന്തലിനെ ലക്ഷ്യമാക്കി നടന്നു 

മുദ്രാവാക്യം ശക്തിയാര്‍ജ്ജിച്ചു. ഞങ്ങളുടെ കൂടെ നിന്നിരുന്ന KSU പിള്ളേര്‍ ഞങ്ങളെ ഉപേക്ഷിച്ച് ജിജോയുടെ പുറകില്‍ അണിനിരന്നു. പണി പാളിയെന്ന് ഞങ്ങള്‍ക്ക് മനസിലായി, പക്ഷെ എന്ത് ചെയ്യാന്‍ പറ്റും! ഞങ്ങള്‍ ജിജോയുടെ അടുത്തേക്ക് ഓടിച്ചെന്നു. അബ്രഹാം ജിജോയുടെ കൈപിടിച്ചു നിര്‍ത്താന്‍ നോക്കി. ജിജോ അവനെ തട്ടിമാറ്റി മുന്നോട്ടു തന്നെ നീങ്ങി. മുദ്രാവാക്യം നിലച്ചു, പന്തലില്‍ ഇരുന്നിരുന്നവര്‍ പതുക്കെ എണീറ്റു. കൂടെയുണ്ടായ KSU പിള്ളേര്‍ ഇപ്പോള്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങി. 

സമരപ്പന്തലിന് തൊട്ടുമുന്നില്‍ എത്തിയപ്പോള്‍ ജിജോയുടെ പുറകില്‍ വന്നവര്‍ നിരന്നു നിന്നു മുദ്രാവാക്യം വിളിച്ചു. എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍, ഏതു സമയത്തും അടി പൊട്ടാം. ജിജോ അവിടെയും നിന്നില്ല, വീണ്ടും മുന്നോട്ടു തന്നെ. പന്തലിന്‍റെ സൈഡിൽ കൂടി നടന്നു വരാന്തയില്‍ കയറി അവിടെയുള്ള കൂളറില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചു. അടിയില്‍ നിന്നും ജിജോയെ എങ്ങിനെ സംരക്ഷിക്കാമെന്ന തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ഞങ്ങളുടെ അടുത്തേക്ക് വെള്ളം കുടിച്ച ജിജോ കൂളായി മടങ്ങി വന്നു. 

അബ്രഹാം: നീ എന്ത് പണിയാണ് കാണിച്ചത്! 

ജിജോ: ഞാനെന്ത് പണി കാണിച്ചു? ദാഹിച്ചു വരണ്ടപ്പോള്‍ കുറച്ചു വെള്ളം കുടിച്ചതോ! 

ചിരിയല്ല വന്നതു, ആശ്വാസമായിരുന്നു. ബാൽക്കണിയില്‍ നിന്ന ജനക്കൂട്ടം നിരാശരായി മടങ്ങി. പന്തലിന് മുന്നില്‍ നിന്നു മുദ്രാവാക്യം വിളിച്ച KSU കുട്ടികള്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷരായി. പൂര്‍വ്വാധികം ശക്തിയോടെ  SFIക്കാര്‍ മുദ്രാവാക്യം മുഴക്കി 


4 Comments

  1. ഇതിലെ ഓരോ വരികളും നടന്നത് ആണ്.. പക്ഷെ ഓടിയില്ല

  2. ഇതൊന്നു കാണാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം 😁😁

Comments are closed.