അനാമിക

എൻ്റെ മാത്രം നിനക്ക്,

ഈ വിളി ആയിരുന്നു നീ എന്നും എൻ്റെ കത്തുകളിൽ ആഗ്രഹിച്ചിരുന്നത്. അല്ലേ? പക്ഷേ, ഇന്ന് നീ എൻ്റേതല്ല. എന്നാലും തിരുത്തി എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

നീ എൻ്റേതല്ലാതായതിനു ശേഷം ആദ്യമായാണ് നിനക്ക് ഞാൻ എഴുതുന്നത്. ഉച്ഛരിച്ച് അശുദ്ധമാക്കാൻ ഇഷ്ട്ടപ്പെടാത്ത വാക്ക് പോലെ എൻ്റെ മനസ്സിൽ ചേർത്തു വച്ചതായിരുന്നു നിൻ്റെ പേര്. എന്നിട്ടും….എവിടെയാണ് നമുക്ക് തെറ്റിയത്. ആർക്കു വേണ്ടിയാണ് നമ്മൾ നമ്മളല്ലാതായത്. വർഷങ്ങൾ കഴിയുമ്പോൾ പഴയതൊക്കെ മറക്കും എന്ന് എല്ലാവരും പറഞ്ഞു. നീ മറന്നോ എന്നെ?

ഇല്ലെന്നെനിക്കറിയാം. ആ മനസ്സ് ഞാൻ അറിഞ്ഞതല്ലേ?കാതങ്ങൾക്ക് ഇപ്പുറത്ത് നിന്ന്  ഇന്നും ഞാനതറിയുന്നുണ്ട്. കാണാതെ കാണാതെ കാത്തിരുന്ന് കാണുമ്പോൾ നീ എൻ്റെ മുഖത്തേക്ക് നോക്കാറേയില്ല. പിന്നീട് അതിനുള്ള കാരണവും നീ തന്നെ പറഞ്ഞു. നിനക്ക് എൻ്റെ മുഖത്ത് നോക്കിയിരുന്നാൽ കണ്ണീരു വരുമെന്ന്. 

പ്രതിബദ്ധങ്ങൾ ഏറെ  ഉണ്ടായതു കൊണ്ടാകാം നമ്മുടെ പ്രണയം കൂടുതൽ ആഴ്ന്നിറങ്ങിയത്. പ്രണയത്തിൻ്റെ പേരിൽ നമ്മൾ അനുഭവിച്ച യാതനകൾ ഏറെയാണ്. കൊഴിച്ച കണ്ണുനീർ ഏറെയാണ്. പിന്നെ പിന്നെ ഞാൻ കരയുന്നത് നിനക്ക് വേണ്ടി മാത്രമായി. എത്രയൊക്കെ ഓർമ്മകളെ മാറ്റി നിർത്തിയാലും, പകലുകളിൽ തിരക്കിലൊളിക്കാൻ ശ്രമിച്ചാലും,  സ്വപ്നത്തിൽ വന്ന് ,എന്നെ നീ പിന്തുടരുമായിരുന്നു. നിന്നിൽ നിന്ന് എനിക്ക് മോചനമില്ല. ചിലപ്പോൾ തോന്നും, സ്വന്തമാക്കിയിരുന്നെങ്കിൽ ഞാൻ ഇത്രയേറെ നിന്നെ സ്നേഹിക്കില്ലായിരുന്നു എന്ന്. വിരഹത്തിനല്ലേ പ്രേമത്തിൻ്റെ ആഴം അളക്കാനാകൂ. 

നമ്മൾ ഇനി എന്നെങ്കിലും കണ്ടുമുട്ടുമോ? അങ്ങനെ കാണുമ്പോൾ എന്നോട് പറയാൻ എന്തെങ്കിലും നീ കരുതി വെച്ചിട്ടുണ്ടോ? എനിക്കുണ്ട് ഏറെ പറയാൻ. ഇതുവരെ പറയാൻ കഴിയാത്ത എന്തൊക്കെയോ.

അടുത്ത ജന്മത്തിലും, ഞാനും നീയും പ്രണയിച്ച് പിരിയാൻ തന്നെ വിധിക്കപ്പെട്ടാൽ , അങ്ങനെയൊരു ജന്മം ഇനി നീ സ്വീകരിക്കുമോ?ഞാൻ സ്വീകരിക്കും.

കാരണം നിന്നെ ‘പ്രണയിക്കുക’ എന്നതാണ് ഞാൻ.നീയാണ് എൻ്റെ ജീവൻ. നീയാണ് എൻ്റെ ജീവിതം.

നിൻ്റെ മാത്രം 

അനാമിക❤️