ഔട്ട് ഓഫ് സിലബസ് പാഠങ്ങള്‍

Teachers

Ajith Tom James [MECH]

പൂർവ്വ വിദ്യാർഥി സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാസികക്കു വേണ്ടി ഒരു കുറിപ്പ് എഴുതണമെന്നു ആവശ്യപ്പെട്ടപ്പോള്‍, അദ്ധ്യാപകനായ ഞാന്‍ അദ്ധ്യാപകരെ കുറിച്ച് തന്നെ എഴുതാമെന്നു കരുതി. LBS കോളേജിലെ അദ്ധ്യാപകരുമായുള്ള എന്‍റെ അനുഭവങ്ങള്‍, നിങ്ങള്‍ക്ക് നമ്മുടെ മാസികയില്‍ വായിക്കാം. ഇവിടെ എഴുതുന്നതു എന്നെ സ്വാധീനിച്ച മറ്റു ചില അദ്ധ്യാപകരെ കുറിച്ചാണ്. അവര്‍ പഠിപ്പിച്ചു തന്ന, പാഠപുസ്തകത്തിനു പുറത്തുള്ള അമൂല്യമായ പാഠങ്ങളെ കുറിച്ചാണ്. 

കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷങ്ങളായി അദ്ധ്യാപകനായി ഞാന്‍ ജോലി ചെയ്യുന്നു. വല്ല്യപ്പച്ചന്‍ ജീവിച്ചിരിക്കുമ്പോഴാണ് അദ്ധ്യാപകവൃത്തി ആരംഭിക്കുന്നതു. അധ്യാപകനായി ജോലി ലഭിച്ചപ്പോള്‍, വല്ല്യപ്പച്ചന്‍റെ അനുഗ്രഹം വാങ്ങിക്കാനായി പോയതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു. വല്യപ്പച്ചന്‍ ഇന്നില്ല. നാട്ടില്‍ എല്ലാവരും ആദരിക്കുന്ന, പരിചയസമ്പന്നനായ അദ്ധ്യാപകനായിരുന്നു എന്‍റെ വല്ല്യച്ചപ്പന്‍. തലയില്‍ കൈവെച്ചു വല്ല്യപ്പച്ചന്‍ അന്നെന്നോട് പറഞ്ഞതു, “തീര്‍ച്ചയായും ഈ തൊഴില്‍ നിന്നെ സമ്പന്നനാക്കും, അളവറ്റ ശിഷ്യസമ്പത്ത് നീയുണ്ടാക്കും”. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, ലോകത്തിന്‍റെ എല്ലാ ഭാഗത്തും എന്‍റെ വിദ്യാര്‍ഥികളുണ്ട്. അവരില്‍ പലരും ഇന്ന് അദ്ധ്യാപകരാണ്.

അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും ഞാനെന്‍റെ വിദ്യാഭ്യാസം തുടര്‍ന്നു. MTech ചെയ്തതു ഗുജറാത്തിലെ ഏറ്റവും പുരാതനമായ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നാണ്. MTechനു ഫൈനല്‍ പ്രൊജക്റ്റ് സബ്മിഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രൊഫസർ സുക്‌ദേവ് പാണ്ഢ്യ എന്ന പ്രഗല്‍ഭനായ അദ്ധ്യാപകന്‍റെ കീഴിലായിരുന്നു പ്രൊജക്റ്റ് ചെയ്തതു. അദ്ദേഹത്തിന്‍റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശപ്രകാരം നല്ല രീതിയില്‍ ഫൈനല്‍ പ്രൊജക്റ്റ് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഡീൻ ഓഫ് അക്കാഡമി, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഏതാണ്ടെല്ലാ വിദ്യാർത്ഥികളുടെയും തീസിസ് നീട്ടിക്കൊണ്ടുപോയി. നിസ്സാരമായ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു, ഫൈനല്‍ സബ്മിഷന്‍ വൈകിച്ചു കൊണ്ടേയിരുന്നു. 

അവസാനം ഗത്യന്തരമില്ലാതെ പാണ്ഢ്യ സാറിനു തന്നെ നേരിട്ടു ഇടപെടേണ്ടി വന്നു. ഞങ്ങളുടെ ആവശ്യപ്രകാരമായിരുന്നില്ല സാര്‍ സഹായ ഹസ്തവുമായി എത്തിയതു. മറിച്ച് വിദ്യാര്‍ഥികളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും സമര്‍പ്പണവും കൊണ്ടാണ്. പാണ്ഢ്യ സാറിന് എന്നോടു പ്രത്യേകമൊരു കരുതലുണ്ടെന്ന് തോന്നാനൊരു കാരണമുണ്ട്. അദ്ദേഹമന്നു ഡീനുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്, എന്‍റെ തിസീസ് സബ്മിഷന്‍ അനാവശ്യമായി വൈകിപ്പിക്കുന്നതിനെ കുറിച്ചു പറഞ്ഞു കൊണ്ടായിരുന്നു. എന്തായാലും ആ ഇടപെടല്‍ ഗുണം ചെയ്തു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്കു തീസിസ് സബ്മിറ്റ് ചെയ്യാൻ സാധിച്ചു. എന്‍റെ അധ്യാപനത്തിലെ പ്രൊമോഷൻ അടക്കം പല കാര്യങ്ങളും മുന്നോട്ടു പോകാതിരുന്നത് എംടെക് പൂർത്തിയാവാത്തതു കൊണ്ടായിരുന്നു. ഇതു വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ ആ തടസ്സങ്ങളും നീങ്ങി. 

IIT ഡല്‍ഹിയില്‍ നിന്നാണ് ഞാന്‍ PHD ചെയ്യുന്നതു. 2012ല്‍ ജോയിന്‍ ചെയ്തു, 2017 മേയ് മാസത്തിലാണ് തീസിസ് സബ്മിറ്റ് ചെയ്യുന്നതു. പ്രധാന ഗൈഡ് പ്രൊഫസർ ഗാന്ധിയായിരുന്നു, പ്രൊഫസർ എസ് ജി ദേശ്‌മുഖും സഹായത്തിനായി ഉണ്ടായിരുന്നു. ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ പ്രൊഫസേഴ്സുമായി നല്ല സ്വരചേര്‍ച്ചയിലാണ് തിസീസ് പുരോഗമിച്ചിരുന്നതു. എന്നാല്‍ അവസാനഘട്ടങ്ങളിൽ പ്രൊഫസര്‍ ഗാന്ധിയുമായി എനിക്കു അഭിപ്രായ വിത്യാസങ്ങളുണ്ടായി. അതു വളര്ന്നു ഏതാണ്ട് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ വന്നപ്പോഴേക്കു ദേശ്‌മുഖ് സർ, അതിലേക്ക് തന്ത്രപരമായി ഇടപെട്ടു. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ ഞങ്ങൾക്കു സമവായത്തിലെത്താനും, വിജയകരമായി തീസിസ് സബ്മിറ്റ് ചെയ്യാനും സാധിച്ചു.  

Spotlight on Sanal Kumar ദേശ്‌മുഖ് സാറിന്റെ പിന്തുണ അവിടം കൊണ്ടും തീരുന്നില്ല. PHDക്കു ശേഷം പഴയ അധ്യാപക ജോലിയില്‍ പുനപ്രവേശിച്ച എനിക്കു ഞങ്ങളുടെ കോളേജില്‍ കാലോചിതമായ പല പരിഷ്കാരങ്ങളും നടത്താന്‍ സഹായകമായത് ദേശ്‌മുഖ് സാറിന്റെ നിർദ്ദേശങ്ങളായിരുന്നു. അതിനു ശേഷം അനവധി റിസര്‍ച്ച് പബ്ലിക്കേഷന്‍സ് ചെയ്യാന്‍ പ്രേരകമായതും, പലതും തിരുത്തി തന്നിട്ടുള്ളതും പ്രൊഫസര്‍ ദേശ്‌മുഖാണ്. പിന്നീട് ഐഐഎമ്മില്‍ അദ്ധ്യാപകനായി ജോലി ലഭിക്കാനും സാറിന്‍റെ പിന്തുണ ഉണ്ടായിട്ടുണ്ട്. പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും എന്നെ മാത്രമായിരുന്നില്ല എന്‍റെ കുടുംബത്തെ മുഴുവന്‍ സര്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. തികഞ്ഞ നിസ്വാര്‍ഥതയോടെ ഇതൊക്കെ ചെയ്യുമ്പോഴും സര്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒരിക്കലും വിനയം കൈവിടരുത്, പരമാവധി ആൾക്കാർക്ക് ഉപകാരം ചെയ്തു കൊടുക്കണം. പെട്ടെന്നു കേള്‍ക്കുമ്പോള്‍ ലളിതമെന്ന് തോന്നുമെങ്കിലും, ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ധ്യാപകനായ എന്നില്‍ നിന്നും സര്‍ പ്രതീക്ഷിക്കുന്നത്. അതിനോടു നീതി പുലര്‍ത്താന്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കുക എന്നല്ലാതെ വേറെന്തു ചെയ്യാന്‍.   

എൻറെ നാട്ടുമ്പുറത്തൊരു സംസ്കാരമുണ്ട്. കല്യാണങ്ങൾക്ക്, വധുവോ വരനോ പുറപ്പെടുമ്പോൾ കാരണവന്മാര്‍ക്ക് ദക്ഷിണ കൊടുക്കും. ആ കൂട്ടത്തിൽ അവരെ പഠിപ്പിച്ച അധ്യാപകർക്കും ദക്ഷിണ കൊടുക്കാറുണ്ട്. എല്ലാ മതസ്ഥരും ഈ ആചാരം പാലിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍ എൻറെ വല്യമ്മ ആയിരുന്നു എല്ലാ കല്യാണങ്ങൾക്കും പോയി ദക്ഷിണ സ്വീകരിച്ചിരുന്നത്. കാരണം, വല്യമ്മ അവിടുത്തെ എൽപി സ്കൂളില്‍ ദീര്‍ഘകാലം ഹെഡ്മിസ്ട്രസ് ആയിരുന്നു. വല്ല്യമ്മയുടെ മരണത്തിനു ശേഷം, ആ ഒരു പദവിയിലേക്ക് വന്നത് എൻ്റെ അമ്മയാണ്. അമ്മ അവിടുത്തെ ഒരു  ഹൈസ്കൂൾ ടീച്ചർ ആയിരുന്നു. ഞാന്‍ ഇപ്പോള്‍ അന്യനാട്ടില്‍ ആണെങ്കിലും, ഇവിടെയും എന്‍റെ പല ശിഷ്യന്മാരും അവരുടെ കല്യാണങ്ങൾക്കും മംഗള കർമങ്ങൾക്കും ഗുരുദക്ഷിണ സ്വീകരിക്കുന്നതിന് വേണ്ടി എന്നെ ക്ഷണിക്കാറുണ്ട്. ആ ദക്ഷിണ സ്വീകരിക്കുമ്പോള്‍ മനസ്സില്‍ ഒരു ഇരമ്പലാണ്, ശിക്ഷ്യഗണങ്ങളെ കൊണ്ട് സമ്പന്നനാവുമെന്ന് അനുഗ്രഹിച്ച വല്യപ്പച്ചന്‍ മുതലിങ്ങോട്ടുള്ള ഗുരുക്കന്മാര്‍ മനസ്സില്‍ മിന്നിമറയും.


5 Comments

  1. അജിത് അദ്ധ്യാപകരെ കുറിച്ചെഴുതിയതു വായിച്ചു, അതിനെ കുറിച്ചും അജിത്തിനെ കുറിച്ചുമുള്ള എന്‍റെ അഭിപ്രായം ഇവിടെ കുറിക്കുന്നു

    ഡോ: അജിത് ടോം ജെയിംസ്… ഹോ ഇങ്ങിനെ നീട്ടി പരത്തി വിളിക്കാനൊന്നും വയ്യ, തല്‍ക്കാലം തൊമ്മനെന്ന് വിളിക്കാം. തൊമ്മന്‍ പഠിപ്പിസ്റ്റാണ്. ഉഗ്രന്‍ മാര്‍ക്കുമായി എഞ്ചിനീയറിങ് പാസായത്, മൂളിപ്പാട്ട് പാടികൊണ്ടാണ്. മനുഷ്യനിവിടെ ചക്രശ്വാസം വലിച്ചിട്ടാണ്, മൂക്കില്‍ പല്ലു മുളച്ചപ്പോഴാണെങ്കിലും പാസായത്. എഞ്ചിനിയറിങ് പഠിത്തത്തോടെ ജീവിതം തന്നെ വെറുത്തു പോയി. അതുകൊണ്ടു മഴ നനയാതിരിക്കാന്‍ പോലും പിന്നീടൊരു കോളേജിന്‍റെ വരാന്തയില്‍ പോലും കേറി നിന്നിട്ടില്ല. അതെസമയം തൊമ്മനോ! അവന്‍ ബിടെക്കു കഴിഞ്ഞു, എം ടെക്കും കഴിഞ്ഞു പിഎച്ച്ഡിയും കഴിഞ്ഞു, ഇപ്പോള്‍ ഐഐഎമ്മില്‍ പഠിപ്പിക്കുകയാണ്. ഇങ്ങിനെയുമുണ്ടോ ആക്രാന്തം!

    അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ തമ്മിലൊരു സൌഹൃദമെന്നത് അസാധ്യമായ ഒരു കാര്യമാണ്. പക്ഷെ അങ്ങിനെ ആയിരുന്നില്ല, താല്‍പ്പര്യങ്ങളില്‍ സമാനതകള്‍ ഇല്ലാതിരുന്നപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്‍റെ മുന്നിലല്ലാതെ തൊമ്മന്‍ പരാജയപ്പെട്ടിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. ഒരു പരീക്ഷാക്കാലത്ത് ചില വിഷയങ്ങള്‍ എന്നെ പഠിപ്പിച്ചു പാസാക്കിക്കാന്‍ തൊമ്മന്‍ കഠിനാധ്വാനം ചെയ്ത ഓര്‍മ്മയുണ്ട്. റിസള്‍ട്ട് വന്നപ്പോ തൊമ്മന്‍ ചമ്മിപ്പോയി. എന്നുവെച്ച് അവന്‍ പ്രതീക്ഷയോ സൌഹൃദമോ കൈവിട്ടില്ല. എന്നെ അവന്‍റെ വീട്ടില്‍ കൊണ്ടുപോയി പോര്‍ക്ക് ഇറച്ചി വരെ തീറ്റിച്ച് വീണ്ടും പ്രചോദിപ്പിച്ചു. കാര്യമൊന്നുമുണ്ടായില്ല, പൈപ്പ് വളഞ്ഞു എന്നല്ലാതെ വാല് നിവര്‍ന്നൊന്നുമില്ല.

    അതായതു മനുഷ്യരെ സഹായിക്കാനുള്ള ചോദന അജിത്തിന് ജന്മസിദ്ധമായി ലഭിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് എന്നെ പഠിപ്പിച്ചു പാസാക്കി കളയാമെന്ന് അവനു തോന്നുന്നതു. അതുകൊണ്ടാണ് എന്‍റെ ജയം എന്നേക്കാള്‍ അവന്‍റെ ആവശ്യമാവുന്നത്. ഇതൊന്നും തൊമ്മന്‍ വിശ്വസിക്കുന്ന പോലെ അവനെ അവന്‍റെ അദ്ധ്യാപകര്‍ പഠിപ്പിച്ചു കൊടുത്തതല്ല. ഇതുറപ്പിച്ചു പറയാന്‍ കാര്യം, ഇതേ അദ്ധ്യാപകരണല്ലോ എന്നെയും പഠിപ്പിച്ചിട്ടുള്ളത് എന്നതു കൊണ്ടാണ്.

    തൊമ്മനെഴുതിയതില്‍ വേറൊരു വിയോജിപ്പ് തോന്നിയത്, അധ്യാപനമെന്ന തൊഴിലിനെ മഹത്വവല്‍ക്കരിക്കുന്നതിലാണ്. മറ്റേതൊരു തൊഴിലിനെ പോലെതന്നെ അധ്യാപനത്തേയും കാണേണ്ടതുള്ളൂ. അതാങ്ങിനെയല്ല എന്നു തൊമ്മന് തോന്നുന്നതു, അവനു തൊഴിലിനോടുള്ള സമര്‍പ്പണം കൊണ്ടാണ്. നിങ്ങള്‍ ഏത് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആയിക്കോട്ടെ. നിങ്ങളുടെ സ്ഥാപനത്തിലെ എഴുപതു ശതമാനം ജോലിയും ചെയ്യുന്നത്, ഏതാണ്ട് മുപ്പതു ശതമാനത്തില്‍ താഴെ വരുന്ന മനുഷ്യരായിരിയ്ക്കും. സ്വന്തം തൊഴിലിനെ ഇഷ്ടപ്പെടുന്ന, തൊഴില്‍ ചെയ്യുന്നത് ആസ്വദിക്കുന്ന മനുഷ്യര്‍. അവരോടു സംസാരിച്ചാല്‍ മനസിലാവും, അവരൊക്കെ കരുതുന്നത് അവരുടെ ജോലിയാണ് ഈ ലോകത്ത് ഏറ്റവും പരമപ്രധാനമെന്നാണെന്നു. അധ്യാപനം ദൈവീകവും സവിശേഷവുമായൊരു തൊഴിലായി തൊമ്മന് തോന്നുന്നതും ഇതുകൊണ്ടാണ്. സാമാന്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഒന്നല്ല തൊമ്മന്‍, അവനൊരു exception ആണ്

    തൊമ്മനെ ഞാന്‍ ഓര്‍ക്കുക മിടുക്കനായ വിദ്യാര്‍ഥിയായോ, നല്ല അദ്ധ്യാപകനായോ അല്ല. മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ… എന്ന ഗാനം ഏറ്റവും ഭാവസാന്ദ്രമായി പാടുന്ന പ്രിയ്യപ്പെട്ട സുഹൃത്തായാവും.

  2. കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ തൊമ്മാ…..we can feel your passion and dedication in those words….all the best to you dear friend

  3. Nice article Ajith – teaching is one of the most noble professions, where you can make a difference and inspire the next generation. I have great respect for anyone who chooses it. Pay it forward and do great things!

Comments are closed.