അക്കി

അബി, എബ്രഹാം, റോണോ, ജത്തിൻ തുടങ്ങിയ മഹാരഥന്മാർ താമസിക്കുന്ന റൂം നമ്പർ ടുവിലാണ് മിക്കവാറും ഞങ്ങളുടെ ആഭ്യന്തര ചർച്ചകൾ എല്ലാം നടക്കുന്നത്. ഇന്നത്തെ വിഷയം, ഫസ്റ്റ് ഇയർ മെക്കാനിക്കൽ ടൂർ. ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിൽ പോയ ഫോട്ടോ കിട്ടിയിട്ടുണ്ട്… ബോവിക്കാനത്തെ ജേക്കബ് മുതൽ രവി വരെയുള്ള ഒരുവിധപ്പെട്ട ആളുകളെല്ലാം സന്നിഹിതരായിരുന്നു.

ഒരു അശരീരി പോലെ ജത്തിൻ പറഞ്ഞു
എടാ നമ്മുടെ റാഫിയെ കാണാൻ അക്ഷയ്കുമാറിന്‍റെ ഒരു ചായയില്ലേടാ?

ഉള്ളിൽ ആഹ്ളാദം ആര്‍ത്തിരമ്പിയെങ്കിലും ഞാനത് പുറത്തു കാണിക്കാതെ നിന്നു. അബ്രഹാമും പ്രസൂണും പിൻതാങ്ങിയതോടെ ഞാൻ ഔദ്യോഗികമായ അക്ഷയ് കുമാറായി പ്രഖ്യാപിക്കപ്പെട്ടു. കൂട്ടത്തിൽ ജോൺ എബ്രഹാമായി അഭിയും, മിലിന്ദ് സോമനായി റോഷനും പ്രഖ്യാപിക്കപ്പെട്ടു. അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും! ഇവന്മാരെ സഹനടന്മാരാക്കാം എന്ന് മനസ്സിൽ തീരുമാനിച്ചു. നായക സ്ഥാനം എന്തായാലും വിട്ടുകൊടുക്കില്ല

അടുത്ത അവധിക്കു കുറച്ചു പുതിയ ഷർട്ട് ഒക്കെ മേടിച്ചു അക്ഷയ് കുമാറായി ജീവിക്കാൻ തീരുമാനിച്ചു. അവധി കഴിഞ്ഞു തിരിച്ചെത്തി, കോളേജ് വരാന്തയിൽ കൂടി ഇതൊക്കെ ഇട്ട് നടക്കുമ്പോൾ ഇലക്ട്രിക്കൽ മുതൽ കമ്പ്യൂട്ടർ ക്ലാസ്സ് വരെയുള്ള സുന്ദരികൾ എന്നെ നോക്കി മന്ദസ്മിതം പുൽകുന്നതും, ആരാധനയോടെ “അക്കി അക്കി” എന്നടക്കം പറയുന്നതും ആലോചിച്ച് കോൾമയിർ കൊണ്ടു.

ആ സന്തോഷത്തിനു അല്പായുസായിരുന്നു. ബോവിക്കാനത്തെ നിയമം അനുസരിച്ചു ആർക്കും ഏതു ഉടുപ്പും അനുവാദമില്ലാതെ ഇടാം. രാത്രി വരെ പഠിക്കുകയും അതി രാവിലെ തന്നെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന ഇലക്ട്രോണിക്സിലെ കശ്മലന്മാരായ ശങ്കറും ദീപക്കുമായിരുന്നു എന്‍റെ ഷർട്ടിന്‍റെ അവകാശികൾ. കാരണം ഞങ്ങളായിരുന്നു ഒരേ അളവിലുള്ള ആളുകൾ. എന്‍റെ ഷർട്ട് എനിക്കിടണമെങ്കിൽ ഒന്നുകിൽ പാതി രാത്രി വരെ ഇരിക്കണം, അല്ലെങ്കിൽ അതി രാവിലെ തന്നെ എഴുന്നേൽക്കണം! രണ്ടും സാധിക്കാത്തതിനാൽ ഞാനത് ഉപേക്ഷിച്ചു (എടുത്തു കൊണ്ട് പോടാ ഫൂൾസ് ). കഥയിലെ വില്ലന്മാരോട് എനിക്കു മുടിഞ്ഞ അസൂയയായിരുന്നു.

ശങ്കർ സുന്ദരനും, നന്നായി പാടുകയും ചെയ്തിരുന്നു. അതൊന്നും പോരാതെ ഇംഗ്ലീഷും നന്നായി സംസാരിക്കും

ദീപക് പഠിക്കും, ഫുട്ബോൾ പ്ലേയർ, പിന്നെ കോളേജിലെ തന്നെ ഏറ്റവും വലിയ തമാശക്കാരനും

മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ കാരണം ഇവർക്കു അസൂയപ്പെടുത്തുന്ന ആരാധകവൃന്ദങ്ങളായിരുന്നു. കൂടുതലും പെൺകുട്ടികളാണ്.

എന്‍റെ എല്ലാ ഷർട്ടുകളും ആദ്യം ഇടുന്നതു അവരായിരിക്കും. അവര് മാറി മാറി ഇട്ടു അഞ്ചോ ആറോ ദിവസം കഴിഞ്ഞായിരിക്കും എനിക്ക് കാണാൻ കിട്ടുന്നത് തന്നെ. വിവിധ തരം പെർഫ്യൂമുകളാൽ സുഗന്ധവത്കരിക്കപ്പെട്ടിട്ടുണ്ടാവും. അലക്കി ഉണക്കി വീണ്ടും അവർക്കിടാൻ കൊടുക്കുന്നതാണ് എന്‍റെ പ്രധാന ജോലി. അങ്ങനെ അക്ഷയ് കുമാറാവാൻ വന്ന ഞാൻ അലക്കുകാരനായി മാറി.

എന്‍റെ ദുഃഖം കണ്ടിട്ടാണോ, എന്തോ! ശങ്കറും ദീപക്കും എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇന്ന് ക്ലാസ്സിലെ സുന്ദരികൾ പറഞ്ഞു
“റിജുവിനെ കാണാൻ അക്ഷയ് കുമാറിനെ പോലെയുണ്ട്”

മനസ്സിൽ ഒരായിരം പൂത്തിരി കത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം സുന്ദരികൾ അവരോടു ചോദിച്ചു
“നിങ്ങൾ ഇട്ടിരിക്കുന്ന ഷർട്ട് റിജുവിന്‍റെ (അക്കിയുടെ) അല്ലെ?”

അങ്ങനെ ഇടവിട്ട് അവർ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും വീണ്ടും പുളകിതനായ ഞാൻ മനസ്സിൽ ആലോചിച്ചു, വീട്ടിലേക്കു വിളിച്ചു അമ്മയോട് പറഞ്ഞാലോ ഞാനാണ് കോളേജിലെ സ്റ്റാർ എന്ന്, എന്നെ മോനായി കിട്ടിയത് അമ്മയുടെ ഭാഗ്യമാണെന്നും (തോറ്റ സബ്ജെക്റ്റുകളെ കുറിച്ച് ചോദിച്ചാലോ എന്നോർത്ത് ആ ആലോചന തല്‍ക്കാലം നിറുത്തി)

ഇടയ്ക്കു അഭിയുടെ ഷർട്ട് ഇടുന്ന ദിവസം ഈ സുന്ദരികൾ അവനെയും ജോൺ എബ്രഹാം എന്ന് വിളിച്ചിരുന്നു (ഇത് കേട്ട് പാവം അഭി മസിലു വരാത്തത് കാരണം ഒരു വര്‍ഷം ജോൺ എബ്രഹാം ആവാൻ മുടി വളർത്തി ജട പിടിപ്പിച്ചു)

അങ്ങനെ സ്വന്തം ഷർട്ട് ഇടാതെ തന്നെ ഞാനും അഭിയുമൊക്കെ സ്റ്റാറുകളായി. പക്ഷെ പെൺകുട്ടികൾ ആരും ഞങ്ങളെ നോക്കി ചിരിക്കുന്നില്ല (നോക്കാറ് പോലുമില്ല എന്നതാണ് പരമസത്യം ). മുഖത്ത് നോക്കാൻ കുട്ടികൾക്ക് നാണമായത് കൊണ്ടായിരിക്കുമെന്ന്, ഒരു പെൺകുട്ടിയോട് പോലും സംസാരിക്കാതെ തന്നെ പെൺകുട്ടികളുടെ മനഃശാസ്ത്രം അറിയാവുന്ന റോഷ് ആശ്വസിപ്പിച്ചു.

അങ്ങനെ 2-3 വർഷങ്ങൾ ഞങ്ങൾ പെൺകുട്ടികളുടെ ആവേശമായ അക്കിയും ,ജോൺ അബ്രാഹവും ,മിലിൻഡും ഒക്കെയായിട്ടു ജീവിച്ചു. ഇതിനു അവസരം തന്ന ശങ്കറിനും ദീപക്കിനും അടുത്ത തവണ വീട്ടിൽ പോയി ചേച്ചിയുടെ ശമ്പളം മേടിച്ചു കുറച്ചു ഷർട്ട് മേടിച്ചു കൊടുക്കണം എന്ന് മനസ്സിൽ കുറിച്ചു.

അങ്ങനെ ഏഴാം സെമസ്റ്റർ എക്സാം വന്നു ..ആദ്യത്തെ എക്സാമിനായി ഹാളിൽ കയറിയപ്പോൾ എന്‍റെ മനസ്സിൽ മഴ പെയ്യിച്ചു കൊണ്ട് എന്‍റെ റോൾ നമ്പർ എഴുതിയ ബെഞ്ചിന്‍റെ മറ്റേ അരികിൽ നമ്മുടെ ബാച്ചിലെ ECE യിലെ “എന്‍റെ ആരാധികയായ” സുന്ദരി ഇരിക്കുന്നു. ബെഞ്ചിൽ ഇരുന്നതിനു ശേഷം ധൈര്യം സംഭരിച്ചു ഞാൻ കുട്ടിയോട് ചോദിച്ചു
“ഇന്നെന്താ പരീക്ഷ?”
എന്‍റെ ചോദ്യം കേട്ടതും എന്റെ സൈഡിലത്തെ ബെഞ്ചിൽ ഇരുന്ന റോഷൻ കണ്ണ് വെട്ടിച്ചു നോക്കി, ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. പിന്നാലെ കുട്ടിയുടെ മറുപടി വന്നു
“ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റഷന് “

അടുത്ത ചോദ്യം സുന്ദരി എന്നോട് “ചേട്ടൻ സീനിയർ ബാച്ച് ആണോ?”

എക്സാം ഹാളിന്റെ നിശബ്ദത കൊണ്ടോ എന്തോ മെക്കാനിക്കൽ ക്ലാസ്സിലെ എല്ലാവരും ദയനീയമായി എന്നെ തിരിഞ്ഞു നോക്കി. കൂട്ടത്തിൽ മിലിന്ദ് റോഷനും, ജോൺ അഭിയും. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കുട്ടി ഞാനാണ് നിങ്ങൾ മനസ്സിൽ ആരാധിച്ച ആ അക്കി എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ കരച്ചിൽ വന്നത് കൊണ്ടാണോ എന്തോ ശബ്ദം പുറത്തേക്കു വന്നില്ല

അര മണിക്കൂര്‍ കഴിഞ്ഞേ യൂണിവേഴ്സിറ്റി പരീക്ഷക്ക് എക്സാം ഹാളിൽ നിന്ന് പുറത്തു പോകാൻ പറ്റൂവെന്ന നിയമം ആരാണാവോ കൊണ്ട് വന്നത്! എന്ന് പ്രാകികൊണ്ട് ഞാൻ ഇരുന്നു

ആത്മരോദനത്തോടെ,
റിജു റാഫി

5 Comments

  1. Superb…..Akki…ye എല്ലാവരും ചേർന്ന് ആക്കി എന്ന് പറഞ്ഞാ മതിയല്ലോ….എൻ്റെ റൂമിൽ ഉണ്ടായിരുന്നു മൂന്ന് കഷ്മലനമാർ കാ കാശിനു ഗുണം ഇല്ലത്തവന്മാർ….സാരമില്ല നിന്നെ ഞാൻ മനസ്സിലാക്കുന്നു…

  2. നീ എന്താ പറഞ്ഞു വരുന്നത്! എന്നെ കണ്ടാ മിലിന്ദ് സോമനെ പോലെ ഇല്ല എന്നാണോ! Noooooo……….

Comments are closed.