
By നമിത പുതിയൊട്ടിൽ (CSE)
നനുത്ത പാറൽ മഴയുണ്ട് . ഇന്നത്തെ നടത്തം മുടങ്ങോ ?
കോളിന്റെ ഇടക്ക് സംശയത്തോടെ ബാൽക്കണിയിലൂടെ എത്തി നോക്കി. കോൺക്രീറ്റ് കാടുകൾക്കപ്പുറം ചുവപ്പ് രാശി പടർന്ന് തുടങ്ങിയത് കാണാം. പുറം കാഴ്ച്ചകൾ കണ്ടോണ്ട് പണിയെടുക്കാലോന്ന് വിചാരിച്ചു വർക്ക് ഫ്രം ഹോം ഉള്ള ദിവസങ്ങളിലെല്ലാം എൻ്റെ ഇരുപ്പ് ബെഡ്‌റൂമിൻറെ ബാൽക്കണിയോട് ചേർന്നുള്ള ഈ ഭാഗത്താണ്. മീറ്റിങ് കഴിഞ്ഞു അത്യാവശ്യമുള്ള മൂന്നാല് മെയിലുകളും അയച്ചു വേഗം ലാപ്ടോപ്പ് പൂട്ടി.
മനസ്സറിഞ്ഞിട്ടൊണം മഴ തോർന്നിട്ടുണ്ട്. നല്ല തെളിഞ്ഞ ആകാശം. അങ്ങിങ്ങായി ചുവപ്പ് കലർന്ന വെള്ള പഞ്ഞിക്കൂട്ടങ്ങൾ മാത്രം. നോക്കിക്കൊണ്ട് നിൽക്കുമ്പോൾ പല്ലില്ലാതെ ചിരിക്കുന്ന ഒരു അപ്പൂപ്പൻറെ രൂപം തോന്നുന്നുണ്ടോ …
പണ്ടും ഇങ്ങനെയാ … സ്‌കൂളിൽ നിന്ന് വന്നതിന് ശേഷം ടെറസിൽ പോയി ആകാശം നോക്കി കിടക്കുന്ന പതിവ് .
അങ്ങോട്ടും ഇങ്ങോട്ടും തെന്നിമാറുന്ന വട്ടത്തിലുള്ള ചെറിയ കുമിളകൾ കാണും. അതിലൂടെ മേഘക്കൂട്ടങ്ങളെ സൂക്ഷിച്ചു നോക്കുമ്പോൾ ഓരോന്നിനും ജീവൻ വെച്ചപോലെ …പലപല രൂപത്തിലുള്ളത്…
ചിന്തകൾ കാട്‌കയറി ആകാശനീലിമയിൽ ലയിച്ചങ്ങനെ കിടക്കും.
സന്ധ്യക്ക് വിളക്ക് വച്ചിട്ടും താഴെ ടീവിക്ക് മുൻപിൽ കണ്ടില്ലെങ്കിൽ ,മോളേന്ന് അച്ഛൻറെയോ അമ്മേൻറെയോ ഉച്ചത്തിലുള്ള വിളി കേട്ടിട്ടായിരിക്കും പിന്നെ സ്ഥലകാലബോധം ഉണ്ടാവുന്നത്.
മൊബൈലും ഹെഡ്സെറ്റും എടുത്ത് വേഗം പുറത്തേക്ക് നടന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നാട്ടിൽ പോയില്ലെങ്കിലല്ലാതെ നടത്തം മുടക്കാറില്ല. പാട്ടും കേട്ടു ഒരു മണിക്കൂർ നടന്നാൽ ആ ദിവസത്തെ എല്ലാ ടെൻഷനും അലിഞ്ഞങ്ങനെ തീരും.
തിരിച്ചു ഫ്ലാറ്റിലേക്ക് കയറുമ്പോൾ അതാ ഒരു പിൻവിളി … ഹെലോ …..
നോക്കുമ്പോൾ മൂന്ന് വലിയ പഴംപൊരിയിൽ സ്നേഹം നിറച്ചു തൊട്ടടുത്തുള്ള കന്നടക്കാരി ആൻറ്റി.
ഇങ്ങനെ പോയാൽ ഇവരെന്നെ ചക്കപ്പോത്താക്കുമല്ലോ ഭഗവാനേ …..
ഇന്നിത് രണ്ടാമത്തെ സ്നേഹപ്രകടനമാണ്. ഉച്ചക്ക് നല്ല ഉഡുപ്പി സ്‌റ്റൈൽ തേങ്ങ അരച്ച ചിക്കൻകറിയും ചൂടോടെയുള്ള രണ്ടു നീർദോശയും.
ഒട്ടുമിക്ക ദിവസങ്ങളിലും ബിരിയാണിയായും ബിസബെല്ലെബാത്തായും റവ ഇട്ട മത്തി പൊരിച്ചതായും പായസമായും അവരുടെ സ്നേഹമങ്ങനെ അനർഘനിർഗളം ഒഴുകികൊണ്ടിരിക്കും.
ഏല്ലാം വരവ് വച്ചു നാട്ടിൽ പോയി വരുമ്പോൾ സ്പെഷ്യൽ കോഴിക്കോട് ചിപ്‌സും ഇളനീർ ഹൽവയുമൊക്കെ കൊണ്ട് വന്നു ഞാനതു ചെറുതായെങ്കിലും തിരിച്ചു കൊടുത്തതായി സമാധാനിക്കും.
ഞാനവർക്കു പിറക്കാതെ പോയ മോളാണത്രെ ….
പക്ഷെ നാട്ടിൽ നിന്ന് ‘അമ്മ വന്നാലോ , വെക്കേഷന് അരുണേട്ടൻ വന്നാലോ പിന്നെ തിരിച്ചു പോകുന്നത് വരെ ആളിങ്ങോട്ട് തിരിഞ്ഞുപോലും നോക്കില്ല.
ചെറിയ കുശുമ്പ് തന്നെ…
ഇതാണ് സുജാത ആൻറ്റി… ആള് പാവമാണെങ്കിലും ,
എൻ്റെ കാഴ്ചപ്പാടിൽ “അയേൺ ലേഡി” ആണ് …
അഞ്ചും രണ്ടും വയസ്സായ പിഞ്ചുകുഞ്ഞുങ്ങളുമായി ജീവിതത്തിൽ പെട്ടെന്നൊരു ദിവസം ഒറ്റപ്പെട്ടു പോയ ആൾ. ഇരുപതാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു.
ഭർത്താവിൻറെ തണലിൽ ഒതുങ്ങി ജീവിച്ചവർ അന്ന് സാധാരണം തന്നെ. പക്ഷെ വിധവയായി നാല് പതിറ്റാണ്ടോളം ….
ജീവിതത്തിൽ അവർ അനുഭവിച്ചിട്ടുണ്ടാവുന്ന കഷ്ടപ്പാടുകൾ ഊഹിക്കാൻ പോലും പറ്റുന്നില്ല. ഒറ്റക്ക് രണ്ടു മക്കളെയും നല്ല രീതിയിൽ വളർത്തി ഉദ്യോഗസ്ഥരാക്കിയത് അഭിമാനത്തോടെ പറയും.
എന്നാലും വിശ്രമിക്കേണ്ട ഈ പ്രായത്തിൽ മക്കളുടെ കൂടെപോയി നിൽക്കാൻ കൂട്ടാക്കില്ല. ഞായറാഴ്ച്ച വൈകുന്നേരങ്ങളിൽ അവർ രണ്ടാളും കുടുംബസമേതം വന്നു കൊച്ചുമക്കളുടെ കൂടെ കളിയും ചിരിയുമൊക്കെയായി കുറച്ച മണിക്കൂറുകളിൽ ആൻറ്റിയുടെ സന്തോഷം ഒതുങ്ങും.
“ആൻറ്റി, നനഗെ കന്നട ഗോത്തു “. കന്നട അറിയുമെന്ന് എത്ര പറഞ്ഞാലും എൻ്റെ ചെറിയ കന്നട പരിജ്ഞാനത്തെ പുച്ഛിച്ചോണ്ടു അവർ ഇങ്ങോട്ട് ഹിന്ദിയിലേ സംസാരിക്കൂ.
“ലേലോ , യെഹ് ബനാന കാ ഡിഷ് ഹെ “
നമ്മുടെ സ്വന്തം പഴംപൊരി, പക്ഷെ ഇതിലും റവ ചേർത്തിട്ടുണ്ട്. ഇവർക്ക് ആരെങ്കിലും റവയിൽ കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ …
“മേരി ബേട്ടി ആജ് ബഹുത് സുന്ദർ ലഗ് രഹീ ഹോ “
അതാ എന്നെ സുഖിപ്പിച്ചു കുപ്പിയിലാക്കാനുള്ള നമ്പറും ഇറങ്ങി. പഞ്ചാരവർത്തമാനവും പ്ലേറ്റ് നിറച്ചു പഴംപൊരിയും. നിഷേധിക്കാൻ മനസ്സ് വന്നില്ല. രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അല്ലെങ്കിലും ഇത്ര സ്നേഹത്തോടെ തരുമ്പോൾ വേണ്ടാന്ന് പാടില്ല … ഡയറ്റിങ് ആണെന്ന പേരിൽ എൻറെ ഇന്നത്തെ ഡിന്നർ ശുഭം….
പുറത്തു മഴ വീണ്ടും തിമർത്തു തുടങ്ങിയിട്ടുണ്ട്.
ബാൽക്കണിയിലെ ആട്ടുകസേരയിൽ ഇരുന്നോണ്ട് മഴ ആസ്വദിക്കുമ്പോൾ , എന്താണെന്നറിയില്ല ….
കുറച്ചു മുൻപ് കേട്ട അൽബത്തിലെ സ്നേഹമൂറുന്ന വരികളാണ് മനസ്സിൽ വന്നത്.
“മന്ദാരം കാറ്റിനെ പ്രണയിച്ചതോ …
കാറ്റേ നീ ….
പൂവിനെ പ്രണയിച്ചതോ “
Very well written Nami, hope you will keep writing !
💓 thanks da.. For all the support
മഴ പഴംപൊരി പാട്ട്… ചായ മറന്നു
രാഗേഷേ,ചായ കുടിക്കുന്ന ശീലം ഇല്ല.
So കഥയിലെ ഞാനും അത് മറന്നു 😃
Good read Nami, keep writing
Thanks Susmi🥰
Beautiful di penne
Thanks da🥰
Thanks Prijesh💖