ചതിക്കാത്ത ചന്തു

അല്പം കടുത്ത എന്തെങ്കിലും കാച്ചണം എന്ന് മനസ്സിൽ നിരീച്ചിട്ടു കുറെയായി…ഒരു ബുദ്ധിജീവി ഇമേജ് വരുത്തണം….ഫേസ്ബുക്കിലും യു ട്യൂബിലും ഒക്കെ അവർക്കാണ് ഡിമാണ്ടാത്രേ.. …ജനുവരി 20 നു ശേഷം ട്രംപ് ചേട്ടായി ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുമോ ,ഗ്രീൻലാൻഡ് ഡെന്മാർക്കിൽ നിന്ന് വിലക്ക് മേടിക്കുമോ അതോ യുദ്ധം ചെയ്യുമോ ,റെഡ് ഇന്ത്യൻസ് അവരുടെ ആളുകളാണ് എന്ന് പറഞ്ഞു ഇന്ത്യയിലേക്കെങ്ങാനും വരുമോ ..അങ്ങനെ അങ്ങനെ കാടു കയറി …എന്തിനെ കുറിച്ചെഴുതിയാലും വേണ്ടില്ല ബുദ്ധിജീവിയാകണം

മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ചൊക്കെ കാച്ചണമെങ്കിൽ അതിനെ കുറിച്ച് പഠിക്കണം ..മെനക്കെടാൻ വയ്യ …മേലനങ്ങാതെ എങ്ങനെ ബുദ്ധിജീവിയാകാം …അതിനു നോക്കിയിട്ടു ഒരേ ഒരു മാർഗമേ ഉള്ളു …അനർഘ നിർഗ്ഗളമായ പ്രണയത്തെ കുറിച്ച് കാച്ചണം ….ഷേക്സ്പിയർ മുതൽ നമ്മുടെ സ്വന്തം ചങ്ങമ്പുഴ വരെ പയറ്റി തെളിയിച്ച പ്രണയം …അവിടെയും അനുഭവങ്ങൾ ഇല്ലാത്തതിനാൽ കടുത്ത വിഷയ ദാരിദ്ര്യമാണ് വിലങ്ങുതടി …ഉള്ളിൽ ഞാനൊരു കടുത്ത പ്രണയരോഗി ആണെങ്കിലും മറ്റുള്ളവരുടെ മുൻപിൽ “റഫ് ആൻഡ് ടഫ്” ആണെന്ന് വെറുതെ അഭിനയിച്ചു …

എന്നെ പോലെ തന്നെ ഇന്നലെ വരെ തുല്യ ദുഃഖിതൻ എന്ന് ഞാൻ കരുതിയ ആത്മാർത്ഥ സുഹൃത്ത് എനിക്കുണ്ടായിരുന്നു പ്രസൂൺ ജോർജ് തരകൻ ഇന്നലെ അവന്റെ ചതിവിന്റെ തെളിവുകൾ അവൻ തന്നെ എനിക്കയച്ചു തന്നു …കോളേജിലെ ഒട്ടു മിക്ക പെൺകുട്ടികളുടെ കൂടെയും ചിരിച്ചു കൊണ്ട് പോസ് ചെയ്തിരിക്കുന്നു …ഇപ്പോളല്ല പണ്ട് ഞാനും അവനും ഒരേ തൂവൽ പക്ഷിയാണെന്നു വിചാരിച്ച കോളേജ് കാലത്തു …സഹിക്കാൻ പറ്റുന്നില്ല ..എന്നാലും എന്നെ കൂടെ വിളിക്കായിരുന്നില്ലേ (ഉള്ളില് നല്ല വിഷമമുണ്ടട്ടോ )…ഇനി എന്റെ റോഷ് മോൻ മാത്രമാണ് എന്റെ ആശ്വാസം …അഭി എബ്രഹാം മുതലായവരെ ഞാൻ നിഷ്കരുണം ചവറ്റു കുട്ടയിലെറിഞ്ഞു ..നയവഞ്ചകർ …

വിഷയത്തിലേക്കു വരാം ഞാനും പ്രസൂണും ഒരു പോലെ ലോല ഹൃദയരായിരുന്നു …ഒരു പ്രതേകത ഏതാണ്ട് ഒരേ കാലഘട്ടത്തിൽ ആണ് ഞങ്ങളുടെ ഇഷ്ടങ്ങൾ .. എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ രണ്ടു വർഷകാലം …മറ്റൊരു പ്രതെയ്കത ഞങ്ങൾക്ക് മിക്കവാറും ഒരേ കുട്ടികളോടാണ് ഇഷ്ടം തോന്നുന്നത് (കുട്ടികൾക്കോ ബാക്കിയുള്ള ബോവിക്കാനംകാർക്കോ ആർക്കും അറിയില്ല )എന്നക്കെയാണ് എന്റെയും അവന്റെയും വിശ്വാസങ്ങൾ ..പൊതുവെ ലോല ഹൃദയരായതു കൊണ്ട് ആരോടേലും പറഞ്ഞോ ആവൊ …

ഞങ്ങളുടെ ബാച്ചിലെ കുട്ടിയെ കുറിച്ച് രാത്രി ടെറസ്സിൽ നക്ഷത്രങ്ങൾ നോക്കി ഞങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോളേ കുട്ടിയെ വേറെ ഒരു കഷ്മലൻ കൊണ്ട് പോയി …ജൂനിയർ ബാച്ചിലും വീണ്ടും എനിക്കും അവനും ഒരേ ഇഷ്ടം ….പണ്ട് മുതൽ ധൈര്യശാലികൾ ആയതിനാൽ കുട്ടി മാത്രം അറിഞ്ഞില്ല എന്നെ ഉള്ളു ..മനസ്സിൽ താലോലിക്കാൻ തുടങ്ങുമ്പോളെക്കും ആ കുട്ടിക്ക് വേറെ ആരോടേലും ഇഷ്ടം തോന്നി തുടങ്ങും (ഈ ഒരു കാര്യത്തിൽ പൊയിനാച്ചിലാണെങ്കിലും ഞങ്ങളുടെ സ്വന്തം വേണുക്കുട്ടനും കൂട്ടുണ്ടായിരുന്നു ,ഞങ്ങളെക്കാൾ പരിതാപകരമായ അവസ്ഥ ,അവൻ ആരെ നോക്കിയാലും അടുത്ത മാസം ആ കുട്ടിക്കു വേറെ പ്രണയം മൊട്ടിട്ടിരിക്കും )പിന്നെ പിന്നെ ഒരു മടുപ്പായി ..ഇത് നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല എന്ന് മനസിലാക്കി ഞങ്ങൾ പൂർണമായും ഈ പരിപാടികൾ ഒക്കെ ഉപേക്ഷിച്ചു കഫെറ്റീരിയയിലെ തീപ്പെട്ടി കളിയിലും ബീഡി വലിയിലിമൊക്കെ ഒന്നാമനാവാൻ ശ്രമം തുടങ്ങി

പക്ഷെ പ്രിയ കൂട്ടുകാരാ നിന്നോടൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ സൗന്ദര്യവും സന്തോഷവും നൽകുവാൻ ഒരു വിശ്വവിഘ്യാത പ്രണയങ്ങൾക്കും സാധിക്കില്ല …നിന്നോടും വേണുവിനോടും ഒക്കെ സംസാരിക്കുമ്പോൾ കിട്ടുന്ന ആവേശവും ഒരു പ്രണയത്തിനും കിട്ടിയിട്ടില്ല …പറഞ്ഞറിഞ്ഞതും തൊട്ടറിഞ്ഞതുമായ പ്രണയത്തേക്കാൾ എത്രോയോ മനോഹരങ്ങളായിരുന്നു നമ്മൾ അവയെ കുറിച്ച് നക്ഷത്രങ്ങളെ സാക്ഷിയാക്കി സംസാരിച്ചപ്പോൾ കിട്ടിയത് …

(ഭാര്യ കേൾക്കണ്ട )

റിജു

2 Comments

Comments are closed.