കേസ് നമ്പർ 184/96 – ബോസും മറ്റു പന്ത്രണ്ടു പേരും

(ചുടു-നെടുവീർപ്പുകൾ എന്ന ഗ്രന്ഥത്തിൽ നിന്നും ഒരേട്)

അന്ന് ഞാൻ ഒളിവിലായിരുന്നു. 

രാവിലെ തന്നെ അടുക്കളയിൽ അപ്പവും മുട്ടക്കറിയും കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മാവൻ വന്നു പറയുന്നത്, റാഗിങ് കേസിൽ ഒളിവിൽ പോയവരുടെ കൂട്ടത്തിൽ എന്‍റെ പേരും പത്രത്തിൽ കണ്ടിരുന്നെന്ന്.അമ്മയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു മോന്‍റെ പേര് പത്രത്തിൽ അച്ചടിച്ച് വരണമെന്നത്. അത് ഇത്തരത്തിൽ ആയിരിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല!

നല്ല കലിപ്പിൽ ചെറഞ്ഞു നോക്കിക്കൊണ്ടിരുന്ന പപ്പയോട് ഞാൻ പിന്നേം പറഞ്ഞു, “എനിക്ക് കിട്ടിയത് വെച്ച് നോക്കുമ്പോൾ ഞാൻ അത്ര വലിയ റാഗിങ് ഒന്നും ചെയ്തിട്ടില്ല പപ്പാ”.

ഞാൻ ഫസ്റ്റ് സെമെസ്റ്ററിൽ ആകെപ്പാടെ കാശുകൊടുത്ത് മേടിച്ച പുസ്തകം ആയിരുന്നു Timoshinko. അതു നമ്മുടെ സൂപ്പർ സീനിയർ രണ്ടുമൂന്നു കൊല്ലം പഠിച്ച് പാസ്സായി എന്ന് ഉറപ്പു വരുത്തിയ ശേഷം എനിക്ക് കൈമാറിയ സ്വത്തായിരുന്നു. ഞാൻ മാത്രമല്ല റോണോയും ഈ പുസ്തകത്തിന്റെ തുല്യ പങ്കാളി ആയിരുന്നു.  അതിനു പകരം പുള്ളി അന്ന് ഞങ്ങളെ കൊണ്ട് ഗഡ്‌ബഡ് വാങ്ങി ട്രീറ്റ് ചെയ്യിച്ചു.

Mechanics പരീക്ഷ കഴിഞ്ഞാലുടൻ തന്നെ Timoshinko അടുത്ത തലമുറയ്ക്ക് കൈ മാറണമെന്ന് ഞാനന്നേ തീരുമാനിച്ചിരുന്നു.

അങ്ങനെ ആ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരുന്നതിനു വെയിറ്റ് ചെയ്യാതെ, രണ്ട് ജൂനിയർ പിള്ളേരുമായി കച്ചവടം ഉറപ്പിച്ചു.

ഒരു വർഷത്തിനിടയിൽ ഗഡ്‌ബഡിന്‍റെ രുചി ഒക്കെ ബോറടിച്ചിരുന്നു. അന്ന് ഉദുമ ഹോസ്റ്റലിനു താഴെ നല്ല കരിമ്പിൻ ജ്യൂസ് കിട്ടുമായിരുന്നു, ജ്യൂസിനേക്കാൾ മനോഹരമായിരുന്നു ജ്യൂസ് അടിച്ചിരുന്ന ചേച്ചി !

അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികൾ മൂടിയ നല്ല വിടർന്ന കണ്ണുകൾ, കരിമ്പ് ചതയും തോറും ശക്തമായി കടിച്ചുപിടിച്ചിരുന്ന ചുണ്ടുകൾ….ഞാൻ ലക്ഷ്യത്തിൽ നിന്ന് അല്പം വഴുതിപ്പോയോ ?

ഹും… അതവിടെ നിൽക്കട്ടെ അല്ലെങ്കിൽ കഥയുടെ genre മാറിപ്പോകും. തല്‍ക്കാലം കരിമ്പ് ജ്യൂസിനെയും ചേച്ചിയെയും ഇവിടെ ഉപേക്ഷിക്കാം, അല്ലെങ്കില്‍ കഥ വഴിമാറിയൊഴുകും. അങ്ങനെ ജ്യൂസ് ഒഴിവാക്കി, തീരുമാനിച്ചുറപ്പിച്ച പോലെ അവന്മാരെക്കൊണ്ട് ഗഡ്‌ബഡ് വാങ്ങിപ്പിച്ചു. എത്ര മനോഹരമായ ആചാരം ! ഒന്ന് രണ്ട് ടെക്സ്റ്റ് ബുക്കുകൾ കൂടി വാങ്ങേണ്ടിയിരുന്നു എന്നുള്ള കുറ്റബോധം എന്നെ അപ്പോഴും അലട്ടുന്നുണ്ടായിരുന്നു.  പിറ്റേന്ന് രാവിലെ ആണ് അറിയുന്നത് 13 പേരുടെ ആ ലിസ്റ്റിൽ ഞാനും അങ്ങനെ കയറിക്കൂടിയെന്ന് ജെട്ടി പോലും ഇടാതെ സ്കോർപിയോൺ ബംഗ്ലാവില്‍ വോളിബോൾ വരെ കളിച്ച എനിക്കെതിരെ ചുമത്തിയിരുന്നത് IPC Section 383, extortion ആയിരുന്നു.

ഒളിവിൽ പോയി, സറണ്ടർ ആയി, ജാമ്യമില്ലാക്കേസ് വരെ ആയി. അവസാനം കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കാൻ എത്തി.

റാഗിങ്ങ് വീരന്മാരെ കാണാൻ പൊതുജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.  ഇത്രയും ടെൻഷന്‍റെ ഇടയിലും എല്ലാരുടെയും മുഖത്ത് ഒരു excitement കാണുന്നുണ്ടായിരുന്നു, കാരണം ഇതൊക്കെ ആദ്യമായല്ലേ!

കോടതിക്കകത്തേക്കു കയറിയപ്പോൾ, കാഴ്ചയിൽ പറഞ്ഞു പണിയിച്ചപോലെ  ഞങ്ങൾ പതിമൂന്ന് പേർക്കും സൗകര്യമായി നില്ക്കാൻ പാകത്തിൽ നീളമുള്ളൊരു പ്രതിക്കൂടുണ്ടായിരുന്നു, പക്ഷേ  പത്താമന്‍ കേറുമ്പോള്‍ പ്രതിക്കൂട് ആടുകയും, മറ്റൊരാള്‍ പുറത്തു പോവുകയും ചെയ്യുന്ന പോലെ ചെറുതും ദുർബലവുമായിരുന്നു അത്. കൂട്ടത്തിൽ തടിയൻമാരായ ജിജോയെയും കിഷോറിനെയും റൂബനെയും ഒക്കെ  മാപ്പു സാക്ഷി ആക്കിയിരുന്നെങ്കിൽ സൗകര്യമായിരുന്നേനേ

പൊതുവെ എന്ത് കണ്ടാലും വാ തുറന്നു പോകുന്ന കിഷോറിന്‍റെ  വായ കുറച്ചുകൂടെ തുറന്നുപോയി, കോടതി അലക്ഷ്യം അല്ലാതെന്ത് ! കരൺ ജോഹർ മൂവികളിലെ costume മാത്രം ധരിച്ചിരുന്ന ജതിന് വെറുമൊരു നാട്ടിൻ പുറത്തുകാരന്‍റെ വേഷം. 

വക്കീൽ പ്രതേകം പറഞ്ഞിരുന്നു മുഖത്തെപ്പോഴും ഒരു ദയനീയ ഭാവം ഉണ്ടാവണമെന്ന്, എന്തുകൊണ്ടോ ലാദിന്‍റെ മുഖത്ത് മാത്രം ശോകവും പുഛവും മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.
 
ഇതൊന്നുംആയിരുന്നില്ല, വക്കീലിന്‍റെ കഴിവുകേട് കൊണ്ടുമാത്രമായിരുന്നു അന്ന് ഞങ്ങൾക്ക് ജാമ്യം കിട്ടിയത്, എല്ലാ ആഴ്ചയും കോടതിൽ ഹാജരാകാമെന്നുള്ള ഉപാധിയിൽ.

പിന്നീടങ്ങോട്ട് ഒരു പിക്നിക് പോകുന്ന പോലെയായിരുന്നു എല്ലാ ആഴ്ചയിലും കോടതിയിലേക്ക് പോകുക, ജതിൻ വീണ്ടും കളർ ആയി, ലാഡിന് തൊപ്പിയായി, ജിജോയ്ക്ക് ബുൾഗാനായി. 

രാവിലെ മുതൽ അവിടിരുന്ന് ഉള്ള കേസ് മുഴുവൻ കേൾക്കുക, ചളു അടിക്കുക, കോടതി മതിലിൽ ഇരുന്നുള്ള സിഗരറ്റ് വലി അങ്ങനെ കോടതി ഒരു കോളേജ് പോലാക്കി. എന്തിനേറെ പറയുന്നു അതുവരെ ഭയ ബഹുമാനത്തോടെ കണ്ടിരുന്ന മജിസ്‌ട്രേറ്റ് വെറും “മജി” ആയിമാറി, അവസാനം ഗതികെട്ട് അങ്ങേര് ഉത്തരവിട്ടു “ഇനി ഇങ്ങോട്ടു വിളിക്കുമ്പോൾ വന്നാൽ മതി” 

ഉദുമ ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ നാട് വിട്ട ഞങ്ങൾ എത്തിപ്പെട്ടത് ബോവിക്കാനത്തും. അവിടെ സാധരണ സ്റ്റഡിലീവിന്‍റെ സമയത്ത് അരുൺ കൃഷ്ണൻ ഉണ്ടാക്കുന്ന ടൈം ടേബിൾ അനുസരിച്ച് പഠിക്കേണ്ട സമയങ്ങളിലെല്ലാം ക്രിക്കറ്റ് കളി, ചീട്ടുകളി വെള്ളമടി എന്നിവ തിരുകിക്കയറ്റാറുണ്ട്.

അങ്ങനൊരു സ്റ്റഡിലീവ് കാലത്ത് ബോസിന്‍റെയും അഭിയുടെയും റൂമിൽ  ഇരുപത്തെട്ടോ അൻപത്താറോ കളി കത്തിക്കയറി നിൽക്കുകയാണ്, സ്ഥിരം  ഗെഡികളായ റിജുവും വാസുവുമൊക്കെയുണ്ട് കളത്തിൽ.

എന്നെ നല്ല വിശ്വാസം ഉള്ള പപ്പ, സമകാലീക അവലോകനത്തിനായി  ഒരു സർപ്രൈസ് വിസിറ്റ് നടത്തി. പേര് അന്വർഥമാക്കിയ “മിന്നൽ” വണ്ടിയിൽ ആരോ വന്ന് വാർണിംഗ് കൊടുത്തു ചുടുവിന്‍റെ parents വരുന്നുണ്ടെന്ന്. പറഞ്ഞു തീർന്നതും അമ്മയും പപ്പയും വാതിൽക്കൽ അവിടെ കണ്ട കാഴ്ചയിൽ അവർ ഞെട്ടിത്തരിച്ചു പോയി. “എട്ട് പേര് വട്ടത്തിൽ ഇരുന്ന് വളരെ കനത്ത എഞ്ചിനീയറിംഗ് ടെസ്റ്റ്ബുക്കുകൾ വായിച്ചുപഠിക്കുന്നു”

“കേസും കോടതിയുമൊക്കെയായി കൊറച്ചു വലച്ചെങ്കിലും പിള്ളേരെല്ലാം നന്നായെന്ന്” ഒരു ആത്മഗത്തോടെ പപ്പ പുറത്തേക്കു പോയി.

റൂമിന്‍റെ മൂലയിൽ എവിടെയോ ഒരു തുറുപ്പു ഗുലാൻ അപ്പോഴും കമിഴ്ന്ന് കിടപ്പുണ്ടായിരുന്നു.

8 Comments

  1. ചുടു-നെടുവീർപ്പുകളിലെ അടുത്ത ഏടുകള്‍ക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു

  2. അപ്പം ചുട്ടെടുക്കുന്ന പോലെ മനോഹരമായി ചുട്ടു 😀

Comments are closed.