ഫസ്റ്റ് ബെഞ്ച്

സാധാരണയായി ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ച് പഠിപ്പികളുടെ ജന്മാവകാശമാണത്രെ. എന്നിട്ടും പഠിക്കുക എന്നത് അവസാന അജണ്ട ആയ ഞങ്ങൾ എങ്ങനെ ഫസ്റ്റ് ബെഞ്ചേഴ്‌സ് ആയി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി തുടരുന്നു. അതും തൊട്ടടുത്ത ഫസ്റ്റ് ബെഞ്ചിൽ നമ്മുടെ ബാച്ചിലെ തന്നെ പേരുകേട്ട പഠിപ്പി ഗാങ് ആയ രാധിക, രാഖി, ഷബ്നം, പിന്നെ ആൺകുട്ടികളുടെ സ്വപ്നറാണി സീന പി പി. ആ കൂട്ടത്തിലുമുണ്ട് ഉത്തരം കിട്ടാത്ത ഒരു കടംകഥ പോലെ സ്വപ്നജീവിയായ മഞ്ജുള. ഇവൾ എങ്ങനെ ഇവരുടെ കൂടെ ഇരിപ്പായി എന്നതും ഒരു ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു.

എന്തായാലും നമുക്ക് നമ്മുടെ കഥയിലേക്ക്‌ വരാം. ഈ ഞങ്ങൾ എന്ന് പറഞ്ഞത് 4 വർഷം ഒരേ ബെഞ്ചിലിരുന്നു ഒരേ മുറിയിലുറങ്ങി 24 മണിക്കൂറും ഒരുമിച്ചുണ്ടായിരുന്ന ഒരു മൂവർ സംഗം – ഡീന, ഞാൻ പിന്നെ ഞങ്ങളുടെ പാവം ഫീനി മോൾ (sorry റീനി മോൾ). എന്തോ നേർച്ച പോലെ എന്നും രാവിലെ കുളിച്ചൊരുങ്ങി, ബെല്ലടിച്ച്‌ സ്റ്റാൻഡ് വിട്ട കോളേജ് ബസ്സിനെ ഓടിച്ചിട്ടു പിടിച്ചു ഒരു ദിവസം പോലും മുടക്കാതെ എന്തിനോ വേണ്ടി ഞങ്ങൾ കോളേജിലേക്ക് പോയ്കൊണ്ടിരുന്നു. അന്ന് ടീവിയിൽ ഇത്രയധികം വെറൈറ്റി ചാനലുകൾ ഇല്ലാത്തതും, മൊബൈൽ ഫോൺ കണ്ടുപിടിച്ചിട്ടില്ലാത്തതും, ഹോസ്റ്റലിലെ മെസ്സ് അത്യാവശ്യം ബോറായതും, എല്ലാംകൊണ്ടും കോളേജ് കട്ട് ചെയ്യാൻ വലിയ താല്പര്യം ഇല്ലായിരുന്നു. ഒന്നുമില്ലെങ്കിൽ കുറച്ചു വായ്നോട്ടവും, ക്ലാസ്സ് നടക്കുമ്പോളുള്ള കുറെ കച്ചറകളും പിന്നെ ഒത്താൽ ഒരു പൊറോട്ടയും ബീഫും, പിന്നെ ഇന്ന് ആര് ആരെ നോക്കി ചിരിച്ചു എന്ന ഡിറ്റക്റ്റീവ് പണിയും, ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾടെ ക്ലാസ്സിൽ അഭയം തേടുന്ന മെക്ക് ബ്രോകളുടെ തള്ളു കേൾക്കലും, ബോവിക്കാനംകാര് ഒരാഴ്ചയായിട്ടു റൊട്ടേറ്റ്  ചെയ്തുകൊണ്ടിരിക്കുന്ന അലക്കാത്ത  ജീൻസ്‌ ഇന്നാരാണ് ഇടുകയെന്ന കണക്കെടുക്കലും, അങ്ങനെ എന്തൊക്കെ കാര്യങ്ങൾ , അതും മിസ്സാക്കാൻ പറ്റൂല്ലാലോ.

അങ്ങനെ ജീവിതം കളർഫുൾ ആയി പോയ്കൊണ്ടിരിക്കുമ്പോളാണ് ഞങ്ങൾക്ക് പുതിയ ഒരു സാറ് വന്നത്. എല്ലാ ദിവസവും ക്ലാസ്സിൽ വന്നാൽ ചോദ്യം ചോദിക്കുക  എന്ന  ഒരു വേണ്ടാത്ത  സ്വഭാവം ഉണ്ടായിരുന്നു പുള്ളിക്ക്. ഫസ്റ്റ് ബെഞ്ചിൽ ഞെളിഞ്ഞിരിക്കുന്ന ഞങ്ങളെ അങ്ങേരു വല്ലാതെ തെറ്റിദ്ധരിച്ചു. പഠിപ്പികൾ  ആണെന്ന ധാരണയിൽ അങ്ങേര് എന്നും ഞങ്ങളോട് ചോദ്യം ചോദിക്കാൻ തുടങ്ങി. എല്ലാ ദിവസവും ഒരുളുപ്പും ഇല്ലാതെ കുന്തംപോലെ എണീറ്റുനില്പ്പും ഒരു പതിവായി. ഞങ്ങൾ ഒറിജിനൽ ഫസ്റ്റ് ബെഞ്ചേഴ്‌സ് അല്ല വേറെ സ്ഥലം ഇല്ലാത്തോണ്ടാ എന്ന് എല്ലാ രീതിയിലും പറയാൻ ശ്രമിച്ചിട്ടും അങ്ങേരു വിടുന്ന മട്ടില്ല. സിറ്റുവേഷൻ പോസ്റ്റുമാർട്ടം നടത്തി വിലയിരുത്തിയപ്പോ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി. ഈ ഫസ്റ്റ് ബെഞ്ച് അഡിക്ഷൻ സിൻഡ്രോം ആണ് പ്രശനം. അവിടുത്തെ ഇരിപ്പു മതിയാക്കിയാലേ രക്ഷയുള്ളൂ. അങ്ങനെ അടുത്ത ദിവസം ഇടതു അറ്റത്തുള്ള സെക്കൻ്റ ബെഞ്ചിൽ ഞങ്ങൾ ഞങ്ങളെ മാറ്റി സ്ഥാപിച്ചു. അവിടുത്തെ സ്ഥിരം കുറ്റികളായ ജോയ്‌സി, നോഷി, സസ്‌വിനെ എവിടെ പോയോ എന്തോ? എന്തായാലും ഞങ്ങളുടെ അടവു ഫലിച്ചു. അന്ന് അങ്ങേരു ഞങ്ങളോട് ചോദ്യം ചോദിച്ചില്ല.

ഈ സെക്കൻഡ് ബെഞ്ചിൻറെ പുറകിൽ ലാസ്റ്റ്‌  ബെഞ്ച് ആണ്. അത് തുടക്കം മുതൽ ആൺപിള്ളേർ കയ്യേറി വെച്ചിരിക്യാ. പിന്നെ ഈ പെൺപിള്ളേരുടെ പിന്നാലെ നടക്കുക ഇരിക്കുക എന്നതൊക്കെ അവരുടെ ജന്മാവകാശം ആയതു കൊണ്ട് ഞങ്ങൾ പെൺകുട്ടികൾ അതിനെ എതിർക്കാനും പോയില്ല. പാവങ്ങൾ അവർക്കും കാണില്ലേ ആഗ്രഹങ്ങൾ.

അപ്പോ പറഞ്ഞു വന്നതു എന്താണെന്നു വെച്ചാ ഈ പിരിയഡ് കഴിഞ്ഞു അടുത്ത പിരിയഡ് തുടങ്ങി.  ടിമോഷിങ്കോ എടുത്തു കൊണ്ട് നമ്മുടെ സ്വന്തം ദിനേശിങ്കോ (സോറി ദിനേശ് സർ) ക്ലാസ്സിൽ വന്നു. ആദ്യത്തെ സാർ പോയതും അടുത്ത സാർ വന്നതും ഒന്നും ഞാൻ അറിഞ്ഞതേ ഇല്ല. കുറച്ചു കാലമായിട്ടുള്ള ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെട്ട സന്തോഷത്തിൽ എന്തോ അന്താരാഷ്ട്ര പ്രശ്നം ചർച്ച ചെയ്യുന്ന തിരക്കിലാണ്. അപ്പോളാണ് പിന്നാലെ നിന്ന് ഒരു അശരീരി “എടൊ 6 വിളിയെടോ “….എന്ന്. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ചാടി എണ്ണീറ്റു “6 present sir ” എന്ന് ഡോൾബി ഇഫക്ടിൽ ഒരു കാച്ചു കാച്ചി.

എല്ലാം വളരെ പെട്ടെന്നായിരുന്നു. ഹൊ രക്ഷപെട്ടു എന്ന് ദീർഘശ്വാസം വിട്ടു അശരീരി വിട്ടവനെ മനസാ സ്മരിച് ഞാൻ ചുറ്റും നോക്കുമ്പോ വായപൊത്തി ചിരിയടക്കാൻ പാട് പെടുന്ന ചിലർ, എന്തോന്നെടെ എന്ന് ആംഗ്യം കാണിക്കുന്ന മറ്റുചിലർ. മൊത്തത്തിൽ ഒരു വശപ്പിശക്. കാര്യം മനസ്സിലാവാതെ കുന്തം വിഴുങ്ങി നില്കുമ്പോ അതാ ഒരു ഗർജ്ജനം “come to staffroom after class”. ഞാൻ നോക്കുമ്പോ ഫുൾ കലിപ്പ് മോഡിൽ  എന്നെ തുറിച്ചു നോക്കുന്ന സാർ. ഓട്ട കണ്ണിട്ടു പിന്നാലെ നിന്ന് വന്ന അശരീരിയുടെ നേരെ നോക്കിയപ്പോ വായിലുള്ള 32 (ഉണ്ടോ ആവോ) പല്ലും പുറത്തു കാട്ടി ഇളിച്ചു കാണിക്കുന്ന Roll No.8. അവനെ ആ സമയത്തു എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മമ്മു നീ ഇന്ന് എവിടെയോ സുഖമായി ജീവിച്ചേനെ. പറഞ്ഞിട്ട് കാര്യമില്ല – വരാനുള്ളത് വഴിയിൽ തങ്ങില്ല , ഓട്ടോറിക്ഷ പിടിച്ചു വീട്ടിൽ വരും. നിനക്ക് രക്ഷപെടാൻ യോഗമില്ലായിരുന്നു.

അങ്ങനെ ഞാൻ ചെയ്ത മഹാപാപം എന്താണെന്നറിയാതെ ക്ലാസ്സ് കഴിയുന്നത് വരെ പോസ്റ്റ് ആയ ഞാൻ ബെൽ അടിച്ചതും സാറിൻ്റെ  പിന്നാലെ വെച്ചടിച്ചു സ്റ്റാഫ്‌റൂമിലേക്ക്. ചായയും പരിപ്പുവടയും വരുന്ന ടൈമായതു കൊണ്ട് അവിടം ഹൌസ് ഫുൾ   ആയിരുന്നു. അങ്ങനെ ഫുൾ ഹൌസ്സിൻ്റെ മുൻപിൽ വെച്ച് സാർ മലവെള്ളപ്പാച്ചിൽ പോലെ കത്തിക്കയറുകയാണ്. ഏറെ പണിപ്പെട്ട് ഞാൻ ചെയ്ത അപരാധം ഞാൻ മനസ്സിലാക്കി. സാർ “attendance please” എന്ന് പറഞ്ഞു ഫുള്സ്റ്റോപ് ഇടുന്നതിൻ്റെ മുൻപേ ആയിരുന്നു ചാടി എണീറ്റുള്ള എൻ്റെ പെർഫോമൻസ്. 1,2,3,4,5  ഇതൊക്കെ വിളിച്ച് കഴിഞ്ഞു മാത്രമേ 6 വിളിക്കാൻ പാടുള്ളു അത്രേ . എന്താല്ലേ ? വല്ലാത്ത പാർഷ്യലിറ്റി …കിട്ടാനുള്ളതെല്ലാം മാന്യമായി വാങ്ങി അറിയാവുന്ന ഭാഷയില്ലെല്ലാം സോറി പറഞ്ഞ് ഇനി നന്നായിക്കോളാം എന്ന് വാക്കും കൊടുത്തു നമ്രമുഖിയായി സ്റ്റാഫ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോ ദേ അവിടെ തൂണും ചാരി ഇളിച്ചോണ്ടു നില്കുന്നു Roll No. 8. പിന്നെ പരാതിയായി വഴക്കായി പൊട്ടലും ചീറ്റലുമൊക്കെയായി അവസാനം ഒരു പൊറോട്ടയിലും ബീഫിലും നമ്മൾ കോമ്പ്രോമൈസ് ആയി. അന്നൊക്കെ ഒരു പൊറോട്ട ബീഫിൽ തീരാത്ത ഒരു പ്രശനവും ഇല്ലായിരുന്നല്ലോ നമുക്കിടയിൽ.

അങ്ങനെ അന്നാണ് 1,2,3,4,5 കഴിഞ്ഞേ 6 വരാവു എന്ന മഹത്തായ പാഠം ഞാൻ പഠിച്ചത്. അതിനു വഴി ഒരുക്കിയ Roll No 8 -അർജുൻ ഇ വാസുദേവിനോടു ഞാൻ കടപ്പെട്ടിരിക്കുന്നു. എന്തായാലും ഞങ്ങൾ മൂവർ സംഗം അതോടെ ഞങ്ങളുടെ സ്വന്തം ഫസ്റ്റ് ബെഞ്ചിലേക്ക് തിരിച്ചു പോയി. പിന്നെ കോളേജുകാര്  ഇറക്കി വിടുന്നത് വരെ അവിടുന്ന് മാറിയിട്ടേ  ഇല്ല.

-അഞ്ജന

10 Comments

  1. അടിപൊളി അഞ്ജന ..കവിത മാത്രമല്ല കഥ പറച്ചിലും കലക്കി

    എന്നാലും ബോവിക്കാനകാര് rotate ചെയ്യുന്ന കാര്യം കണ്ടു പിടിച്ചല്ലേ (അവന്മാരോടൊക്കെ മാസത്തിൽ ഒരിക്കലെങ്കിലും അലക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു ,അതെങ്കിലും ചെയ്തിരുന്നേൽ കണ്ടു പിടിക്കില്ലായിരുന്നു )

    • Edey pora kathumbol athilu ninnu kazhukkol valichu urallee….njangal alakkiyittu venam ninakku njelinju nadakkan…ninne akki bhayiyil ninnu Brutus bhai aakki….

      • കിച്ചു ദാദ ,അവന്മാരോട് മുടിഞ്ഞ അസൂയയായണ് ..ഇങ്ങനേലും തീർക്കണ്ടേ …ഒരു മെക്കാനിക്കൽ ഇലക്ട്രോണിക്സ് കുശുമ്പ് ,അടക്കാൻ പറ്റുന്നില്ല

Comments are closed.