
By Biju K.C
നാളയാണ് ഗെറ്റു.
ഒരു ദിവസം മുന്നേ എത്തണം എന്നത് പണ്ടേ തീരുമാനിച്ചതാണ് പക്ഷേ എത്തിപ്പെട്ടത് കണ്ണൂര് തീവണ്ടി രൺധീറിൻ്റെ വീട്ടിലാണ്.
എന്ത് കൊണ്ടാണ് അവനെ തീവണ്ടിന്ന് വിളിക്കുന്നത് !!!
അവൻ്റെ നീളം കൊണ്ടോ അതോ എപ്പോഴും പുകയുന്നത് കൊണ്ടോ, കഴിഞ്ഞ മുപ്പത് വർഷമായി അതിൻറെ യഥാർത്ഥ കാരണം അവന് പോലുമറിയില്ല.
പഴയ തീവണ്ടികഥകൾ വെറുതെ ഒന്നയവിറക്കിയപ്പോഴേയ്ക്കും ജീജോ എത്തി. വെറും കൈയ്യോടയല്ല കയ്യിലൊരു Hennessy Cognac മായാണ് അവൻ്റെ വരവ്.
പണ്ട് അവൻ ചായക്കടയാണെന്ന് കരുതി ചാണക്യബാറിലെത്തി അബദ്ധവശാൽ മദ്യം സേവിച്ച് പണി കിട്ടിയത് ഓർമ്മയുണ്ട്, വെളുത്ത ശരീരത്തിൽ കറുത്ത പാടുകൾ രൂപാന്തരപ്പെട്ടത്, ഡാൽമേഷ്യൻ പട്ടിയെപ്പോലെ ……
പൊയ്നാച്ചി ബന്തടുക്ക ഭാഗത്ത് അക്കാലത്ത് ഡാൽമേഷ്യൻ പട്ടികൾ വാലൻ പട്ടികൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .വാലില്ലാത്തതുകൊണ്ട് അവൻ പിന്നീട് വീലൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇവനാണ് നമ്മുടെ കാസറഗോഡ് യാത്രയുടെ സംഘാടകൻ…
ട്രെയിനിന് ടിക്കറ്റെടുക്കാൻ പറഞ്ഞപ്പോൾ എപ്പൊ എണീക്കും എന്നറിയാത്തത് കൊണ്ട്, രാവിലെ മാവേലി മുതൽ ഉച്ചയ്ക്ക് വന്ദേഭാരത് വരെയുള്ള എല്ലാ ട്രെയിനിലും അവൻ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഇതൊന്നും കൂടാതെ കൊപ്ര വിജേഷിൻ്റെ സ്വരാജ് ബസ്സിൽ ചോട്ടു രാഗേഷിനെ വിളിച്ച് മൂന്ന് സീറ്റേർപ്പാടിക്കിയുട്ടുണ്ട് .
ആള് ചില്ലറക്കാരനല്ല പത്ത് തലയാണവന് ,മെക്കിലെ രണ്ടിൽ ഒരു ഫുൾപാസ് അവൻ്റെ പേരിലാണ്…
ഇനിയെങ്ങാനും സ്വരാജ് ബസ്സിൽ പോയില്ലെങ്കിൽ രാഗേഷ് പിണങ്ങുമോ !!!
“ഏയ് രാഗേഷ് പാവമാണ് “, അവൻ്റെ ഏതെങ്കിലും FB പോസ്റ്റിന് ലൈക്കും ഷെയറും കൊടുത്ത് അവനെ ഒതുക്കാമെന്ന് വീലൻ കണക്ക് കൂട്ടി.
അടുത്ത ദിവസം പ്രതിക്ഷിച്ച പോലെ രാവിലെയുള്ള എല്ലാ ട്രെയിനും കൂടാതെ സ്വരാജ് ബസ്സും മിസ്സായി , രണ്ടും കല്പിച്ച് സ്റ്റേഷനിലിലെത്തിയപ്പോൾ ഇൻ്റർസിറ്റി അല്പം ലേറ്റായി ഓടുന്നു, വളരെ അപ്രതീക്ഷിതമായാണ് ട്രെയിനിൽ മാള ഹമീദിനെ കണ്ടത് അതും തൊട്ടടുത്ത സീറ്റിൽ.
മെക്ക് പഠിച്ച് കമ്പ്യൂട്ടർ മേഖലയിൽ എത്തിയ ഒരുപാട് പേരുണ്ടെങ്കിലും കമ്പ്യൂട്ടർ പഠിച്ച് മെക്ക് മേഖലയിൽ എത്തിയ അപൂർവ്വം ചിലരിൽ ഒരാളാണ് ഹമീദ്.
ഖത്തറിലെ ജോലിയൊക്കെ ഉപേക്ഷിച്ച് നാട്ടിൽ കഷണ്ടിക്കുള്ള മരുന്ന് AI സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹമീദ്. ആദ്യപരീക്ഷണം സ്വന്തം തലയിൽ നടത്തിയതിനാൽ ഇപ്പോൾ അവൻ തൊപ്പി ധരിച്ച് മാത്രമേ പുറത്തിറങ്ങാറുള്ളൂ. രണ്ടാമത്തെ പരീക്ഷണത്തിനായി എൻ്റെ തലയിലേയ്ക്ക് അവൻ തുറിച്ച് നോക്കുന്നുണ്ടായിരുന്നു, എന്തായാലും ഞാനല്പം മാറിയിരുന്നു. അവൻ്റെ കൊച്ചുകൊച്ചു തള്ളുകൾ ആസ്വദിച്ചുള്ള ആ ട്രയിൻ യാത്ര പെട്ടെന്ന് കാഞ്ഞങ്ങാടെത്തി.
കാഞ്ഞങ്ങാട് പഴയ കാഞ്ഞങ്ങാട് തന്നെ , ഒരു ടാക്സി പോലും ഇല്ലാത്ത റയിൽവേ സ്റ്റേഷൻ.
സിനിമാസ്റ്റൈലിൽ ഒരോട്ടോ ചേട്ടൻ ഓട്ടോ വീശിയെടുത്ത് മുന്നിൽ കൊണ്ട്നിർത്തി ചോദിച്ചു.
“ ഏട പോക് ണം”
“ ബേക്കൽ” വീലൻ പറഞ്ഞു.
“മൂന്നാളും ലഗേജും ബേക്കില് രൊള് മുന്നില് കേറിക്കോ”
“ എന്നിട്ട് ചേട്ടൻ ബസ്സ് കേറി വര് ഓ” …വീലൻ്റെ ചോദ്യത്തിന് മുന്നിൽ ഓട്ടോ ചേട്ടൻ പകച്ച് പോയി..
ഉപേക്ഷിക്കപ്പെട്ട ഞങ്ങൾ പിന്നീടങ്ങോട്ട് കാഞ്ഞങ്ങാട് ടൗൺ വരെ നൊസ്റ്റു അടിച്ചു നടന്നു, അവിടെ നിന്ന് ടാക്സി പിടിച്ച് ഗേറ്റ് വേയിലേക്ക്…
ഗേറ്റ് വേയിലെത്തിയപ്പോൾ അന്ജന ഞങ്ങളെ സ്വീകരിച്ചു. അന്ജനയെ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിച്ച് ഞങ്ങൾ ഒരുപാട് പ്രശംസിച്ചു കൂട്ടത്തിൽ നാല്പതു കഴിഞ്ഞപ്പോൾ നയൻതാരയുടെ ലുക്കുണ്ടെന്നും പറഞ്ഞു.
സംഗതി ഏറ്റു ഞങ്ങൾക്ക് കിട്ടിയ കിറ്റിൽ രണ്ട് എക്സ്ട്രാ ഡ്രിംക്സിനുള്ള കൂപ്പൺ ഇട്ടിട്ടുണ്ടായിരുന്നു, മാത്രമല്ല രാവിലെ മുതൽ ക്യൂനില്ക്കുന്ന ദാസപ്പനേയും വിശാഖിനേയും വകവയ്ക്കാതെ ഞങ്ങളുടെ റൂം പെട്ടെന്ന് ശരിയാക്കി തന്നു.
റൂമിലേക്കുള്ള വഴിയിൽ വച്ചാണ് ഡീനയെ കാണുന്നത്. പണ്ട് പഠിച്ച കാലത്ത് വലിയ അടുപ്പമൊന്നുമില്ല , ഇപ്പോഴുമില്ല …പക്ഷേ ആളിപ്പോൾ ഉഷാറ് കോമഡിയാണ് . ഡീനയുള്ള ഗ്രൂപ്പിന് ഒരു സിദ്ധിക്ക് ലാൽ സിനിമയുടെ ഫീലാണ്.
ഒരു ചെറിയ സുഖിപ്പീര്.. ഇത്രയൊക്കയേ നമുക്ക് ചെയ്യാൻ പറ്റൂ…
ഡീന സന്തോഷിക്കട്ടെ !!!
ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അച്ഛൻകുഞ്ഞിനേയും ഗുവാമിൽ നിന്ന് വന്ന ഗുണ്ട് സോവ രാജേഷിനേയും കണ്ടത്. ഞങ്ങളെ കണ്ട ആവേശത്തിൽ രാജേഷ് കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി ഞങ്ങളും അവനോടൊപ്പം തുള്ളിച്ചാടി…
പിന്നീടാണ് മനസ്സിലായത് അമേരിക്കൻ അധീനതയിലുള്ള ഗുവാം ദ്വീപുകളിലെ ചമാരോ ഗുണ്ട് സോവ ഗോത്രവർഗ്ഗക്കാർ തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവരെകാണുമ്പോൾ സന്തോഷം പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണത്രേ.. അവൻ സംസാരിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞ് പോകുന്നുണ്ടായിരുന്നു, നാക്ക് വടിക്കാത്തതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് പക്ഷേ ചമാരോ ഗോത്രഭാഷയായ ഫിനോ ആയിരുന്നു അത്. രാജേഷാണ് ഇപ്പോൾ ചമാരോ ഗോത്രവർഗ്ഗത്തിൻ്റെ മൂപ്പനെന്ന് ചിലരൊക്കെ അടക്കം പറയുന്നുണ്ടായിരുന്നു..
വീണ്ടും താഴെയെത്തിയപ്പോഴാണ് അരുൺ മോളിയെ കണ്ടത്.അരുൺ മോളി ബാംഗലൂരിൽ നിന്നും ദീപുവേട്ടൻ്റെ കാറിലാണ് വന്നത്.ബാംഗലൂർ മുതൽ മൈസൂർ വരയുള്ള അവരുടെ യാത്ര മുഴുവൻ പട്ടാളത്തിലെ സാഹസിക കഥകളായിരുന്നത്രേ. പാകിസ്ഥാൻ തീവ്രവാദികളെ കാസർഗോഡ് ഭാഷ പറഞ്ഞ് ചൈനീ സാണെന്ന് ധരിപ്പിച്ച് കബളിപ്പിച്ച് കീഴടക്കിയത് അതിൽ ചിലത് മാത്രം. അരുൺ മോളി ഞങ്ങളെ സ്നേഹപൂർവ്വം റൂമിലേക്ക് ക്ഷണിച്ച് ആവശ്യത്തിലധികം മദ്യം ഓഫർ ചെയ്തു. എല്ലാം മിലിട്ടറി കുപ്പികൾ , പട്ടാളക്കഥകൾ കേട്ടിരുന്നതിന് പാരിതോഷികം കിട്ടിയതായിരിക്കും ഈ കുപ്പികളെന്ന് ഞങ്ങൾ ഊഹിച്ചു.
ഉച്ചക്ക് ശിങ്കാരിമേളത്തോടെ പരിപാടികൾ ഔദ്യോകികമായി ആരംഭിച്ചു. മുഖത്തോട് മുഖം നോക്കി ശിങ്കാരി വിദ്വാൻമാർ താളവ്യത്യാസമില്ലാതെ മേളം പൊടിപൊടിപ്പിക്കുകയാണ്, തലനരച്ച വാല്യക്കാരും കളറടിച്ച വാല്യക്കാരികളും താളത്തിനനുസരിച്ച് സ്റ്റെപ്പ് കൊടുക്കുന്നുണ്ട് ഇതിൽ സച്ചിൻ സദായുടെ ഡാൻസ് വ്യത്യസ്തമായി .കഴിഞ്ഞ 25വർഷമായി സച്ചിൻ സദായ്ക്ക് ഒരു മാറ്റവുമില്ല. അവൻ്റെ പ്രകടനം മറ്റുള്ളവർക്കും ഒരു പ്രചോദനമായി.എയർഫോർസ് പ്രൊമോഷന് ഡാൻസ് ഒരു ഐറ്റമായിരുന്നെങ്കിൽ അവൻ ഇന്ന് ഒരു എയർമാർഷലെങ്കിലും ആയേനേ. ശിങ്കാരിമേളത്തിന് ശേഷമുള്ള ചായക്ക് ചാരായമില്ലാത്തതും പഴം പൊരിക്ക് ബീഫ് ഇല്ലാത്തതും ഒരു പോരായ്മയായി ചില മെക്കൻ മാർ ചൂണ്ടിക്കാട്ടി. ഏതു പരിപാടിയും കളർഫുൾ ആവണെമെങ്കിൽ ഒരിത്തിരി അലമ്പ് അത്യാവശ്യമാണ്. ഇതു നേരത്തേ മനസ്സിലാക്കിയ അർജുൻ ആവശ്യത്തിലധികം അലമ്പുമായാണ് പരിപാടിക്കെത്തിയത്.
ടെൻഷനടിച്ചു നടക്കുന്ന ജിഷിയോട് വെറുതെ കുശലം ചോദിക്കാൻ ചെന്നതാണ്, കൈ കൊടുത്തപ്പോൾ എൻ്റെ കൈ പിടിച്ച് തിരിച്ചു..
“ ആരാടാ പാവാടക്കഥ പുറത്ത് വിട്ടത്“
എൻ്റെ കൈ ചക്കിലിട്ട കരിമ്പ് ചതയണയത് പോലെ ചതഞ്ഞു , എൻ്റെ ദയനീയ രോദനം അവൻ പല്ലുകളമർത്തി ആസ്വദിച്ചു.
സകല പാവാട ദൈവങ്ങളേയും വിളിച്ച് ഞാൻ കരഞ്ഞു, കരിമ്പ് ചേച്ചിയെ ഓർമ്മിപ്പിച്ചപ്പോൾ ജിഷി അല്പം അയഞ്ഞു.
റിജു റാഫി എത്തിയപ്പോഴേക്കും ചുറ്റിലും ആരാധകർ വളഞ്ഞു. റിജു ഒരുപാട് വളർന്നിരിക്കുന്നു. റിജു ഇപ്പോൾ പഴയ റിജുവല്ല. അക്കി അക്കി എന്ന് വിളിച്ച്കൂവിക്കൊണ്ട് മെക്കനെന്നോ ആത്മനെന്നോ വ്യത്യാസമില്ലാതെ ആരാധകർ ചുറ്റിലും ഉണ്ട്. മെക്കൻ രവി തന്നെ അടുത്ത കഥയിലെ നായകൻ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നിൽതന്നെയുണ്ട്.അവനെ എഴുത്തിനിരുത്തിയ കൊച്ചു റോഷൻ പരിപാടിക്കെത്തിയില്ല, ഇതൊന്നും താങ്ങാനുള്ള മനക്കരുത്ത് അക്കിയുടെ ആശാനില്ല.
DJ പാർട്ടി തുടങ്ങിയപ്പോഴേക്കും അല്പം ലേറ്റായി പ്രസൂൺ എത്തി. പ്രസൂണായിരുന്നു ഈ പ്രോഗ്രാമിലെ താരം. വെറും രണ്ട് ദിവസത്തേക്ക് മാത്രം ദോഹയിൽനിന്ന് വന്നതാണ്.ദോഹയിൽ നിന്ന് കൊച്ചിയിലെത്തി അവിടെ നിന്ന് ഇൻഡിഗോയുടെ ഒരു ചെറുവിമാനത്തിലാണ് കണ്ണൂരെത്തിയത്. വിമാനത്തിൻ്റെ വാതിലിന് വീതി കുറവായതിനാൽ അതിസാഹസികമായാണ് അവൻ പുറത്തിറങ്ങിയത്.പിന്നീടൊരു പാതി അടഞ്ഞ ജീപ്പിൽ ബേക്കലിലെത്തി. പ്രസൂണിൻ്റെ വരവോടെ വെറുംപ്രാർത്ഥനമാത്രമായി കഴിയുന്ന സ്വാമിജി അനിൽ ഭാട്ട്യപോലും സ്റ്റെപ്പിട്ട് തുടങ്ങി, നേരം പുലരുവോളം പാർട്ടിയുടെ ആവേശം കെട്ടെടങ്ങിയിട്ടുണ്ടായിരുന്നില്ല.
പിറ്റേ ദിവസം നേരത്തേ തന്നെ കോളേജിലെത്തി, ഫസ്റ്റ് ബെഞ്ച് പിടിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ നടന്നില്ല. തൊട്ടുമുന്നിൽ ദേവിയായിരുന്നു. ദേവി ഇടയ്ക്കിടക്ക് ആരെയോ അങ്ങ് പിറകിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. പഠിച്ച കാലത്ത് ആരോടോ എന്തോ പറയാൻ വിട്ട് പോയെന്ന് തോന്നുന്നു. ഒരു കൗതുകത്തിന് ഞാനും തിരിഞ്ഞ് നോക്കി..
99 ബാച്ചിൻ്റെ പേരിൽ ചെടി നടാനിറങ്ങിയപ്പോൾ, പഴയ അദ്ധ്യാപകരെല്ലാം നിരന്ന് നില്പുണ്ട്. ചെന്ന് പെട്ടെത് ലോറൻസ് സാറിൻ്റെ മുന്നിലായിരുന്നു. ലോറൻസ് സാറാണ് പഠിപ്പികളും ഉഴപ്പികളും തമ്മിലുള്ള അന്തരം കുറച്ചത് ,അതായത് രാവും പകലും കണ്ണിൽ ഈർക്കിലി ഇട്ട് പഠിച്ച അശ്വനിക്ക് 40 മാർക്ക് കിട്ടുമ്പോൾ എനിക്ക് 35 മാർക്ക്. അത് കൊണ്ട് സാറ് എനിക്ക് ഇപ്പോഴും പ്രിയപ്പെട്ടത് തന്നെ.
സാറിനെ ഒന്ന് സുഖിപ്പിക്കാമെന്ന് കരുതി പറഞ്ഞതാണ്
“ സാറിൻ്റെ ഹ്യുമാനിറ്റീസ് ക്ലാസ്സുകൾ ഇന്നും ഒരോർമ്മയാണ് !!”
ഒരല്പം പുഛത്തോടെ എൻ്റെ ലൈഫിൽ ഹ്യുമാനിറ്റീസ് ക്ലാസ്സെടുത്തിട്ടില്ലെന്ന് സാറും….
ചെടി നടാനുണ്ടെന്ന് പറഞ്ഞ് ഞാൻ സ്കൂട്ടാവാൻ നോക്കി… വാഴ നടാതെ സൂക്ഷിക്കണമെന്ന് സാറ് വീണ്ടും..
രണ്ട് ദിവസം പോയതറിഞ്ഞില്ല, പൊയ്നാച്ചി , ചട്ടഞ്ചാൽ,ബേക്കൽ അങ്ങിനെ പഴയ തട്ടകങ്ങൾ ഞങ്ങൾ കയറിയിറങ്ങി. അതിൽ പൊയ്നാച്ചി ആകെ മാറിയിരിക്കുന്നു. പഴയ ലേഡീസ് ഹോസ്റ്റൽ ഇന്നില്ല. മെൻസ് ഹോസ്റ്റലിലേക്ക് നോക്കിയപ്പോൾ ആ പഴയ കെട്ടിടം ആരെയൊക്കയോ മിസ് ചെയ്തത് പോലെ തോന്നി. മെൻസ് ഹോസ്റ്റൽ ബാലക്കണികളിലെ നിത്യഹരിതകാമുകൻ വേണുവും കുറ്റിബീഡിയുമായി നടക്കുന്ന ആർസി സുജിത്തും പരിപാടിക്ക് വന്നില്ല എങ്കിലും പൊയ്നാച്ചി പരിസരങ്ങളിൽ തളിർത്ത വാഴക്കന്നുകൾക്ക് പോലും അവരുടെ മുഖച്ഛായ ഉള്ളത്പോലെ തോന്നി.
ഗെറ്റുവിൻ്റെ അവസാനം സച്ചിനൊരു സംശയം
“ നിനക്കെങ്ങനെയാ “പാട്ടാ” ന്ന് പേര് വന്നത്.
“ ന്ത് പാട്ടയോ, അപമാനിക്കരുത്… !!! അവനെത്ര ത്യാഗം സഹിച്ച് നേടിയ പേരണെന്നറിയോ നിനക്ക് ??”
ഇവൻ ഓവറാക്കും , തീവണ്ടിയുടെ അമിതാവേശം കണ്ട് ഞാനിടപ്പെട്ടു ,അല്ലേലും എൻ്റെ മാനം എൻ്റേത് മാത്രമല്ലേ !!!
“സച്ചിനേ പറഞ്ഞു തരാം “
“ ഇപ്പോഴല്ല അടുത്ത ഗെറ്റുവിന് !!!”
തുടരണം……
പടച്ചോനെ ഇതിനൊരു അവസാനം ഇല്ലേ! ഗെറ്റു അയവിറക്കൽ ഇനിയൊരു 25 കൊല്ലം അനുഭവിക്കണം എന്നാണോ!ഇനി ആരെങ്കിലും ഗെറ്റു വമ്പുമായി വന്നാൽ ബിജു എങ്ങനെ പട്ട ബിജുവായെന്ന് ഞാനും എഴുതും.
പാവാട കഥ പുറത്ത് വിട്ടതോ? പാവാട കഥ ഉണ്ടാക്കിയത് എന്ന് മാറ്റിയില്ലെങ്കിൽ അഡ്മിനെ ഞാൻ plane chart ചെയ്ത് വന്നു കൊല്ലും..
അഡ്മിൻ അന്നും ഇന്നും നിരപരാധിയാണ്…! പാവടയൊക്കെ ഉടുക്കാറുണ്ടോ ജിഷിയേ ???
എട പാപി ഞാൻ മാളക്കാരനല്ല ഇരിങ്ങാലക്കുടക്കാരനാണ്. വളരെ
ഇന്നസെൻറ്. ഇനി മുതൽ തിരിഞ്ഞു നോക്കാതേ നേരെ നോക്കണം. ഈ എഴുത്തിനു ബദലായി ഞാനും ഒരു കഥ എഴുതുന്നുണ്ട്
പൊയിനാച്ചി പരിസരത്തെ വാഴ പ്രയോഗം കലക്കി പട്ട … ചിരിച്ചു ചത്തു
ഗെറ്റ് ടുഗെതർ മെമ്മറിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 🥰🥰🥰
bqbejf
5x5sse