ഹാങ്ങ് ഓവർ



ഉറക്കം എഴുന്നേറ്റാൽ ആദ്യം നോക്കുന്നത് വേറെ പുതിയ ഏതേലും ഫോട്ടോസ്, വീഡിയോസ് വല്ലതും വന്നോ എന്നാണ്… ഞാൻ കളിച്ച ഡാൻസ് വീഡിയോ ആണേൽ അപ്പൊ തന്നെ ഡിലീറ്റ് ബട്ടൺ ഞെക്കും… തീരെ ക്ലിയർ അല്ലാത്ത ഒരു വീഡിയോ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരു 3-4 റൌണ്ട് അടിച്ചിട്ട് വേണം നോക്കാൻ, എന്നാലും ജാള്യത മാറുമോ എന്ന് സംശയം. ആ… അത് പോട്ടെ, വിഷയം നൊസ്റ്റു ഹാങ്ങ് ഓവർ… ബല്ലാത്ത ഒരു അവസ്ഥ!

നൊസ്റ്റുവിനെക്കാൾ ഇപ്രാവശ്യം “താര പരിവേഷത്തിൽ” പുതിയ കുറെ രോമാഞ്ചങ്ങൾ ആയിരിക്കുമെന്നായിരുന്നു എന്‍റെ വിശ്വാസം. തുടക്കത്തിലേ അത് തകർത്തു കാട്ടിലെറിഞ്ഞ ട്രയിനിലെ പെൺ പടക്ക് ഒരായിരം നന്ദി, എന്നാലും ലേശം ദയവൊക്കെ ആവാമായിരുന്ന്… കൂടെ കളിച്ചവനും, കൂടെ മെക്കിൽ ഉഴപ്പിയവനും ഒന്നും എന്നെ മനസിലാകുന്നില്ല. റോഷനോട് അന്നേ ഞാൻ പറഞ്ഞതാ “അക്കി “കഥയിൽ എന്റെ പഴയ ഫോട്ടോ കുത്തി തിരുകരുതെന്ന്… ഉന്തിന്റെ കൂടെ ഒരു തള്ളും എന്നുള്ള രീതിയിൽ പെൺകുട്ടികളിൽ ഒരാൾ പേര് പറഞ്ഞു പരിചയപെടുന്നതിനിടയിൽ “ഈ റിജു ഞങ്ങളുടെ റിജു റാഫി ഒന്നും അല്ലല്ലോ”. അപ്പുറത്തു ശങ്കറും അഭിയും പിടിച്ചില്ലായിരുന്നേൽ വന്ദേ ഭാരത്തിൽ നിന്ന് ഞാൻ ചാടിയേനെ. ഞാൻ എന്തേലും കടുംകൈ ചെയ്യും എന്നോർത്ത് ലിജി ഇപ്പോഴും എല്ലാ ദിവസവും രാവിലെ വിളിച്ചു അന്വേഷിക്കാറുണ്ട്. അബ്രഹാമും ശങ്കറുമൊക്കെ ആളുകളോട് തർക്കിക്കുന്നു, നിനക്കൊക്കെ എന്താ ഇവനെ മനസിലാവാത്തെ എന്ന് പറഞ്ഞു. അവരെ ആശ്വസിപ്പിക്കണോ സ്വയം ആശ്വസിക്കണോ എന്ന സംശയത്തിൽ കുറച്ചു നേരം നിർജീവമായി നിന്നു

അങ്ങനെ “സ്റ്റാറിൽ ” നിന്ന് ഞാൻ ഭൂമിയിൽ ചവിട്ടി… പരിപാടിക്ക് പോയി ഡാൻസ് കളിക്കുക തല്ലിപൊളികളുമായി അടിച്ചു പൊളിക്കുക… പെൺകുട്ടികളെ ഞാൻ എന്റെ മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞു. ഡീന ,മച്ചു മാപ്പു തരു… നിങ്ങളും കൂടി എന്നെ മനസിലായില്ല എന്ന് പറഞ്ഞാൽ താങ്ങാനുള്ള കരുത്തു ഹൃദയത്തിനില്ലായിരുന്നു. പഴയ കാലത്തിലെ പോലെ രണ്ടു ദിവസം അടിച്ചു പൊളിക്കുക ഇതായി എന്റെ പുതിയ ലക്‌ഷ്യം

ആദ്യ ദിവസത്തെ ഡാൻസിനെ കുറിച്ച് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ! പറയുമ്പോൾ തന്നെ നാണം വരുന്നു. ഹോഹോ എന്താ അവിടെ കാട്ടി കൂട്ടിയത്! അർജുൻ മുതലാളിയുടെ ഡാൻസിനെ കുറിച്ചുള്ള ആമുഖവും, അബ്രഹാമിന്റെ പൂക്കൾ ഷർട്ടും, ജേക്കബിന്റെ മുണ്ടും, 14 പേരും 28 വേറെ വേറെ സ്റ്റെപ്പുകൾ! ഇതൊന്നും പോരാതെ അവസാനം ഷർട്ട് ഊരലും ഗ്രൂപ്പ് ഡിസ്‌കഷനും… വല്ലാത്തൊരു ഡോഗ് ഷോ ആയി പോയി…

അതിനു ശേഷം വെള്ളം കളിയിലും ഭക്ഷണത്തിലും ശ്രദ്ധിച്ചു. അടുത്ത ദിവസം നീലേശ്വരത്തെ റിസോർട്ടിൽ പോയുള്ള കലാപരിപാടികൾക്കും കൂടിയുള്ള എനർജി കരുതി വച്ചു.

കോളേജിൽ എത്തിയപ്പോൾ അഞ്ജനയുടെ നന്ദി പ്രസംഗം നിക്ക് ഇശ്ശി പിടിച്ചിരിക്കുണു. കുട്ടി എന്നെ കരയിപ്പിച്ചേനെ. ഞാനും ജിജോയും പ്രസൂണും വൈകി എത്തിയതിനാൽ മുൻപ് പ്രസംഗിച്ചവരെ കേൾക്കാൻ ഭാഗ്യമുണ്ടായില്ല, ക്ഷമിക്കണം.

സാറുമാർ എല്ലാവരെയും കൂടി ഗ്രൂപ്പ് ഫോട്ടോ എടുത്തു. അവരോടൊക്കെ ഞാൻ പേര് പറഞ്ഞിട്ട് നോക്കുമ്പോൾ വേറെ രൂപമായതു കൊണ്ട് “ആ മനസിലായി” എന്നൊക്കെ പറഞ്ഞു അവർ പതിവ് ഗുരു ശിഷ്യ ബന്ധം പുലർത്തി. പണ്ടും എന്നെ അറിയുമോന്നു അറിയില്ല പിന്നല്ലേ ഇപ്പോൾ!

ശേഷം അതാതു ക്ലാസിൽ പോയി കൊട്ടിപ്പാട്ടും ഫോട്ടോ എടുപ്പും ആയപ്പോൾ എനിക്ക് 30 വര്ഷം പുറകിലേക്ക് പോയി. റോഷ്, അൻവർ, സനൽ, ജതിൻ, വേണു… നിങ്ങള് കൂടി വേണായിരുന്നു.

എല്ലാം കഴിഞ്ഞു കാറിൽ കയറിയപ്പോൾ ഞാൻ അറിയാതെ എന്നിൽ ഒളിച്ചിരുന്ന അശ്രുക്കൾ കണ്ണിൽ നിന്നുതിർന്നോ എന്ന് ഒരു സംശയം

ശേഷം ബോവിക്കാനത്തു പോയി 16.50 കള്ളു ഷാപ്പിലും, മണി ചേട്ടന്റെ കടയിലും പോയി ചേട്ടന്റെ കൂടി ഫോട്ടോ ഒക്കെ എടുത്തു. ദീപക്കേ… പറ്റു പുസ്തകത്തിൽ നിന്റെ പേര് ഇപ്പോളും ഉണ്ട്. വരാത്തതിന് ശിക്ഷയായി നീ ഇനി ഒറ്റക്കു വന്നു കൊടുത്താൽ മതി.

ചുരുക്കം പറഞ്ഞാൽ ജീവിതം വഴി മുട്ടി നില്കുവാണ്. ആ രണ്ടു ദിവസത്തെ ഓർമ്മകൾ കാരണം നേരെ ചൊവ്വേ പണിയെടുക്കാൻ സാധിക്കുന്നില്ല. എന്നിലെ ഊർജ്ജവവും പ്രസരിപ്പും എല്ലാം ഞാൻ അവർക്കു പങ്കു വച്ച് തീർത്തോ എന്നാണ് സംശയം. ഈ രണ്ടു ദിവസത്തെ ഓർമയ്ക്ക് വേണ്ടിയാണൊ ഞാൻ ജീവിതം മുഴുവൻ ജീവിച്ചത്. മറക്കാൻ പറ്റുന്നില്ല, അത്രയ്ക്ക് ആഴം ഉണ്ടായിരുന്നോ നമ്മളൊക്കെ തമ്മിലുള്ള ബന്ധങ്ങൾക്ക്? അതോ ഇത് വെറും നൊസ്റ്റു ഹാങ്ങ് ഓവർ ആണോ?

നിങ്ങൾക്കൊക്കെ എങ്ങനെ ആണെന്ന് അറിയാൻ താല്പര്യത്തോടെ

വീണ്ടും റിജു

16 Comments

  1. എന്തു പറയാനാ അക്കി ഭായ് പൊളിച്ച്….നിനക്ക് ഇനി വല്ല പുരസ്കാരം കിട്ടുമോ എന്നാ എൻ്റെ പേടി….അക്കി ഭായ് റോക്ക്സ്

  2. നമ്മളുടെ കൂട്ടത്തില്‍ മലയാളം വായിക്കാന്‍ കഴിയാത്തവരുണ്ട്, അവര്‍ക്കായി ഇത്തവണ ഒരു സൂത്രം ഒരുക്കിയിട്ടുണ്ട്. “ഈ ലോകത്ത് ഏറ്റവും സുന്ദരമായ ശബ്ദത്തില്‍” റിജു എഴുതിയത് നിങ്ങള്‍ക്ക് ഇവിടെ കേള്‍ക്കാന്‍ സാധിക്കും.
    ശെരിക്കും റോഷ് നീ പറഞ്ഞത് വളരെ ശെരിയാണ്
    ലിജി പൊളിച്ചു 😍😍😍

Leave a Reply

Your email address will not be published.


*