
By Biju
പത്തിരുപത്തെട്ടു വർഷം മുമ്പ് നടന്ന ഒരു കഥയാണ്. ആദ്യത്തെ സെമസ്റ്റർ റിസൽട്ട് വന്ന ദിവസം, അതുകൊണ്ട്തന്നെ രാവിലെ കോളേജിലെത്തി , റിസൽട്ട് അറിഞ്ഞ സ്ഥിതിക്ക് ഇനി നേരെ അടുത്ത സ്വീകരണകേന്ദ്രമായ ചാണക്യയിലേക്ക് പുറപ്പെടണം . പരീക്ഷ ജയിച്ചാലും തോറ്റാലും ഇതിൽ മാറ്റമൊന്നുമില്ല. ഒരു കമ്പനി അന്വേഷിച്ച് നടന്നപ്പോഴാണ് വിഷമിച്ചിരിക്കുന്ന ആ സുഹൃത്തിനെ കണ്ടത്.
തൽക്കാലം സുഹൃത്തിനെ ‘ജീ‘ എന്ന് വിളിക്കാം.ഇപ്പൊ വന്ന റിസർട്ടിൽ മെക്കിൽ ഫുൾപാസ് ആയ രണ്ടാളിൽ ഒരാളാണ് ഈ ജീ …. പിന്നെന്തിനായിരിക്കും അവനീ വിഷമം!!!
ഞാൻ: “ എന്താ ജീ ഒരു സങ്കടം”
ജീ: “ ഹ്യുമാനിറ്റീസിന് 42 മാർക്കേ ഉള്ളൂ!!!”
ഞാൻ: “ഓ അതാണോ നിൻ്റെ വിഷമം വാ ചാണക്യലേക്ക് പോകാം ”
ഹ്യുമാനിറ്റീസ്ന് 40 മാർക്ക് ലഭിച്ചത് ആഘോഷിക്കുന്ന എനിക്ക് അവനോട് സഹതാപം തോന്നി.
ജീ: “ റീ വാല്യൂയേഷന് കൊടുത്താലോ”
ഞാൻ: “ അതൊക്കെ പിന്നെയല്ലേ, ഇപ്പൊ നിൻ്റെ വിഷമം തീർക്കാൻ ചാണക്യയിലേക്ക് പോകാം…”
ജീ: “ പക്ഷേ അതൊരു കള്ള്ഷാപ്പല്ലേ , ഞാൻ കുടിക്കില്ല“
പാവം ജീ എന്തൊരു നിഷ്കളങ്കത …
ഞാൻ : “ വേണ്ടാ കുടിക്കണ്ട, അലങ്കരിച്ച് വച്ചിരിക്കുന്ന ആ മദ്യക്കുപ്പികൾ നോക്കി നിന്നാൽതന്നെ നിൻ്റെ വിഷമം മാറും”
അങ്ങിനെ ഞങ്ങൾ കാസർഗോഡ് ടൗണിലെത്തി.
ചാണക്യ ബാർ – തീരെ തിരക്കില്ല ,മങ്ങിയ വെളിച്ചം.. സംഗീത സാന്ദ്രമായ അന്തരീക്ഷം, പതിഞ്ഞ സ്വരത്തിൽ ‘ ഒന്നാം രാഗം പാടി” പ്ലേ ചെയ്യുന്നത് കേൾക്കാം. പരിചയക്കാർ ആരെങ്കിലുമുണ്ടോ..ചുറ്റിലും കണ്ണോടിച്ചു.
“ഡ് ഡാ” പെട്ടെന്നായിരുന്നു ആ അശരീരി..
ഞങ്ങൾ തിരിഞ്ഞു നോക്കി
“കർത്താവേ ജോസേട്ടൻ !!!!”
ജോസേട്ടൻ സീനിയർ ആണ് സൂപ്പർ സീനിയർ, പൊയ്നാച്ചിയുടെ സ്വന്തം കീരിക്കാടൻ ജോസ് ,ഭീകരനാണ് കൊടും ഭീകരൻ .
എങ്കിലും ഞങ്ങളെ ക്ഷണിച്ച് ഇരിക്കാൻ പറഞ്ഞു …നല്ല അന്തസ്സുള്ള ഭീകരൻ!!! ജോസേട്ടൻ്റെ പടയപ്പ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞങ്ങൾ ക്ഷണം നിരസിക്കാൻ ശ്രമിച്ചു..
“വേണ്ട ജോസേട്ടാ വേണ്ട പോയിട്ടൽപ്പം തിരക്കുണ്ട്.”
“എന്ത് തിരക്ക്…”
“സപ്ലിക്ക് പഠിക്കാനുണ്ടായിന്നു..”
“ഇരിക്കടാ അവിടെ…” ജോസേട്ടൻ ഗർജ്ജിച്ചു.
“ചേട്ടാ ഇവർക്ക് രണ്ട് ഗ്ലാസ്സ് മദ്യം,,,”
ജോസേട്ടൻ ആരോടന്നില്ലാതെ വിളിച്ച് കൂവി..
“ ജോസേട്ടാ ഞാൻ ഇതുവരെ കുടിച്ചിട്ടില്ല” ജീ ഇടയ്ക്ക് കയറി പറഞ്ഞു.
ജോസേട്ടൻ: “ എന്നാപ്പിന്നെ ഗുരുദക്ഷിണ വച്ച് തുടങ്ങിക്കോ… നീ വലിയ കള്ള് കുടിയനാവും നിൻ്റെ പ്രശസ്തി കടൽ കടന്ന് ദുബായ് വരെ എത്തും, അവിടുത്തെ തെരുവുകളിലെ ഓരോ മണൽത്തരികൾക്കും നിൻ്റെ വിയർപ്പിൻ്റെ ഗന്ധം പരിചിതമാവും “
എന്ത് ചെയ്യണമെന്നറിയാതെ ഞാനും ജീയും പരസ്പരം നോക്കിനില്ക്കുമ്പോൾ തന്നെ ഓർഡർ ചെയ്ത മദ്യം എത്തി ,
ജോസേട്ടൻ അപ്പോഴേക്കും മൂന്ന് പെഗ് തീർത്തിട്ടുണ്ടായിരുന്നു.
പെഗ് നാല്:
ജോസേട്ടൻ: “നീയെന്താ കുടിക്കാത്തത് ? “
ജീ : ” ഞാൻ ആദ്യമായിട്ടാണ്, ഇതുവരെ കുടിച്ചിട്ടില്ല”
ജോസേട്ടൻ : “ എന്നാലൊരു ബിയറങ്ങോട്ട് കാച്ചിയാലോ”
ജീ ഉത്തരമൊന്നും പറഞ്ഞില്ല.
ജോസേട്ടൻ: ” ചേട്ടാ ഇവന് രണ്ട് ബിയറ് “
പെഗ് അഞ്ച്:
ജോസേട്ടൻ : “ ഞങ്ങൾ ആദ്യമായ് കണ്ടപ്പോൾ ഇന്നത്തെ പോലെ അന്നും മഴ പെയ്യുന്നുണ്ടായിരുന്നു”
ഞാനും ജീയും പരസ്പരം നോക്കി
വീണ്ടും ജോസേട്ടൻ : “ ചിലർ അങ്ങിനെയാണ്, ഒരു മഴയത്ത് മനസ്സിലേക്ക് ഓടിക്കയറും,മനസ്സിൽഒരു തോരാമഴയായ് പെയ്തിറങ്ങും,ആ മഴയെ ഇഷ്ടമായി തുടങ്ങുമ്പോൾ അവൾ പതിയെ യാത്രയാവും”
“എന്തായിരിക്കും ഇയാളുടെ ഉദ്ദേശം, ഇനിയിപ്പോൾ ഞങ്ങളെ അയാളുടെ പ്രണയത്തിൻ്റെ ഹംസ ആക്കാനുള്ള പരിപാടിയാണോ, ഞങ്ങൾ മെക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞാലോ!!”
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല , ഹ്യുമാനിറ്റീസ് കഷ്ടിച്ച് കടന്നു കൂടിയ ജീയ്ക്ക് മനുഷ്യൻ്റെ സൈക്കോളജി മനസ്സിലാക്കാനുള്ള കഴിവും കുറവാണ്. വേറെ വഴിയില്ലാതെ പതഞ്ഞ് പൊങ്ങിയ ബിയർ ചുണ്ടോടടുപ്പിച്ച് ജീ തൻ്റെ മദ്യപാനജീവിതത്തിന് തിരികൊളുത്തി.
പെഗ് ആറ്:
ജോസേട്ടൻ മദ്യപാനത്തിൻ്റെ ഘടന മാറ്റി, വെള്ളത്തിനു പകരം ബിയറൊഴിച്ചു തുടങ്ങി . വെള്ളത്തിൻ്റെ ബ്ലാൻഡ് സ്വാദിനേക്കാൾ എത്രയോ ഭേദം ബിയറാണെന്ന് ജീയും തിരിച്ചറിഞ്ഞു. അങ്ങിനെ എത്ര പെഗ് എത്ര നേരം അവനു പോലുമറിയില്ല.
ഇപ്പോൾ ഫോമിലായിരിക്കുന്ന ജീയെ കാണുമ്പോൾ ഒരു ഡാൽമേഷ്യൻ പട്ടിക്കുട്ടിയെപ്പോലെ തോന്നി.ശരീരമാസകലം കറുത്ത പാടുകൾ രൂപാന്തരപ്പെട്ടിരിക്കുന്നു, ഇനിയിപ്പോ കുടിച്ച മദ്യം അവൻ്റെ ചോരയിൽ ലയിക്കാത്തതാണോ?
ജോസേട്ടൻ സൈഡായിത്തുടങ്ങി പക്ഷേ ജീ ഫോമിലായിട്ടുണ്ട്.
ജീ : “ ജോസേട്ടാ പ്രണയം മഴ പോലെയല്ല മദ്യം പോലെയാണ് വീര്യം കൂടും തോറും ബോധം പോയിക്കൊണ്ടേയിരിക്കും”
ജോസേട്ടൻ : “ എന്നാലും ഇടതൂർന്ന് നില്ക്കുന്ന അവളുടെ മുടിയിൽനിന്നും വരുന്ന കാച്ചിയ എണ്ണയുടെ ആ മണം !!!!”
നേരം ഏറെ വൈകി.പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.ഒരു തരത്തിൽ തിരിച്ചുള്ള ബന്തടുക്ക ബസ്സിൽ ചാടിക്കയറി.
ഒരു നിമിത്തം പോലെ ദേ ഇരിക്കുന്നു , എവിടുന്നോ വന്ന് എവിടേയ്ക്കോ പോകുന്ന ആ വെളുത്ത് മെലിഞ്ഞ പെൺകുട്ടി, പത്മരാജൻ്റെ അതേ ക്ലാര.. വേഷം ഹാഫ് സാരി, ഇടതൂർന്ന് അഴിച്ചിട്ടിരിക്കുന്ന തലമുടി മഴയത്ത് അല്പം നനഞ്ഞിട്ടുണ്ട്.
ജോസേട്ടൻ്റെ മനം തുടിച്ചു. അയാൾ പെട്ടെന്ന് തന്നെ ക്ലാരയുടെ അടുത്ത് സ്ഥാനം പിടിച്ചു.അനുസരണയുള്ള ഒരു ഡൽമേഷ്യൻ പട്ടിക്കുട്ടിയെപ്പോലെ ജീയും കൂടെയുണ്ട്
എന്തായാലും ജോസേട്ടൻ അവസരം പാഴാക്കിയില്ല , ആ നിലവിളക്കിന് ചുറ്റും ഒരു കൊച്ച് ഈയാംപാറ്റയെപ്പോലെ പാറി പറന്ന് നടന്നു പൂർണ്ണപിന്തുണയുമായി ജീയും. ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാരുടെ ശ്രദ്ധ മുഴുവൻ അവരിലേക്കായി….
ഏതോ ഒരു ദുർബലനിമിഷത്തിൽ ജോസേട്ടൻ്റെ മനസ്സിൽ തോന്നിയ പ്രണയം ഒരു വിങ്ങലായ് മാറിയപ്പോൾ, കൂട്ടത്തിൽ ജീയുടെ പ്രോൽസാഹനം കൂടിയായപ്പോൾ അറിയാതെ അവളുടെ,ക്ലാരയുടെ വയറിൻ്റെ മുദുലതയിൽ സ്പർശിച്ചത് മാത്രം ഓർമ്മയുണ്ട് ബാക്കിയെല്ലാം ഒരു ദുസ്വപ്നം പോലെയായിരുന്നു.
യാത്രക്കാരുടെ ശക്തമായ പെരുമാറലുകൾക്ക് ശേഷം അവശനായ ജോസേട്ടനെ, വഴി വിളക്കിന് മുന്നിൽ ജീവൻ പൊലിഞ്ഞ ആ കൊച്ച് ഈയാംപാറ്റയെ ഉറുമ്പുകൾ കൊണ്ടുപോകുന്നത് പോലെ ഞങ്ങൾ കൊണ്ടുപോയപ്പോൾ അയാൾ എന്തൊക്കയോ പിറുപിക്കുന്നുണ്ടായിരുന്നു…
“ഒന്നുറക്കെ വിളിച്ചെങ്കിൽ ഒന്നു കരഞ്ഞെങ്കിൽ ഞാനുണർന്നേനെ …”
അപ്പോഴേക്കും ഹ്യുമാനിറ്റീസിൽ 42 മാർക്ക് വാങ്ങിയ ഒരു ബുജിയുടെ നിസംഗത ജീയുടെ മുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായിരുന്നു.
ചില പ്രണയങ്ങൾ അങ്ങനെയാണ്, അത് മനസ്സിൽ തോരാമഴയായി പെയ്തിറങ്ങും, നടുമ്പുറത്ത് മിന്നലായി ഇടിച്ചിറങ്ങും.
Ennalum aara a ‘jee’