മഴ  ഒരു  കവിത

By Anjana Ramachandran, ECE

ഒരു മൃദുമന്ത്രണംപോൽ ചിന്നിയ മഴയാരോ ?

ധരണിയെ പുൽകുവാൻ വെമ്പുന്ന മാനത്തിൻ 

പറയാതെ പോയൊരു പ്രണയമോ ?

ഉള്ളുതിളക്കും ധരിത്രിയെ പുൽകുവാൻ-

ഒരു നനുത്ത സ്പർശമായി,പ്രണയിനിതൻ തലോടലായി,

പെയ്തിറങ്ങാൻ കൊതിക്കുന്നൊരാ  മഴനീർതുള്ളികൾ. 

ഒരു നറുചുംബനത്താൽ അവളെ തൊട്ടുണർത്താൻ,

ഒരു കുളിർ തെന്നലായി അവളെ തഴുകീടുവാൻ,

ഒരു സാന്ത്വനതാളമായവളിൽ  പെയ്തിറങ്ങീടുവാൻ,

അവളിലെ സുന്ദരസ്വപ്നങ്ങളെ സ്വന്തമാകീടുവാൻ 

ഒരു പുതുജീവനാളം അവളിൽ നിറച്ചീടുവാൻ വെമ്പുന്ന 

മാനത്തിൻ പ്രണയമൊരു തോരാത്ത മഴയായി !

മഴവില്ലിനാൽ തുടിക്കുമോരോ മഴത്തുള്ളിയും 

വേഴാമ്പലാവും മണ്ണിനെ പുളകിതയാക്കുന്നു. 

നിലാവിനെ മറയാക്കി മഴയുടെ ചുംബനം 

നുകർന്നു കൊണ്ടാമഴയുടെ മൃദുവാം –

സംഗീതത്തിൽ തൻ പ്രണയഗീതം 

എഴുതിച്ചേർക്കുന്നു പ്രകൃതിയും. 

നമ്മെ ചുറ്റും ശബ്ദങ്ങളെല്ലാമണച്ചു വെച്ച്,

മിഴിചിമ്മി കാതോർത്തു കേട്ടുനോക്കൂ,

ഒരുമിച്ചു മഴനനയും മാനവുമവൻ്റെ  പെണ്ണും 

അവരുടെ പ്രണയത്തിൻ കവിതകളാൽ 

മൂടുന്നതറിയാം നിശ്ശ്ശബ്ദമായി നിങ്ങളെ!!

     -അഞ്ജന

15 Comments

  1. Nice one. Never knew ee kochu hrudayathil oru കവയിത്രി ഉണ്ടായിരുന്നു എന്ന്.

  2. Our reunion effort bringing out so many surprises. Anjana oru kavayathri! Vishsasikkan pattanailla.. well done Anjana. Kudos to you

  3. ഇതാരാണ് ഇവിടിപ്പോ പ്രണയം പറയാതെ പോയതെന്നൊരു പിടിയും കിട്ടണില്ലല്ലോ

Comments are closed.