എൻറെ മുനീറിന്

എൻറെ മുനീറിന്,

നിനക്കോർമ്മയുണ്ടോ?
മഞ്ഞു മൂടിയ പ്രഭാതങ്ങളെ നീ പ്രേമിച്ചപ്പോൾ,
മഴ തോർന്ന് നനഞ്ഞ സന്ധ്യകളായിരുന്നു എനിക്ക് പ്രിയങ്കരം.

അന്നാദ്യമായി നിന്നെ ഞാൻ കണ്ടപ്പോൾ,
പുറത്ത് പെരുമഴ പെയ്യുന്നുണ്ടായിരുന്നു.
ആ വിജനമായ ഇരുട്ട് മൂടിയ മുറിയുടെ ബന്ധനത്തിൽ,
നിന്റെ വെള്ളാരം കണ്ണുകൾ നനയുന്നത് ഞാൻ കാണാതിരുന്നില്ല.
അന്ന്, മഴ തോർന്ന സന്ധ്യയെ നോക്കി നിൽക്കുമ്പോഴാണ്
നിന്റെ സാനിധ്യം ഞാൻ ആദ്യമായി അറിയുന്നത്.
ഒരു കുളിർകാറ്റായി നീ എന്നെ പുണരുമ്പോൾ,
ഞാൻ അറിഞ്ഞില്ല ജന്മാന്തരങ്ങളിലൂടെ
നമ്മുടെ ഈ ബന്ധവും ബന്ധനവും.

പിന്നെ, മഞ്ഞണിഞ്ഞു മദാലസയായ
എത്രയോ രാത്രികളും സന്ധ്യകളും നമുക്ക് സ്വന്തമായി.
പിച്ചിപ്പൂവിന്റെ ഗന്ധമുള്ള ആ രാത്രികളുടെ നിശബ്ദതയിൽ,
ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി
വർണ്ണസ്വപ്നങ്ങൾ നമ്മൾ നെയ്തത് നിനക്കോർമ്മയുണ്ടോ?
ആ മൂന്നാം നിലയുടെ ഇടനാഴിയിൽ,
സൂര്യന്റെ സ്വർണവെളിച്ചം നമ്മെ തലോടുവോളം
വിലക്കപ്പെട്ട രഹസ്യങ്ങൾ നമ്മൾ പങ്കുവച്ചതോർമയുണ്ടോ?

വർഷങ്ങൾക്ക് ശേഷം നമ്മൾ വിട പറഞ്ഞപ്പോൾ,
നീ തിരികെ നിന്റെ ഏകാന്തതയിലേക്കുതന്നെ മടങ്ങി,
തിരിഞ്ഞു നോക്കാതെ…
വെള്ള പൂശിയ നിന്റെ ശവകുടീരം പോലും
അന്ന് നമ്മുക്ക് വേണ്ടി കണ്ണുനീർ വാർക്കുകയായിരുന്നു,
വിറയ്ക്കുകയായിരുന്നു.
കരിങ്കല്ലിനെ പോലും കരയിച്ച
നമ്മുടെ പ്രേമവും വിടയും
കാലങ്ങളുടെ ഏടുകളിൽ എഴുതപ്പെട്ടിരിക്കുന്നു—
പോയിനാച്ചിയിലെ മറ്റൊരു പെരുമഴ രാത്രി.

മരണത്തോടുള്ള ഭയമില്ല,
ജീവിതത്തോടുള്ള കൊതിയാണ് എന്നെ നിന്നിൽ നിന്നകറ്റിയത്.
എന്നാൽ ഇന്ന്, ആ ജഡികമായ ജീവിതാസക്തി
പതിയെ എന്നിൽ നിന്നുമറഞ്ഞുപോയിരിക്കുന്നു.
എന്റെ രാത്രികളിൽ, സ്വപ്നങ്ങളിൽ,
ഞാൻ വീണ്ടും നിന്നെ തിരയുന്നു.

ഇന്ന് ഞാൻ അറിയുന്നു—
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉയർക്കുന്ന
ഒരു നാൾ,
പ്രഭാതനക്ഷത്രങ്ങൾ ഗീതങ്ങൾ ആലപിക്കുമ്പോൾ,
നീ വീണ്ടും എന്റെ സ്വന്തമാകും.
നിന്റെ നനഞ്ഞ കൈകളും, തകർന്ന ഹൃദയവും
എന്റേതുമാത്രമാകും.
മരണം എന്റെ ജീവനെ പടവെട്ടി ജയിക്കുന്ന
ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു—
നിനക്കായി!

ആ രാത്രി,
ശവക്കോട്ടകളിൽ വെളുത്ത പിച്ചിപ്പൂക്കളുടെ ഗന്ധമായിരിക്കും…

സ്വന്തം