
By Preetha K.G, CSE
അദ്ധ്യാപിക ആകും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഞാൻ ആ മേഖലയിൽ തന്നെ എത്തിയത് എന്ത് കൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും ഇന്നും അറിയില്ല. എന്റെ അമ്മ ഒരു അദ്ധ്യാപിക ആയിരുന്നു. അമ്മയുടെ സഹോദരിയും അച്ഛന്റെ സഹോദരിയും അടക്കം ഞങ്ങളുടെ കുടുംബത്തിൽ ഒത്തിരി പേർ അദ്ധ്യാപക ജോയിലിയിൽ ഉണ്ടായിരിന്നു. ആ ഒരു ജീൻ എന്റെ ഉള്ളിലും ഉണ്ടാകാം.
ബിടെക് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഒക്കെ കിട്ടിയിട്ട് ഏതെങ്കിലും കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യാം എന്ന ചിന്തയോടെ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് പോളിടെക്‌നിക് കോളേജിൽ പഠിപ്പിക്കാൻ വരാമോ എന്ന് ചോദിച്ചു വിളിച്ചത്. സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ പോകാം എന്നെ അന്ന് ഓർത്തിരുന്നുള്ളു. 25 വർഷത്തിന് ഇപ്പുറം ഒരു ദിവസം പോലും അന്ന് ചെയ്തത് ഓർത്തു കുറ്റബോധം തോന്നിയിട്ടില്ല. പിന്നീട് പല സ്ഥലങ്ങളിൽ ജോലി ചെയ്തു.
കോഴിക്കോട് NIT യിൽ ജോലി ചെയ്ത 2 1/2 കൊല്ലം ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. അവിടെയുള്ള ടീച്ചേർസ് ന്റെ വിവരവും ആത്മാർത്ഥതയും കണ്ട് കണ്ണ് തള്ളിപ്പോയി. അവിടെ നിന്നാണ് ടീച്ചിങ് ഒരു പാഷൻ ആയത്. പിന്നീട് MTech, PhD ഒക്കെ ആയി വിദ്യാഭ്യാസത്തിൽ ഒത്തിരി മുന്നോട്ടു പോകാൻ സാധിച്ചു. എന്നിരുന്നാലും PhD അത് ഒന്നൊന്നര കാലഘട്ടം തന്നെ ആയിരുന്നു.
PhD എന്നാൽ ബാലി കേറാമല ആണ് എന്ന തോന്നൽ അധ്യാപകരുടെ ഇടയിൽ വ്യാപകമാണ്. അതൊരു പരിധിവരെ സത്യമാണ് താനും. നമ്മൾ തിരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി യും ഗൈഡും അനുസരിച്ചിരിക്കും കാര്യങ്ങൾ. ഇടയ്ക്കു വച്ചു നിർത്തി പോന്നവരും, യൂണിവേഴ്സിറ്റി മാറിയവരും, ഗൈഡ്മായി വഴക്കിട്ട് തീർക്കാൻ പറ്റാത്തവരും ഒക്കെ ആയി വർഷങ്ങളായി സങ്കടപ്പെട്ടു നടക്കുന്ന ധാരാളം പേരെ നേരിട്ടറിയാം. PhD ഇല്ലാതെ മുന്നോട്ടു ഒരു പുരോഗതിയും ഇല്ല എന്നറിയാവുന്നത് കൊണ്ട് ഞാനും അതിന് ഇറങ്ങി തിരിച്ചു. വീട്ടിൽ നിന്ന് മാറി നിൽക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള കൊച്ചിൻ യൂണിവേഴ്സിറ്റി തന്നെ ശരണം. അവിടെയാണെങ്കിൽ
യോഗ്യരായ അധ്യാപകരുടെ ദൗർലഭ്യം ആണ്. ഒരു ഗൈഡിന് 7 പേരിൽ കൂടുതൽ പേരെ എടുക്കാനും പറ്റില്ല. ഏകദേശം ഒരു വർഷത്തോളം കയറിഇറങ്ങി ചെരുപ്പ് തേഞ്ഞിട്ടും ഒരു ഗൈഡിനെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഗൈഡ് ഇല്ലാത്തതിനാൽ എൻട്രൻസ് പരീക്ഷ എഴുതാൻ യൂണിവേഴ്സിറ്റി സമ്മതിക്കില്ല. ഏകദേശം എല്ലാ ദിവസവും എന്നപോലെ ഞാനും ഭർത്താവും യൂണിവേഴ്സിറ്റി യിൽ കയറി ഇറങ്ങാൻ തുടങ്ങി.
അവസാനം 2010 ഇൽ ഒരു പേര് കിട്ടി. Dr. ഉണ്ണികൃഷ്ണൻ. യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ അല്ല. DRDO യിലെ സയന്റിസ്റ് ആണ്. പക്ഷെ യൂണിവേഴ്സിറ്റിയിൽ ഗൈഡ് ചെയ്യാനുള്ള യോഗ്യത ഉണ്ട്. സാർനെ വിളിച്ചു വീട്ടിൽ പോയി കണ്ടു. കുറെ കുട്ടികൾ ഉണ്ട് എല്ലാം കൂടി പറ്റില്ല എന്ന് കണ്ടപ്പോഴേ പറഞ്ഞു. എന്നാലും ഇത്രയും നാൾ കൊണ്ട് ചെയ്ത
വർക്ക് ഒക്കെ കാണിച്ച് ഒരു വിധം സമ്മതിപ്പിച്ചു. ഇനി അടുത്ത കടമ്പ. എൻട്രൻസ് പാസ്സ് ആകണം. എന്നാലേ ജോയിൻ ചെയ്യാൻ പറ്റുള്ളൂ. ചത്ത് കിടന്നു പഠിച്ചു ഒന്നാമാതായാണ് വിജയിച്ചത്. അങ്ങനെ അവസാനം PhD എന്ന ബാലികേറാമലയിലേക്ക് ഞാനും കാലെടുത്തു വച്ചു. പിന്നീടുള്ള ദിവസങ്ങൾ കുറച്ചു കടുത്തത് ആയിരുന്നു. കോളേജിലെ ജോലി, മോൻ ചെറുതായതു കൊണ്ട് വീട്ടിൽ വന്നാൽ ഒന്നും ചെയ്യാനും പറ്റില്ല. പാർട്ട് ടൈം PhD അത്ര സുഖമുള്ള കാര്യമല്ല. സാറിനെ കാണാൻ പോകുന്നത് തന്നെ
ഒരു ചടങ്ങാണ്. തോക്കുധാരികളായ ഗാർഡ് മാരുടെ സുരക്ഷ പരിശോധന ഒക്കെ കഴിഞ്ഞ് DRDO യുടെ അകത്തു കയറി സാറിനെ കാണുമ്പോഴേക്കും തന്നെ കുറെ സമയം പോകും. പിന്നെ സാർ പറയുന്ന കാര്യങ്ങൾ കേട്ട് തല കറങ്ങി ഒരു ഇരിപ്പാണ്. ഒരു ചുക്കും മനസിലാകില്ല.
പഠിച്ച എല്ലാ കോഴ്സകൾക്കും ഒന്നാം റാങ്കിൽ പാസ്സായ സാറിന്റെ ഗൈഡ്ഷിപ് കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഇത്രയൊക്കെ വിവരം ഒരു മനുഷ്യന് ഉണ്ടാകുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സൂര്യനു താഴെയുള്ള എന്തും ടെക്നോളജി യുമായി ബന്ധപ്പെടുത്തി സാർ പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖം ആണ്. അധ്യാപകരുടെ ഇടയിൽ പൊതുവെ ഒരു ചൊല്ലുണ്ട്. ജീവിത പങ്കാളിയെയും phd ഗൈഡിനെയും നല്ലത് കിട്ടാൻ ഭാഗ്യം വേണം എന്ന്. കിട്ടിയത് കൊണ്ട് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. എന്തായാലും എനിക്ക് മഹാഭാഗ്യം എന്ന
പോലെ അത്രയും സപ്പോർട്ട് ചെയ്യുന്ന ഗൈഡ് നെ കിട്ടി.
പിന്നീട് പല പരീക്ഷണങ്ങളും ഉണ്ടായി. ഏകദേശം വർക്ക് ഒക്കെ തീരാറായ സമയത്തു എന്റെ രണ്ടാമത്തെ കുഞ്ഞ് ആയി. പിന്നെ ഒരു വർഷത്തോളം ആശുപത്രിയിൽ ഒക്കെ ആയി ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നീട് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. മോൻ ഉറങ്ങി കഴിഞ്ഞ് ആണ് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത്. എന്തായാലും ഒരു വർഷം കഴിഞ്ഞപ്പോൾ 2017ഇൽ എനിക്ക് തീസിസ് വയ്ക്കാൻ സാധിച്ചു. 3 മാസത്തിനുള്ളിൽ റിവ്യൂ വന്നു. അങ്ങനെ എന്റെ PhD അവസാനിച്ചു. ഈ കാലഘട്ടത്തിൽ പഠിത്തത്തിനോടൊപ്പം ഞാൻ ആർജിച്ച ഒരുപാട് അറിവുകൾ ഉണ്ട്. ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം
എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഉണ്ണികൃഷ്ണൻ സാർ. ക്ഷമയും സഹനശീലവും എല്ലാം സാറിൽ നിന്ന് മാതൃക ആക്കി. കുട്ടികളോട് എങ്ങനെ പെരുമാറണം എങ്ങനെ അവരെ സഹായിക്കണം തുടങ്ങി എന്നിലെ അദ്ധ്യാപികയെ കാച്ചി കുറുക്കി എടുക്കാൻ എന്റെ PhD കാലഘട്ടം എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്.
സ്കൂൾ കാലം മുതൽ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും സ്മരിച്ചു കൊണ്ട് തല്ക്കാലം നിർത്തുന്നു..
Matha pitha gururdevo bhava!!!!
Few treachers make you believe this verse.
Well written Preetha!!
Dr.Preetha KG, HoD, CSE, Rajagiri – നമ്മുടെ അഭിമാനം!
Thanks for the walk through Preetha…. good writing👌❣️
Nicely written Preetha. You are a lucky person to get such a good guide. Very few are lucky like you. My wife had to leave PhD midway as she couldn’t get a cooperative guide and it took her almost 7 years to come out of the mental trauma and restart her teaching profession.