
By Priya Ann
എൻറെ കാസറഗോഡ് ജീവിതത്തെ പറ്റി പറയുമ്പോൾ മുനീറിനെ ഓർക്കാതെ വയ്യ. വളരെ നാളുകൾ എൻറെ ഉറക്കം കെടുത്തിയ ചെമ്പൻ മുടിയുള്ള പൊടിമീശക്കാരൻ. പണ്ട് ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന്ന ഒരു കാലത്ത് നടന്ന കഥയാണ്, സുൽത്താനു ദക്ഷിണ വെച്ച് തന്നെ തുടങ്ങട്ടെ, വായിക്കുക…
കഥ തുടങ്ങുന്നത് ഞാൻ പൊയിനാച്ചി ഹോസ്റ്റലിന്റെ മുന്നിൽ ആദ്യമായി വണ്ടിയിറങ്ങിയപ്പോൾ. ഒരു എഞ്ചിനീയറിംഗ് അഡ്മിഷൻ ശരി ആയി, പിന്നെ മുന്നും പിന്നും നോക്കാതെ വീട്ടിൽ നിന്ന് ഏറ്റവും ദൂരെ, കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തേക്ക് പെട്ടിയും തൂക്കി പുറപ്പെട്ടു. കൂട്ടായി എന്നെ പോലെ തന്നെ വീട് വിട്ടോടിയ കുറെ പൊട്ടിക്കാളികളും, പൊട്ടശങ്കരന്മാരും.
കേരളത്തിൻ്റെ മറ്റേ അറ്റത്തു, അങ്ങ് തിരോന്തോരത്തു, ഒരു സാമാന്യം നല്ല കോൺവെന്റിൽ, ബോർഡിങ്ങിൽ നിന്ന് പഠിച്ച ഞാൻ, വളരെ പ്രതീക്ഷയോടെയാണ് വന്നിറങ്ങിയത്. വലിയ കോളേജ് ക്യാമ്പസ്, കറുത്ത കണ്ണട വെച്ച ബുദ്ധി ജീവികൾ, പൂത്തുലഞ്ഞ ഗുൽമോഹർ മരങ്ങൾ, അതിന്റെ അടിയിൽ ഇരുന്നു ഗിറ്റാർ വായിക്കുന്ന അമീർ ഖാൻ … സ്വപ്നത്തിന് ആക പാടെ ഒരു ‘പാപ്പാ കഹ്താ ഹൈ’ മണമായിരുന്നു. എല്ലാ സ്വപ്നങ്ങളും പൊളിച്ചടക്കികൊണ്ടു എന്റെ മുന്നിൽ ഒരു പൊട്ടി പൊളിഞ്ഞ നാലു നില കെട്ടിടം – പൊയിനാച്ചി ഹോസ്റ്റൽ. പെട്ടില്ലേ, എന്തായാലും ഫസ്റ്റ് ഗിയറിൽ തന്നെ തുടങ്ങാൻ തീരുമാനിച്ചു. അകത്തു കേറി പെട്ടിയും, കുടയും മടക്കി എല്ലാരേയും പരിചയപെട്ടു – വേഗം തന്നെ മനസിലായി, ഒരെണ്ണത്തിനും വലിയ ഗ്ലു ഒന്നും ഇല്ലെന്ന്, എന്നെപോലെ തന്നെ. ആദ്യത്തെ ഡിസപ്പോയിന്റ്മെന്റ് ഒക്കെ ഒരു മണിക്കൂറിൽ തന്നെ അപ്രത്യക്ഷമായി, കൂട്ടായി, പരിചയമായി, മുന്നോട്ട്.
പൊയിനാച്ചി ഹോസ്റ്റൽ ഒരു സംഭവം തന്നെ. പൊയിനാച്ചി എന്ന ഒരു കുഗ്രാമത്തിൽ കൂണ് പോലെ, ഒരു NH-ന് ചുറ്റും കുറെ ബഹുനില കെട്ടിടങ്ങൾ. ചുറ്റും കാടും പടലവും. പെയിൻറ് കണ്ടിട്ടില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞു മാറാല കെട്ടിയ കുറെ കെട്ടിടങ്ങൾ.
ബാക്ക്ഗ്രൗണ്ട് സ്റ്റോറി…ഈ കഥ പറഞ്ഞു തന്നത് ഞങ്ങളുടെ സീനിയർ ബാച്ചിൽ, ലേറ്റ് ആയി ജോയിൻ ച്യ്തത് കൊണ്ട് , ഞങ്ങളുടെ കൂടെ വീണ്ടും ചേർന്ന് പഠിക്കേണ്ടി വന്ന ഒരു ത്രിശൂർ ഗഡി. ആൾക്ക് ഭയങ്കര ജാഡ, സീനിയർ ആണെന്ന ഭാവത്തിൽ ഞങ്ങളെ ഒക്കെ ഒരേ റാഗിങ്ങും ഭരണവും. അവളെ കണ്ടപ്പോൾ എൻ്റെ സർവൈവൽ ഇന്സ്ടിങ്ക്ടസ് ചെവി തിന്നാൻ തുടങ്ങി – know your turf, join the gossip mill, be ready to strike etc, etc etc. അവളോ ഒരു പുളു കഥ പ്രമാണി…. കഥ പറയാൻ അവളെ കഴിഞ്ഞേ ഉള്ളു. കാസറഗോഡിനെ കുറിച്ചും, സീനിയർ സുന്ദരന്മാരെ കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ അവൾ അടിച്ചിറക്കി- ഞങ്ങൾ ചുറ്റുമിരുന്നു മൂളിക്കേട്ടു.
കഥയിലേക്കു കടക്കാം…അവൾ പറഞ്ഞത് പോലെ തന്നെ… പൊയിനാച്ചി ഭരിക്കുന്നത് ഒരു ഭയങ്കര കള്ളക്കടത്തു കാരൻ, കൊടും ഭീകരൻ (അങ്ങേർക്കൊരു പേരുണ്ടായിരുന്നു, ഞാൻ മറന്നു പോയി… നമ്മുക്കയാളെ, കാദർ ഭായ് എന്ന് വിളിക്കാം). പുള്ളി പണ്ട് നമ്മുടെ ദാസനും, വിജയനും കൂടി ഉരുവിൽ വന്നപോലെ – ഇത് പക്ഷെ വെറും ചില്ലറ ഉരു അല്ല, Titanic പോലത്തെ ഉരു – ഒരു കുന്ന് സ്വർണവും, പണവുമായി ദുബായിൽ നിന്ന് കാസറഗോഡ് വന്നിറങ്ങി, എങ്ങനെയോ പൊയ്‌നാച്ചിയിൽ എത്തി. അവിടുത്ത ഭൂ പ്രകൃതി പുള്ളിക്ക് കണക്കിന് പിടിച്ചു. ആശാൻ രാക്ക്ക്കു രാമാനം കള്ളക്കടത്തിൽ നിന്നും റിട്ടയർ ചെയ്തു, കുറച്ചു സ്ഥലം വാങ്ങി, നല്ല നടപ്പു തുടങ്ങാൻ തീരുമാനിച്ചു. അവിടെ നമ്മുടെ ദുബായിലൊക്കെ ഉള്ളതുപോലെ, ഒരു വമ്പൻ ഹോസ്പിറ്റൽ, ഹോട്ടൽ , വാഗെയ്‌രഹ്- വാഗെയ്‌രഹ് ഒക്കെ പണിതു. ഹോസ്പിറ്റൽ ഉൽഘാടനം ചെയ്യാൻ ബില് ക്ലിന്റൺനെ വിളിച്ചു, ഡേറ്റും ഫിക്സ് ചെയ്തു…
ആന്റിക്ലൈമാസ്, റിബ്ബൺ കട്ട് ചെയ്യാൻ പ്ലാൻ ചെയ്ത ദിവസം പുള്ളിയുടെ ഒരേ ഒരു മകൻ, മുനീർ ആ ആസ്പത്രിയുടെ മുന്നിൽ വച്ച് ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു. ഹൃദയം പൊട്ടിയ കാദർ ഭായ്, ഉൽഘാടനവും, കെട്ടിടം പണിയുമെല്ലാം നിർത്തി വെറുതെ കുത്തി ഇരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരുന്നപ്പോളാണ്, അവിടെ അടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഞങ്ങൾ അവതരിച്ചപ്പോൾ, എൻജിനീറിങ് കട തുടങ്ങി അധികം നാളായിട്ടില്ല – ഹോസ്റ്റലിൻറെ വാരം തോണ്ടിയിട്ടേ ഉള്ളു. കോളേജുകാർ, നമ്മുടെ കാദർ ഭായിയെ പോയി കണ്ടു, ഹോസ്പിറ്റൽ ഒരു ലേഡീസ് ഹോസ്റ്റൽ ആക്കാൻ തീരുമാനിച്ചു. ഉൽഘാടനത്തിനു കട അടച്ചത് കൊണ്ട് എല്ലയിടവും ഒരു ഹോസ്പിറ്റൽ മണം – മുറികൾ ഒക്കെ ബോർഡ് എഴുതി തിരിച്ചിരിക്കുന്നു – കുറച്ചുപേർ ക്യാഷുവാലിറ്റിയിൽ, പിന്നെ പേ വാർഡ്, പ്രസവാർഡ്, അത്യാഹിതം … ഫസ്റ്റ് കം ഫസ്റ്റ് സെർവ് ബേസിസിൽ ഞങ്ങൾ ആ സ്ഥലം കൈയ്യേറി. അങ്ങനെ ഒരു ഫുള്ളി എക്വിപ്പ്ഡ് അബാൻഡൻഡ് ഹോസ്പിറ്റൽ , ഞങ്ങളെ അടുത്ത നാലു വർഷം വെള്ളവും വളവും തന്നു വളർത്തി. ഒരേ ഒരു ക്യാച്ച്….മൂന്നാം നില മാത്രം ഞങ്ങൾക്ക് നിഷിദ്ധം.
സന്തോഷങ്ങളും, സങ്കടങ്ങളും ആയി പിന്നെ മാസങ്ങൾ മുന്നോട്ട് … പാതിരാത്രിയിൽ പ്രസവ വാർഡിൽ നിന്നും ഉറക്കെയുള്ള കാറിവിളി, നവജാത ശിശുക്കളുടെ കരച്ചിൽ, ഇത് കേട്ടു ഓടി വന്ന വഴക്കു പറയുന്ന വാർഡനോട് ഉറക്കെ – മാം, അവൾ പ്രസവിച്ചു ,പെൺകുട്ടി, ബ്ലഡ് വേണം എന്നെല്ലാം പറഞ്ഞു വട്ടാക്കി – അധികം വേണ്ടല്ലോ ചിരിക്കുടുക്ക പൊട്ടിക്കാൻ- പിന്നെ കൊട്ട് പാട്ട് , ചീട്ടു കളി, വായിൽ നോട്ടം, അങ്ങനെ അങ്ങനെ പോയി ഞങ്ങളുടെ എന്റർടൈന്റ്‌മെന്റ്സ്.
മൂന്നാം നില നിഷിദ്ധം എന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ- ചെയ്യരുതെന്ന് പറയുന്നത് ചെയ്യുകയും , ചെയ്യാൻ പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്ന കുറെ പേർ ചേർന്ന് ആ മിസ്റ്റീരിയസ് മൂന്നാം നില ഒന്ന് എക്സ്പ്ലോർ ചെയ്യാൻ തീരുമാനിച്ചു. റാംപിൽ കൂടെ, വാർഡിന്റെ കണ്ണ് വെട്ടിച്ചു ഗേറ്റ് ചാടി താഴെ എത്തി (ഗേറ്റ് എന്ന് പറഞ്ഞാൽ , Berlin wall ഒന്നും അല്ല, ഒരു പട്ടികുട്ടിക്കു ചാടി കടക്കാൻ പറ്റുന്ന ഒരു ചെറിയ ഗേറ്റ് ). താഴെ ചെന്നപ്പോൾ മുകളിലെ പോലെ തന്നെ- പ്രസവ വാർഡ്, പേ വാർഡ് etc . ഞങ്ങൾക്കില്ലാത്ത ഒന്ന് മാത്രം… ഒരു ഓപ്പറേഷൻ തിയേറ്റർ. ഭയങ്കര സന്തോഷം.
ആദ്യത്തെ ദിവസം എത്തി നോക്കി, രണ്ടാമത്തെ ദിവസം തള്ളി കയറി…..
അകത്തു ഒരു വിശാലമായ ഷോറൂം … ഭീതിപരത്തുന്ന അന്തരീക്ഷം. മലപ്പുറം കത്തി, വടിവാൾ, ചങ്ങല, എന്നിങ്ങനെയുള്ള മാരകായുധങ്ങൾ- അറക്കൽ അബുവിൻ്റെ വീട്ടിൽ ഓണ സദ്യ ഒരുക്കിയതുപോലെ – ഒരു സ്‌ട്രെച്ചർ നിറയെ ചുവന്ന കട്ട ചോര, പൊട്ടിയ മരുന്ന് കുപ്പികൾ , സിറിഞ്ചുകൾ, വെള്ള പൊടി- പണ്ട് ക്യൂട്ടികുറ പൌഡർ കണ്ടു കൊക്കയ്ൻ ആണോ എന്ന് സംശയിച്ചതു പോലെ അല്ല, ഇത് ശരിക്കും അത് തന്നെ.
കോൺസ്പിരസി തിയറി : “ചുമ്മാ, അത് കുറച്ചു തുരുമ്പ് പിടിച്ച ഹോസ്പിറ്റൽ വേസ്റ്റ് ”…
“പറഞ്ഞോ, പറഞ്ഞോ , കണ്ടവർക്കല്ലേ അറിയൂ ആ ഭീകരത.. കഥ കേൾക്കാൻ വന്നാൽ കഥ കേട്ടാൽ പോരെ , തോക്കിൽ കയറി വെടി വെക്കണോ”
ഞങ്ങൾ പിന്നെയും മുന്നോട്ട് . അടുത്ത വാതിൽ തുറന്നു.. ഒരു വലിയ ചിത്രം.. കൂട്ടമായി ഒന്ന് ഞെട്ടി – ഏകദേശം 20 വയസു വരുന്ന ഒരു സുന്ദര കുട്ടൻ, പൊടി മീശ, ചെമ്പൻ മുടി, മഞ്ഞ ഷർട്ട്, വെള്ളാരം കണ്ണുകൾ, .. ഞങ്ങളുടെ കഥകളിലെ നായകൻ മുനീർ നേരെ മുന്നിൽ (മണിച്ചിത്രത്താഴ് ഓർമ്മ വന്നോ ? അതും വെറും യാദൃശ്ചികം മാത്രം). ഞങ്ങൾ കണ്ടു, ഞങ്ങൾ മാത്രമേ കണ്ടുള്ളു, എവറസ്റ്റ് കീഴടക്കിയ സന്തോഷത്തിൽ ഞങ്ങൾ തിരികെ റൂമിലേക്ക്..
ഇത്രയും പറഞ്ഞത് തമാശ.. ഇനി ഉള്ളത് സീരിയസ്. എന്റെ 17 ആം വയസിൽ അവൻ എന്റെ തലയിൽ കയറി കൂടി.. രാത്രിയും, പകലും മുനീറിനെ കുറിച്ച് മാത്രമായി എന്റെ ചിന്ത. അവൻ എന്റെ മനസ്സിൽ ഗന്ധർവനായും , റോമിയോ ആയും അവതരിച്ചു. രാത്രിയിൽ മൂന്നാം നിലയിൽ ഞങ്ങൾ സ്വർണ്ണ നിറമുള്ള സ്വപ്നങ്ങൾ നെയ്‌തു – അവൻ എന്റെ കൂടെ നടന്നു, കിടന്നു, കഥ പറഞ്ഞു, പാട്ടു പാടി – കുളിക്കുമ്പോൽ ഒളിഞ്ഞു നോക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു , പിന്നെ പ്രേതമല്ലേ, വേണെങ്കിൽ ഒന്ന് നോക്കീട്ടു പോട്ടെ എന്ന് സമാധാനിച്ചു.
ആ ഇടയ്ക്കാണ്, ഓജോ ബോർഡ്(Ouija Board) എന്താണെന്നു ഞങ്ങൾ കണ്ടുപിടിച്ചത് – രാത്രിയായാൽ എല്ലാരും ചുറ്റും കൂടി മെഴുകു തിരി കത്തിക്കും, നമ്പേഴ്സ് ഉം, ലെറ്റേഴ്‌സും വട്ടത്തിൽ വെക്കും, ഒരു കപ്പ് കമഴ്ത്തും, മോനിഷയെ വിളിക്കും, വിനീതുമായി പ്രേമം ആണോ എന്ന് ചോദിക്കും. പിന്നെ ആ കാലത്തെ ‘മ’-വാരികകളിൽ ഉള്ള എല്ലാ ഗോസ്സിപ്പും ചോദിച്ചു മനസിലാക്കും. ഫസ്റ്റ് ഹാൻഡ് ഇൻഫർമേഷൻ കിട്ടിയ സംതൃപ്തിയോടെ കിടന്നുറങ്ങും. പതിവ് പോലെ , ഒരു ദിവസം ഈ കലാ പരിപാടി തുടങ്ങി – മെഴുകുതിരി ചെക്ക്, നമ്പേഴ്സ് ചെക്ക്, ലെറ്റേഴ്സ് ചെക്ക്… എല്ലാരും കൂടി കണ്ണടച്ച് കോൺസെൻട്രേറ്റ് ചെയ്തു…. ഒരനക്കം, ആരോ വന്നു പെട്ടിട്ടുണ്ട്… മോനിഷ നമ്മുടെ മുറിയിൽ സ്ഥിര താമസമായതു കൊണ്ട് ധൈര്യമായി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഇടക്കെപ്പോഴോ ചോദിച്ചു- ഹു ആർ യൂ? ഉത്തരം അപ്പൊ തന്നെ കിട്ടി – “മുനീർ”. പിന്നെ ഒരു നിലവിളി ആയിരുന്നു , എല്ലാരും പുതപ്പിനടിയിൽ … നേരം വെളുക്കുന്നതു വരെ ഒരു പോള കണ്ണടച്ചില്ല. പിന്നെ കർത്താവിനേം , ഭഗവാനെയും ഒക്കെ വിളിക്കാൻ തുടങ്ങി, ഒരു കള്ള ക്രിസ്ത്യാനി ആയ ഞാൻ പോലും, പിറ്റേന്ന് തന്നെ പള്ളിയിൽ പോയി, കുർബാന കണ്ടു, കുമ്പസാരിച്ചു. പിന്നെ, ഒരൊറ്റയാൾ പോലും കോളേജ് കഴിയുന്നത് വരെ Ouija Board നെ കുറിച്ചോ, ആ രാത്രിയിലെ സംഭവ വികാസങ്ങളെകുറിച്ചോ ഒരു വാക്കു പറഞ്ഞിട്ടില്ല.
നാട്ടിൽ പോയ ഒരവധിക്കു, അപ്പയോടും അമ്മയോടും ഞാൻ ഈ കഥ പറഞ്ഞു- അപ്പ എന്നത്തേയും പോലെ ഓജോ ബോർഡിനെ കുറിച്ച് ഒരു സയന്റിഫിക് വിശകലനം നടത്തി. അമ്മ പരുമല പള്ളിയിൽ പോയി മെഴുകുതിരി നേർന്നു. ബൈബിൾ വായിപ്പിച്ചു, അച്ചനെ കൊണ്ട് തലയ്ക്കു പിടിപ്പിച്ചു , പൈശാചിക വഴിയിൽ പോകരുത് ഉപദേശിച്ചു – ചുരുക്കം പറഞ്ഞാൽ എന്റെ ആദ്യ പ്രേമബാധ അമ്മ ഒരു മെഴുകുതിരി കൊണ്ട് സിംപിൾ ആയി ഒഴിപ്പിച്ചു. എല്ലാ വീട്ടിലും ഉണ്ടല്ലോ ഒന്ന് – എൻ്റെ വീട്ടിലെ അംരീഷ് പുരി അമ്മയാണ്, അപ്പനല്ല.
ജീവിതം പിന്നെയും മുന്നോട്ട് – വൈവ ആയി, അസൈന്മെന്റ്സ് ആയി, സപ്പ്ളി ആയി…അങ്ങനെ പതിയെ, ഞാൻ മുനീറിനെക്കാളും വളർന്നു- മരിച്ചു പോയവർക്ക് പ്രായം കൂടില്ലല്ലോ.
ഓർമയിൽ ഇപ്പോഴും മുനീർ ഉണ്ട്- ആ പഴയ പുളു കഥയിലെ നായകനായല്ല. പ്രായം ആകുന്നതിന്റെ ആകാം, ഇന്ന് ഞാൻ അവനെ ഓർക്കുന്നത് മാതൃവാത്സല്യത്തോടെയാണ്. ജീവിതം തുടങ്ങുന്നതിനു മുൻപേ അസ്തമിച്ചു പോയ ഒരു സാധു. കൊടും ഭീകരനായ കാദർ ഭായി എന്ന് ഞാൻ വിളിച്ചിരുന്നത് മകനെ നഷ്ടമായ ഒരു അച്ഛനെ… അതും വളരുന്ന കാലത്തെ പൊട്ടത്തരങ്ങളുടെ നിരയിൽ കൂട്ടുന്നു.
മുനീർ, നീ സമാധാനമായി ഇരിക്കൂ, വീണ്ടും വീണ്ടും പതിനേഴുകളുടെ സ്വപ്നങ്ങളിൽ വരൂ .. നിന്നെ ഞാൻ പ്രേമിച്ചിരുന്നു …
(ഓർക്കുക .. ഈ കഥാപാത്രങ്ങൾക്ക്, ജീവിച്ചിരുന്ന കുറെ ആളുകളുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികവും അല്ല, ഒരു മണ്ണാങ്കട്ടയും അല്ല.. എല്ലാം സത്യമാണ്, വിശ്വസിക്കൂ)
ഇത് പ്രേമബാധയല്ല, മുനീറിനെ പ്രിയക്ക് ഇനിയും മനസ്സിലായിട്ടില്ല. മണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുന്നതിന് എത്രയോ കാലം മുമ്പ് തീയിൽ നിന്നും അല്ലാഹു മുനീറിനെ സൃഷ്ടിച്ചു. മുനീറിന് മരണമില്ല, അവന് ചിറകുകൾ ഉണ്ട്, ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കരുതി ആശ്വസിക്കേണ്ട
ദേ ഇപ്പ്പോ ചോറുണ്ട് കൈ കഴുകിയതേ ഉള്ളു …. പയ്യൻസ് ഇവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നുണ്ട് .
Poinachi hostel പൊളിച്ചപ്പോൾ മുനീർ ഇപോൾ റോഡിൽ ആയിക്കാണും. പാവം…
Adipoli priya, munir fans evide verayum undu😃
Lovely Priya! I especially enjoyed your last paragraph where you talk about how you remember him now.
Super story….kurachu chathan eru chunnabu chodikkunathum koodi ulpeduthaam ayirunnu….
Nice one Priya. Oru nagavalli touch. Decemberil muneerine kanuvo entho
Good writing style, keep on writing