
“പ്രിയാ, പത്തൊൻപതാം വയസ്സിലാണ് ഞാൻ ആദ്യമായി ഒരാളെ കൊല്ലുന്നത് ” നിര്‍വികാരതയോടെ നിസ്സാരമായാണ് മിഗ്വേല്‍ ഇതു പറഞ്ഞത്. എന്നാല്‍ അവനറിയാതെ അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു, അതെന്നെ ഭയപ്പെടുത്തി.
കുറച്ച് നാളുകൾക്കു മുൻപ് ഹാർവാർഡിൽ എക്കണോമിക്സ് പഠിക്കാന്‍ എനിക്കൊരവസരം ലഭിച്ചു. അവിടെ വെച്ചാണ് ഞാൻ മിഗ്വേലിനെ പരിചയപ്പെടുന്നത്. കോവിഡിന്‍റെ ഏകാന്തതയില്‍ നിന്നും, വര്‍ക്ക് ഫ്രം ഹോമിന്‍റെ വിരസതയില്‍ നിന്നുമുള്ള രക്ഷപ്പെടലായിരുന്നു ലക്ഷ്യം. അതു നിറവേറി, “ക്ലാസിലെ ചേച്ചി” പട്ടം നന്നായി ഞാനാഘോഷിച്ചു. വിജയകരമായി പ്രോഗ്രാം തീര്‍ന്നു. ഹാർവാർഡിൽ നിന്നും മടങ്ങുന്നതിനു മുൻപ് ക്ലാസ്സിലെ എല്ലാവരും ഒത്തുചേർന്നൊരു ഡിന്നർ കഴിക്കാൻ ഞങൾ പദ്ധതിയിട്ടു. സ്വാഭാവികമായും സംഘടനാ ചുമതല ചേച്ചിയുടെതായിരുന്നു. ടൊസ്കാനോ, ഹാര്‍വാര്‍ഡ് സ്ക്വയറില്‍ തന്നെയുള്ള നല്ലൊരു ഇറ്റാലിയന്‍ റെസ്റ്റോറന്‍റാണ്. ഞങ്ങളല്ലാതെ, ഞങ്ങള്‍ “കുട്ടി”കളുമായി അടുത്തിടപഴുകിയിരുന്ന ചുരുക്കം ചിലരെ കൂടി ഡിന്നറിന് ക്ഷണിച്ചു. അക്കൂട്ടത്തില്‍ ഞങ്ങളുടെ ടീച്ചിങ് അസിസ്റ്റന്റ് ആയ മിഗ്വേലും ഉണ്ടായിരുന്നു.
ഡിന്നറിന് എല്ലാവരും വന്ന് കുറച്ച് കഴിഞ്ഞാണ് മിഗ്വേൽ എത്തുന്നത്. ആറടിയിൽ കൂടുതൽ ഉയരം, മെലിഞ്ഞു ഫിറ്റ് ആയ ശരീരം, കറുത്ത മുടി, ശാന്തതയും ആത്മവിശ്വാസവുമുള്ള നോട്ടം… കണ്ടാൽ ഇരുപത്തഞ്ചു വയസ്സ് . എന്നാൽ അവന്റെ ചിരി ആയിരുന്നു ആദ്യം എന്റെ മനസ്സിൽ പതിഞ്ഞത്. കുട്ടിത്തം വിടാത്ത നിറഞ്ഞ ചിരി. എന്റെ പതിനെട്ടു വയസുകാരൻ മകനെ എനിക്ക് ഓർമ്മ വന്നു.
എല്ലാവരും ഒന്നിച്ചു കൂടി വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങി. ഞാൻ മിഗ്വേലിലേക്ക് തിരിഞ്ഞു.
“മിഗ്വേൽ, എന്താണ് നിന്റെ കഥ? എന്നാണ് നീ ഈ ജോലി തിരഞ്ഞെടുത്തത്?”
അവൻ പറഞ്ഞു, “ഞാൻ ഒരു റിട്ടയർഡ് ആർമി സ്നൈപ്പർ ആണ്. രണ്ടു വട്ടം അഫ്ഗാനിസ്ഥാനിൽ ടൂർ ചെയ്തു. അതിനു ശേഷമാണ് ഇവിടെ പഠിക്കാനും, അതിനോടൊപ്പം പഠിപ്പിക്കാനും ചേർന്നത്.”
ഞെട്ടിയത് ഞാനാണ്. മുപ്പതു കഴിഞ്ഞിട്ടില്ലാത്ത ഇവൻ ഒരു സ്നൈപ്പർ?
മനഃപൂർവ്വമല്ലെങ്കിലും എന്റെ കണ്ണുകൾ അവന്റെ കൈകളിലേക്കനീങ്ങി. സുന്ദരമായ ഈ കൈകൾ ഒരു ഘാതകന്റെയോ? മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു.
കൈകളിലെ ആ ചുവപ്പു നിറം, രക്തം തന്നെയോ?
ഏത്ര ജീവനുകളാണ് നീ എടുത്തത് ?
ഓരോ ജീവനും എടുക്കുമ്പോൾ നീ അവരുടെ മുഖത്തു നോക്കിയിരുന്നോ ?
അവസാനമായി അവർ കണ്ടത് നിന്റെ മുഖം ആയിരുന്നോ ?
നിന്റെ കൈകൾ വിറച്ചുവോ, ഒരിക്കലെങ്കിലും ?
ഡിന്നറിന് ശേഷം ഞങൾ കൂടെ ഹോട്ടലിലേക്ക് നടന്നു… എന്റെ പ്രത്യക്ഷമായ അസ്വസ്ഥത കണ്ടിട്ടാകാം, അവൻ അധികം നിര്ബന്ധിക്കാതെ തന്നെ അവന്റെ കഥകൾ പറഞ്ഞു.
നാലാം വയസിൽ ക്യൂബയിൽ നിന്നും ഒരഭയാർത്ഥിയായിട്ടാണ് അവൻ അമേരിക്കയിലേക്ക് വന്നത്. അച്ഛനും അമ്മയും അവൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു- കാസ്ട്രോയുടെ ക്യൂബയുടെ പട്ടിണിയുടെ ഇരകൾ. അമ്മാവന്റെ കൂടെ, ഒരു മെച്ചപ്പെട്ട ജീവിതത്തിനായി റാഫ്റ്റിൽ മിയാമി തീരത്ത് രാത്രിയിൽ വന്നിറങ്ങുമ്പോൾ ഒരു ചെറിയ സഞ്ചി മാത്രമാണ് അവനു സ്വന്തമായി ഉണ്ടായിരുന്നത്. അന്ന് അവരുടെ ചെറു വഞ്ചി വല്ലാതെ ഉലച്ചു മറിച്ച ഭീകരമായ തിരമാലകളെ അവൻ ഇപ്പൊഴും ഓർക്കുന്നു. ഇന്നും അവൻ തിരകളെയും കടലിനെയും ഭയപ്പെടുന്നു. മിയാമിയിലെ “Little Havana” യിൽ അവൻ മറ്റു അഭയാർത്ഥികളുടെ കൂടെ വളർന്ന്, വളരെ കുറച്ചു നാളുകൾക്കുള്ളിൽ റാപ്പും, പോപ്പും ഇഷ്ടപ്പെടുന്ന മറ്റൊരു അമേരിക്കൻ പൗരനായി മാറി.
“നിങ്ങൾക്കറിയുമോ, ഈ രാജ്യമാണ് എനിക്കെല്ലാം നൽകിയത്”
“പക്ഷേ എങ്ങിനെ ആണ് നീ ഇത്രയും ഭയാനകമായ ഒരു തൊഴിൽ തിരഞ്ഞെടുത്തത്?” ഞാൻ വീണ്ടും ചോദിച്ചു.
“പതിനെട്ടാം വയസിലാണ് ഞാൻ എൻലിസ്റ് ചെയ്തത്. സ്നൈപ്പർ ആകുക എന്നത് ഞാൻ തിരഞ്ഞെടുത്ത പാത അല്ലായിരുന്നു. ഏതൊരു പട്ടാളക്കാരനെയും പോലെ ഞാൻ എന്റെ മേലധികാരികളുടെ ഉത്തരവ് പിന്തുടരുക മാത്രമാണ് ചെയ്തത്. സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വേർപെട്ട് ആരോരുമില്ലാതെ ജീവിതം കെട്ടിപ്പടുക്കുന്ന എന്നെ പോലുള്ള അനാഥർക്ക് മറ്റാർക്കും ഉള്ളതിലും വളരെ അധികം ശക്തിയും ധൃഢനിശ്ചയവും ഉണ്ട് – മറ്റൊരാളുടെ ദയ കൊണ്ട് കിട്ടുന്ന ഒരു നേരത്തെ ഭക്ഷണമോ ഉടു തുണിയോ നാളെയും എനിക്കുണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. ആഹാരത്തിനായി, കരുണയുടെ ഒരു കരത്തിനായി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് കഴിയും. എന്റെ നിശ്ചയദാർഢ്യവും, ക്ഷമയും, കൃത്യമായ ഉന്നവും മേലധികാരികളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ, എന്നെ അവർ സ്നൈപ്പർ ട്രെയിനിംഗിന് തിരഞ്ഞെടുക്കുക ആയിരുന്നു”
“ആദ്യമായി ഒരു ജീവൻ എടുക്കുമ്പോൾ നിനക്ക് ഒന്നും തോന്നിയില്ലേ?” ഞാൻ വീണ്ടും.
“എന്റെ ആദ്യ അഫ്ഗാനിസ്ഥാൻ ടൂറ് ആയിരുന്നു അത് ” ആനയുടെയും ഒട്ടകത്തിന്റെയും കഥ പറയുന്ന ലാഘവത്തോടെ അവൻ തുടർന്നു.
“മധ്യവയസ്കനായ ഒരാൾ ഞങ്ങളുടെ സൈനികരുടെ ഇടയിലേക്ക് ഒരു മോപഡിൽ പാഞ്ഞുവന്നു. വണ്ടി നിർത്താതെ തന്നെ എന്തോ ഒന്ന് അവരുടെ ഇടയിലേക്കെറിയാൻ ശ്രമിച്ചു . ഞാൻ ഇരുന്നൂറ് അടി അകലത്തിൽ നിന്നാണ് അവനു നേരെ നിറ ഒഴിച്ചത്, എന്റെ കൈകൾ വിറച്ചില്ല പക്ഷെ അന്ന് ഞാൻ ഉറങ്ങിയത് ആർത്തിരമ്പുന്ന കറുത്ത കടലും തിരമാലകളും സ്വപ്നം കണ്ടാണ് ”
“പ്രിയാ , നിങ്ങൾക്കറിയുമോ… വെടിയുണ്ട ഒരു മനുഷ്യന്റെ ഹൃദയത്തിൽ തറയുമ്പോൾ അവർ അത് ആദ്യം അറിയുന്നില്ല. വെടി വെക്കുന്ന ഞാനും. ആ വെടിയുണ്ട ഹൃദയത്തെ തുളച്ചു പുറത്തേക്കു പോകും, അപ്പോൾ ചുവന്ന രക്തം പുറകിലേക്ക് ചീറ്റും, ഒരു ഫാനിലേക്ക് ചുവന്ന നിറമുള്ള ചായം ഒഴിക്കുന്ന പോലെ, അത് ചീറ്റി തെറിക്കും…”അവന്റെ കണ്ണുകൾ തിളങ്ങി.
ചെറുപ്പത്തിൽ കേട്ട ഒരു ബൈബിൾ കഥ എനിക്ക് ഓർമ്മ വന്നു.
മരണപ്പെട്ട ആത്മാക്കളെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ തുലാസിൽ തൂക്കി, നന്മ തിന്മകൾക്കനുസൃതമായി ന്യായ വിധി നടത്തുന്ന മരണദൂതനായ മിഖായേൽ – സ്വർഗീയ സൈന്യങ്ങളുടെ നേതാവായി സാത്താനുമായി യുദ്ധം നയിക്കുന്ന ദൈവത്തിന്റെ പ്രീയപ്പെട്ട മാലാഘ !
“മിഗ്വേൽ, നിന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ നീ മറ്റേതെങ്കിലും ജോലി തിരഞ്ഞെടുക്കില്ലേ?” ഞാൻ തെല്ലറപ്പോടെ ചോദിച്ചു.
“ഒരു ജീവൻ എടുക്കുന്ന തൊഴിലിൽ എന്ത് അഭിമാനമാണ്?”
“ജീവൻ എടുക്കുന്ന ഒരു നിമിഷം ഞാൻ ഒരു ദൈവമായി മാറുന്നു. ആയിരക്കണക്കിന് അമ്മമാരും അച്ഛന്മാരും സമാധാനമായി ഉറങ്ങുന്നത് എന്റെ തോക്കിന്റെ നിഴലിലാണ്. എനിക്ക് എന്തുകൊണ്ട് അഭിമാനിച്ചു കൂടാ? യുദ്ധങ്ങൾ ഉള്ളിടത്തോളം മരണങ്ങളും ഉണ്ട്… മനുഷ്യർ ഉള്ളിടത്തോളം യുദ്ധങ്ങൾ ഉണ്ടാകും. ഞാൻ അത് ചെയ്തില്ലെങ്കിൽ മറ്റാരോ ചെയ്യും.”
എത്ര സങ്കീർണ്ണമായ തത്വചിന്ത. അച്ഛന്റെയും അമ്മയുടെയും ചൂടിൽ കഴിയേണ്ട ഒരു പതിനെട്ടുകാരനെ തോക്കും ഗ്രനേഡുമായി യുദ്ധക്കളത്തിലേക്കു തള്ളിവിടുന്ന രക്ത ദാഹിയായ നമ്മുടെ സമൂഹം.
“ആഞ്ഞടിക്കുന്ന തിരമാലകളിൽ പെടുമ്പോൾ നീന്തിയില്ലെങ്കിൽ ഞാൻ മുങ്ങി താഴും. അതിന് അനുവദിച്ചു കൂടാ ..എനിക്ക് നീന്തിയെ പറ്റൂ” അവൻ അപ്പോൾ യുദ്ധത്തിനെ കുറിച്ച് തന്നെ ആണോ പറയുന്നത് എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.
ഞങൾ വളരെ വൈകിയാണ് പിരിഞ്ഞത്. ഇരുട്ടിലേക്ക് മറയുന്ന അവനെ നോക്കി ഞാൻ നിന്നു – പത്തൊൻപത് വയസ്സുള്ള കൊലയാളി.
അടുത്ത ദിവസം ചിക്കാഗോയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പാതിരാ കഴിഞ്ഞു . രാത്രി മുഴുവൻ ‘Call of Duty’ കളിച്ചു സുഖമായി ഉറങ്ങുന്ന എന്റെ മകൻ. പ്രോം പാർട്ടിയും ഡാൻസും കഴിഞ്ഞു തളർന്നു ഉറങ്ങുന്ന മകൾ. മിഗ്വേലിന്റെ രക്തക്കറയുള്ള ചുവന്ന കൈകളുടെ സുരക്ഷിതത്വത്തിൽ അന്ന് ഞാനും ഉറങ്ങി.
കൈവിട്ടുപോയ അമ്മയെ വിളിച്ച് കരഞ്ഞു നടക്കുന്ന മാലാഘ കുഞ്ഞുങ്ങൾ എൻ്റെ ദുഃസ്സ്വപ്നങ്ങളുടെ ഭാഗമാകാൻ തുടങ്ങിയത് അന്നു മുതലാണ്.
Good one
Good one
Priya… Loved it👌
👏
bau92n
You are a very clever person!
I just could not depart your site prior to suggesting that I really enjoyed the standard information a person provide on your visitors? Is gonna be again often to investigate cross-check new posts