എന്‍റെ പ്രിയതമ വിൽസ്മോൾക്ക്

എന്‍റെ പ്രിയതമ വിൽസ്മോൾക്ക്,

നിന്നെയോര്‍ത്തെപ്പോഴും പ്രേമപരവശനായി ഞാന്‍   പുലരികളില്‍ ഇളം കാറ്റായെത്തി നീയെന്നെയുണര്‍ത്തുന്നു  ഉണരുമ്പോഴാദ്യം വിടരുന്നതു നിന്നെക്കുറിച്ചുള്ള ചിന്തകള്‍ 

ഞാന്‍ നിന്നിലേക്ക്‌ പകർന്ന ചൂടേറ്റു നീയും വിടരുന്നു നിന്‍റെ ചുടുചുംബനമില്ലാതെ തുടങ്ങുന്നില്ലൊരു ദിനവും നിന്‍റെ ചുംബനത്തിന്‍റെ ചൂടേറ്റ് എന്‍റെ ചായ തിളക്കുന്നു   

നിന്‍റെ നനുത്ത വിരല്‍സ്പര്‍ശം എന്നെ പുളകിതനാക്കുന്നു നിന്‍റെ നിശ്വാസങ്ങള്‍ എന്നിലേക്കെടുക്കുന്നു, സ്നേഹം ചോരാതെ നീയെന്നെ വിടാതെ പിന്തുടരുന്നു, അതോ ഞാന്‍ നിന്നെയോ!

ആവശ്യമുള്ളപ്പോഴെല്ലാം എനിക്കൊപ്പം നീയുണ്ടായിരുന്നു നിന്‍റെ സാന്നിധ്യം ലോകത്തെ മൃദുവാക്കുന്നു, മഞ്ഞു പെയ്യുന്നു നിന്‍റെ ശ്വാസത്തില്‍ എന്‍റെ ആത്മാവ് പുനർജ്ജനി നേടുന്നു

മഹാ പ്രണയചരിതങ്ങള്‍ പാടിനടക്കുന്ന കപടലോകം!

അവര്‍ പറയുന്നു, ഞാന്‍ നിന്നെ ഉപേക്ഷിക്കണമെന്നു ലോകം എന്തും പറയട്ടെ, നീയില്ലാതെ ഞാനില്ല ഞാനില്ലാതെ നീയും, എന്നിലെരിഞ്ഞു തീരേണ്ടവള്‍ നീ 

ചുംബിക്കുമ്പോള്‍ നമ്മുക്കിടയില്‍ തീയെരിയുന്നു ആ തീ ചക്രവാളത്തെ ചുമപ്പിക്കുന്നു, നീയില്ലാതെന്ത് സന്ധ്യ! 

സൂര്യന് പോകാന്‍ സമയമായി, ഞാനും കാത്തിരിക്കുകയാണ് നിന്‍റെ തലോടലുകളേറ്റ് എന്നില്‍ വിരിയുന്ന പൂവിനേയും കാത്ത്  

സസ്നേഹം 

റോഷൂ