അന്നൊരു ട്രെയിൻ യാത്രക്കിടെ

By Sreepa K.P, CSE

സുഹൃത്തേ,

അന്നൊരു ട്രെയിൻ യാത്രക്കിടെ…..

അടുത്ത സ്റ്റേഷനിൽ നിന്നും കയറിയ ചിലർ പെട്ടെന്ന് കിടന്നുറങ്ങാൻ തിടുക്കം കൂട്ടി. നമുക്ക് വൈകുന്നേരം കഴിഞ്ഞ് രാത്രിയായി തുടങ്ങുന്നതേയുള്ളൂ എന്ന് അവർക്കറിയില്ലല്ലോ. നിയമവും ന്യായവും പറഞ്ഞു നിന്നാൽ എങ്ങും എത്തില്ല. മിണ്ടാതെ ഉരിയാടാതെ കിടന്നുറങ്ങാൻ തന്നെ തീരുമാനിച്ചു. അവരുടേത് മിഡിൽ ബർത്ത് ആയതിനാൽ ഞാനും വേഗം ഷീറ്റ് വിരിച്ച് കിടന്നു . അല്ലാതെ അവരുടെ ബർത്ത് നിവർത്തി കിടക്കാൻ പറ്റില്ലല്ലോ. ഉറങ്ങിയേ തീരൂ എന്ന് വിചാരിച്ചു കിടന്നിട്ടോ എന്തോ, നിദ്രാദേവി തീരെ കടാക്ഷിക്കുന്നില്ല. സൈഡ് ബെർത്തിലേക്ക് എത്തിനോക്കി. അവിടം കാലിയാണ്. അവിടെ പോയി ഇരുന്നാലോ എന്ന് ആദ്യം ചിന്തിച്ചു പോയി. ആ സീറ്റിന്റെ ഉടമസ്ഥർ വരുമ്പോൾ പിന്നെ അതൊരു മുഷിച്ചിലിന് കാരണമാകും. വേണ്ട അടങ്ങി ഒതുങ്ങി ഇവിടെ തന്നെ കിടക്കാം. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. അതിനുപോലും ആവശ്യത്തിനു സ്ഥലമില്ലല്ലോ സീറ്റിൽ. ഏറെ ശ്വാസംമുട്ടി കിടക്കുമ്പോൾ അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിൽക്കുന്നതും ആരൊക്കെയോ സീറ്റ് തപ്പി നടക്കുന്നതും പെട്ടികൾ സീറ്റിനടിയിലേക്ക് നിരക്കുന്നതും ആരോ വന്ന് സൈഡ് സീറ്റ്നിവർത്തിയിട്ട് അതിലേക്ക് ഇരിക്കുന്നതും ഒക്കെ അറിഞ്ഞു. തലവഴി ഇട്ട പുതപ്പ് മാറ്റാൻ പോയില്ല. കുറച്ചു കഴിഞ്ഞാൽ ബഹളങ്ങൾ ഒക്കെ ഒതുങ്ങി കൊള്ളും.

എത്രയൊക്കെ ശ്രമിച്ചിട്ടും ഓർമ്മകൾ തിരക്കി തള്ളിക്കയറി മൂക്കിലൂടെയും കണ്ണിലൂടെയും പുറത്ത് ചാടി തുടങ്ങി. അടക്കാൻ ശ്രമിക്കുന്തോറും അവയെല്ലാം പൂർവാധികം ശക്തിയോടെ പുറത്തേക്ക് തള്ളി വരുന്നു. അവസാനം ചുമ വന്നു തുടങ്ങി. തല ഒന്ന് നിവർത്തി ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ. ചുമച്ചാൽ മുകളിലെയും ചുറ്റുമുള്ളവരുടെയും ഉറക്കം തടസ്സപ്പെടുമോ എന്നുള്ള പേടിയിൽ ചുമ അടക്കിപ്പിടിച്ചപ്പോൾ ശ്വാസം കിട്ടാത്ത പോലെയായി. കണ്ണുകളും എന്നെ ചതിച്ചു കളഞ്ഞു. എത്തി വലിഞ്ഞ് സൈഡ് സീറ്റിലേക്ക് നോക്കിയപ്പോൾ അവിടെ ആരോ ഇരിപ്പുണ്ട്. ആമ പുറത്തിട്ട തല അകത്തേക്ക് വലിക്കുന്നതുപോലെ ഞാനും തല വലിച്ചു. കുപ്പിയിൽ നിന്ന് ഇത്തിരി വെള്ളം എടുത്ത്കുടിക്കാൻ ശ്രമിച്ചു. കുപ്പി മുകളിലെ ബർത്തിൽ തട്ടി വെള്ളം തുളുമ്പി മൂക്കിലേക്കും കഴുത്തിലേക്ക് ഒക്കെ കമിഴ്ന്നു.
അപ്പുറത്തിരിക്കുന്ന ആൾ തീർച്ചയായും ഈ സർക്കസ് ഒക്കെ കണ്ടു കാണും. ചുമ സഹിക്കാൻ വയ്യാതെ വീണ്ടും തല പുറത്തേക്കിട്ടു. സഹതാപത്തോടെ സൈഡ് സീറ്റിൽ ഇരുന്ന ആൾ ഇവിടേക്ക് ഇരുന്നോളു എന്ന് ആംഗ്യം കാണിച്ചു . നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റ് സൈഡ് സീറ്റിൽ പോയി ഇരുന്നു. അല്പസമയത്തെ ചുമയ്ക്കും ദീർഘനിശ്വാസത്തിനും ശേഷം അല്പം ആശ്വാസം കിട്ടി. With your permission , ഞാൻ പോവുകയാണ് എന്നൊരു നോട്ടത്തോടെ ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചു. “ഉറക്കം വരുന്നില്ലെങ്കിൽ പിന്നെ ഇത്ര കഷ്ടപ്പെട്ട് കിടക്കുന്നതെന്തിന്? നിങ്ങൾ അവിടെ അല്പം നേരം കൂടി ഇരുന്നോളൂ. ഞാൻ എന്തായാലും ഇപ്പോൾ കിടക്കുന്നില്ല” അയാൾ പറഞ്ഞു.
വീണ്ടും ആ ഗുഹയിലേക്ക് പോകാൻ എനിക്കും വിഷമം തോന്നി. എന്തായാലും ഇത്തിരി നേരം കൂടി ഇരുന്നു തള്ളിനീക്കാൻ ഞാൻ തീരുമാനിച്ചു.

“ഇത്ര മനോഹരമായ രാത്രി ഉറങ്ങി തീർക്കുന്ന ഇവരൊക്കെ സത്യത്തിൽ മണ്ടന്മാരാണ് അല്ലേ?” പകുതി ആത്മഗതമായും പകുതി എന്നോടായും അയാൾ പറഞ്ഞു. “നിങ്ങൾ കവിയാണോ?” ഞാൻ അറിയാതെ ചോദിച്ചു പോയി. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ചുണ്ടുകളുടെ കോണിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നത് ഞാൻ വ്യക്തമായും കണ്ടു. അയാളുടെ നോട്ടത്തെ പിന്തുടർന്ന് ഞാനും പുറത്തേക്ക് നോക്കി. അപ്പോൾ കണ്ട മനോഹരമായ കാഴ്ച!! നീണ്ടുകിടക്കുന്ന പാടശേഖരങ്ങളുടെ അറ്റത്ത് നിറഞ്ഞുനിൽക്കുന്ന വൃക്ഷത്തലപ്പുകൾക്ക് മുകളിലൂടെ വലിയ, സുന്ദരനായ, പൂർണ്ണചന്ദ്രൻ നമ്മോടൊപ്പം പോരുന്നു. തിളക്കം ഏറിയ ചന്ദ്രൻ ഇരുണ്ട പശ്ചാത്തലത്തിൽ ഒരു പെയിൻറിങ് പോലെ തോന്നിച്ചു. ഈ കാഴ്ച കാണുന്ന മാത്രയിൽ ആരായാലും കവിയായിപ്പോകും!! “ചുക്കിന്റെയും ഗെക്കിൻ്റെയും തൈഗയിലേക്കുള്ള യാത്ര ഓർമ്മവരുന്നു…” ആ മനോഹാരിത കണ്ടു ഞാൻ അറിയാതെ പറഞ്ഞു പോയി! “അതെ! മഞ്ഞണിഞ്ഞ നീലമലകൾക്കിടയിലൂടെ ഓടുന്ന ആ വലിയ ചന്ദ്രബിംബം!!” അയാൾ മറുപടി പറഞ്ഞു. “അപ്പോൾ നമ്മൾ ഒരേ era of manufacture ആണെന്ന് തോന്നുന്നു അല്ലേ ?” എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ തുടങ്ങിയ സംഭാഷണം ലോകത്തിലുള്ള എന്തൊക്കെ വിഷയങ്ങളിലൂടെ കടന്നുപോയി എന്നറിയില്ല. ഈ ആകാശത്തിനു കീഴിലുള്ള, അല്ലല്ല, അതിനും അപ്പുറമുള്ള, എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ഞങ്ങൾ വാതോരാതെ സംസാരിച്ചു. അപരിചിതരോട് സംസാരിക്കാൻ പിശുക്ക് കാണിച്ചിരുന്ന ഞാൻ അന്ന് മടിയില്ലാതെ എൻറെ ഉള്ളിലുള്ള ചിന്തകൾ പങ്കുവെച്ചു. തെറ്റെന്നു പറഞ്ഞ് അവയൊന്നും ഒരിക്കലും തിരുത്തപ്പെട്ടില്ല. പക്ഷേ, അതിനേക്കാൾ വലിയ ശരി പലതിലും ഉണ്ടെന്ന് അന്ന് എനിക്ക് മനസ്സിലായി. ഖണ്ഡിക്കുകയോ തിരുത്തുകയോ ചെയ്യാതെ നമ്മളെ ശരിയെന്തെന്ന് മനസ്സിലാക്കിത്തരുന്ന അദ്ദേഹത്തിൻറെ കഴിവ് സമ്മതിക്കണം! ശരികളിൽ ആരുടെ ശരിയാണ് കൂടുതൽ ശരി എന്നാലോചിച്ച് മനസ്സ് കലുഷിതമാക്കാൻ ഒരിക്കൽ പോലും അദ്ദേഹം സമ്മതിച്ചില്ല. നമ്മൾ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കിയാൽ അത് അംഗീകരിക്കാനും മടിച്ചില്ല. സ്വപ്നങ്ങളെക്കുറിച്ച്, സ്വപ്നങ്ങളിലേക്കുള്ള വഴികളെക്കുറിച്ച് , ആകാശവും ഭൂമിയും പാതാളവും അടക്കമുള്ള ലോകത്തെക്കുറിച്ച്, കല്ലും കക്കയും ചിപ്പിയും മാത്രമല്ല ലോക ഗോളങ്ങളെ കുറിച്ച് വരെ, സന്താപവും സന്തോഷവും സ്നേഹവും കോപവും അവജ്ഞയും കരുതലും അടക്കമുള്ള മനുഷ്യസ്വഭാവങ്ങളെക്കുറിച്ച്, ശാസ്ത്രങ്ങൾ മുതൽ കലയും സാഹിത്യവും വരെ എന്തും ഏതും സംഭാഷണങ്ങളിൽ വിഷയങ്ങളായി മാറിമാറി വന്നു. നമ്മളെ സ്വന്തം സ്പേസിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിക്കാതെ, നമ്മളുടെ സ്പേസിലേക്ക് ഇടിച്ചു കയറാതെ, എപ്പോഴും നമ്മളെ ഒരു കംഫർട്ടബിൾ ബബിൾ സോണിലേക്ക് നിർത്തിക്കൊണ്ട്, അടുപ്പം ചോരാതെ… അകലം തീണ്ടാതെ….

എൻറെ കണ്ണുകളിൽ ഉറക്കം എത്തിനോക്കി തുടങ്ങി എന്ന് മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു: “ഇനി ഞാൻ ഇത്തിരി നേരം കിടക്കട്ടെ. അല്പം ഉറങ്ങിയില്ലെങ്കിൽ നാളത്തെ ദിവസം ഉഷാറില്ലാതാവും”. പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞ് ഞങ്ങൾക്ക് കിടന്നു. ഒരു ചെറുപുഞ്ചിരി ചൂണ്ടിൽ തത്തി കളിച്ചുകൊണ്ട് നിമിഷനേരങ്ങൾക്കകം ഞാൻ ഉറങ്ങിപ്പോയി. ഏറെ നാളുകൾക്ക് ശേഷം, സങ്കടത്തിന്റെയോ ആശങ്കയുടെയോ അരക്ഷിതാവസ്ഥയുടെയോ ലാഞ്ഛന പോലും ഇല്ലാതെ, തള്ളിക്കയറുന്ന ഓർമ്മകൾ ഇല്ലാതെ, കണ്ണീരിന്റെ അകമ്പടിയില്ലാതെ…

പെട്ടെന്ന് ട്രെയിൻ ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടാണ് ഉണർന്ന് സൈഡ് സീറ്റിലേക്ക് നോക്കിയത്. അവിടം ശൂന്യമായിരുന്നു! ഒരു വാക്കുപോലും മിണ്ടാതെ പോയിക്കളഞ്ഞുവോ? ഒരല്പം പിണക്കം എൻറെ മുഖത്ത് പടർന്നു എന്നെനിക്ക് ഉറപ്പായിരുന്നു. കണ്ണുകൾ മുന്നോട്ട് നീണ്ടപ്പോൾ അതാ നിൽക്കുന്നു വാതിൽക്കൽ! Backpack പുറത്ത് തൂക്കി!! “ശരി എന്നാൽ!” എന്നൊരു ഭാവത്തോടെ തല അല്പം ഒന്ന് അനക്കി യാത്ര പറഞ്ഞു. ഒരു ചെറു ചിരി എന്തിനോ എൻറെ മുഖത്തും വിടർന്നു. അതേ കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി. അദ്ദേഹം പോയത് അറിയാതെ. ട്രെയിൻ വീണ്ടും യാത്ര തുടർന്നത് അറിയാതെ. പിന്നീട് കൺ തുറന്നത് നേരം നന്നായി വെളുത്തതിനുശേഷം ആണ്. മുകളിൽ കിടന്നവരും എപ്പോഴോ ഇറങ്ങി പോയിരിക്കുന്നു.
എന്നത്തേക്കാളും ഫ്രഷ് ആയി അന്ന് ഞാൻ എഴുന്നേറ്റു. പോയി മുഖം കഴുകി ഫ്രഷായി വന്നു. ചായ്‌വാലയുടെ കയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചു. ഒരു പുതിയ പുലരിയെ, ഒരു പുതിയ അനുഭവത്തെ കണ്ടു ഞാൻ കാത്തിരുന്നു, എൻറെ ഊഴം അടുക്കാൻ ആയി.

എൻറെ അജ്ഞാതനായ സുഹൃത്തേ, അത് നിങ്ങൾ ആയിരുന്നു!

യാതൊരു പേഴ്സണൽ ഇൻഫർമേഷനും പരസ്പരം പങ്കുവെക്കാതെ, നാം തമ്മിൽ ആരെന്നോ എന്തെന്നോ എവിടെയെന്നോ അറിയാതെ, ഒരു രാത്രികൊണ്ട് ഒരു യുഗം നമ്മൾ ചെലവഴിച്ചു. ഫോൺ നമ്പർ കൈമാറിയില്ല, പേരുപോലും പരസ്പരം ചോദിച്ചില്ല, ഇനിയും കാണണം എന്ന് സുരേഷ് ഗോപിയെ പോലെ ഭീഷണിപ്പെടുത്തിയില്ല, ഇനിയും കാണാമെന്ന് വാഗ്ദാനമോ പ്രതീക്ഷിയോ നൽകിയില്ല. എങ്കിലും എൻറെ അജ്ഞാതനായ, ആരാധ്യനായ സുഹൃത്തേ, ആ ഓർമ്മകൾ ഇന്നെനിക്ക് ഏറെ പ്രിയങ്കരം!!!

15 Comments

  1. നന്നായിട്ടുണ്ട്. അങ്ങനത്തെ ഒരു യാത്രയിൽ കൂടെ പോയത് പോലെ

  2. “ചുക്കിന്റെയും ഗെക്കിൻ്റെയും തൈഗയിലേക്കുള്ള യാത്ര” അതു സൂപ്പർ ആയിട്ടുണ്ട്. ചുക്കിന് സന്തോഷമുള്ളപ്പോൾ ലോകത്തെ മുഴുവൻ ആൾക്കാരും സന്തോഷിക്കുന്നു എന്ന് അവൻ വിശ്വസിച്ചു. ഗെക്കിന് ആ വിധ ചിന്തയൊന്നുമില്ല പക്ഷെ അവൻ നന്നായി പാടും.

  3. കഥയിലേക്ക് നമ്മളെയും കൂട്ടികൊണ്ടു പോകാനുള്ള ത്രെഡ് ഉണ്ട്… ഇനിയും എഴുതുക

Comments are closed.